മതനിരപേക്ഷ കക്ഷികളുമായി വിശാല സഖ്യം
Mail This Article
ചെന്നൈ ∙ എല്ലാ സംസ്ഥാനങ്ങളിലും വേരോട്ടമുള്ള കോൺഗ്രസിനെ മാറ്റിനിർത്തി മതനിരപേക്ഷ സഖ്യം സാധ്യമല്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഭരണഘടന സംരക്ഷിക്കാൻ ബാധ്യസ്ഥരായവരിൽ നിന്ന് തന്നെ വെല്ലുവിളി നേരിടുന്ന സാഹചര്യമാണ് ഇന്നുള്ളത്. മതത്തിന്റെ പേരിൽ നിരപരാധികൾ കൊല്ലപ്പെടുന്നു. പ്രതിപക്ഷ ഐക്യം യാഥാർഥ്യമാക്കാൻ സ്വന്തം താൽപര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ പാർട്ടികൾ തയാറാകണമെന്നും പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. 15 സംസ്ഥാനങ്ങളിൽ നിന്ന് രണ്ടായിരത്തിലേറെ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.
മതനിരപേക്ഷ കക്ഷികളുമായി വിശാല സഖ്യം രൂപീകരിച്ച് ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ പറയുന്നു. ബിജെപിക്കെതിരെ തമിഴ്നാട് മാതൃകയിലുള്ള സഖ്യമാണ് ഉയർത്തിക്കാട്ടുന്നത്.
വിവിധ കക്ഷികളുമായുള്ള ചർച്ചകൾക്കു നേതൃത്വം നൽകാൻ പാർലമെന്ററി ബോർഡ‍് രൂപീകരിക്കും. അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയാണു പ്രമേയം അവതരിപ്പിച്ചത്.
നവംബറിൽ മതനിരപേക്ഷ പാർട്ടികളുടെ നേതാക്കളെ അണിനിരത്തി ഡൽഹിയിൽ മഹാസമ്മേളനം സംഘടിപ്പിക്കുന്നതിനൊപ്പം സംസ്ഥാന തലസ്ഥാനങ്ങളിലും സമ്മേളനങ്ങൾ സംഘടിപ്പിക്കും. ഡൽഹിയിൽ ആസ്ഥാന മന്ദിരം നിർമിക്കുമെന്ന പ്രഖ്യാപനവും നടത്തി.
പ്രസിഡന്റ് കെ.എം.ഖാദർ മൊയ്തീൻ, ഓർഗനൈസിങ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ, ട്രഷറർ പി.വി.അബ്ദുൽ വഹാബ് തുടങ്ങിയവർ പ്രസംഗിച്ചു.
പാർട്ടി രൂപീകരണ യോഗത്തിന്റെ സ്മരണ പുതുക്കിയാണ് ഇന്നത്തെ പരിപാടികൾക്കു തുടക്കം. പാർട്ടി സ്ഥാപകൻ ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായീലിന്റെ കബറിടത്തിൽ രാവിലെ നേതാക്കളും പ്രവർത്തകരും പ്രാർഥന നടത്തും. തുടർന്ന് ചരിത്ര സമ്മേളനത്തിനായി, പാർട്ടി പിറന്ന രാജാജി ഹാളിലേക്ക്. 75 വർഷം മുൻപ് മുസ്‍ലിം ലീഗിനു രൂപം നൽകാൻ പൂർവികർ ഇരുന്ന അതേ വേദിയിൽ ചരിത്ര പുനരാവിഷ്കരണ യോഗം. അഭിമാനകരമായ അസ്തിത്വമെന്ന സ്ഥാപക നേതാക്കളുടെ ലക്ഷ്യം പൂർത്തീകരിച്ചുവെന്ന പ്രഖ്യാപനത്തിനൊപ്പം, ഭരണഘടനയിലുറച്ച് നിന്ന് പാർട്ടി ആശയങ്ങളുമായി മുന്നോട്ടുപോകുമെന്നു പ്രതിനിധികൾ പ്രതിജ്ഞ ചൊല്ലും. 9 ഭാഷകളിലാണു പ്രതിജ്ഞ. ഹാളിലെ സ്ഥല പരിമിതി കാരണം തിരഞ്ഞെടുക്കപ്പെട്ട 400 പ്രതിനിധികൾ മാത്രമാണു യോഗത്തിൽ പങ്കെടുക്കുക.
തുടർന്ന് കൊട്ടിവാക്കം വൈഎംസിഎ മൈതാനത്ത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉദ്ഘാടനം ചെയ്യുന്ന പൊതുസമ്മേളനത്തിൽ ഒരു ലക്ഷം പേർ പങ്കെടുക്കും.
English Summary: Apart from congress a secular alliance is not possible- muslim league