ഭ്രമണപഥത്തിൽ വീണ്ടും ഇന്ത്യൻ ‘വാണിജ്യ’ വിജയം
Mail This Article
പരിധിക്കു പുറത്താകാൻ ഭൂമിയെ അനുവദിക്കാതെ ഒറ്റ വലയ്ക്കുള്ളിലാക്കി വൺ വെബ്. കരുത്തുറ്റ എൽവിഎം3 എം3 റോക്കറ്റിൽ 36 ഉപഗ്രഹങ്ങളെക്കൂടി ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് (എൻഎസ്ഐഎൽ) ഭ്രമണപഥത്തിൽ വിജയകരമായി എത്തിച്ചതോടെ ‘ലോകമാകെ ഉപഗ്രഹ ഇന്റർനെറ്റ്’ എന്ന തങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള അവസാന കടമ്പ കടന്നതായി ലണ്ടൻ ആസ്ഥാനമായുള്ള കമ്പനിയായ വൺവെബ് അറിയിച്ചു. എയർടെല്ലിന്റെ ഉടമകളായ ഭാരതി എന്റർപ്രൈസസിനാണ് വൺവെബിൽ ഏറ്റവും കൂടുതൽ ഓഹരി.
രാവിലെ 9നു സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്നു കുതിച്ചുയർന്ന എൽവിഎം3 ഒൻപതു മിനിറ്റു കൊണ്ട് 450 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തി. 20–ാം മിനിറ്റിൽ ആദ്യ സെറ്റിലുള്ള 4 ഉപഗ്രഹങ്ങൾ വേർപെടുത്തി ഭ്രമണപഥത്തിൽ എത്തിച്ചു. 9 ഘട്ടങ്ങളിലായി ഒരു മണിക്കൂറും 14 മിനിറ്റും കൊണ്ട് 36 ഉപഗ്രഹങ്ങളെയും വേർപെടുത്തി. തുടർന്ന് എല്ലാ ഉപഗ്രഹങ്ങളിൽനിന്നും സിഗ്നൽ ലഭിക്കുന്നെന്ന് ഉറപ്പാക്കി.
ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഇസ്‌റോ) വാണിജ്യ സ്ഥാപനമായ എൻഎസ്ഐഎലുമായുള്ള സഹകരണത്തിൽ ഇതോടെ 2 വിക്ഷേപണങ്ങളിലായി 72 ഉപഗ്രഹങ്ങളാണു വൺവെബ് താഴ്ന്ന ഭ്രമണപഥത്തിൽ എത്തിച്ചത്. ആഗോളതലത്തിൽ ഇതുവരെ 18 വിക്ഷേപണങ്ങളിലായി 618 ഉപഗ്രഹങ്ങൾ വൺവെബ് എത്തിച്ചിട്ടുണ്ട്. തങ്ങളുടെ ലക്ഷ്യത്തിനായി 588 ഉപഗ്രഹങ്ങൾ മതിയെന്നും അടിയന്തര സാഹചര്യങ്ങൾക്കായാണു 30 ഉപഗ്രഹങ്ങൾ അധികം വിക്ഷേപിച്ചതെന്നും വൺവെബ് അറിയിച്ചു.
ഈ വർഷം തന്നെ മുൻനിര സേവനദാതാക്കളുമായി സഹകരിച്ചു ലോകമാകെ കണക്ടിവിറ്റി നൽകുന്നതിനുള്ള പ്രവർത്തനങ്ങളും കമ്പനി തുടങ്ങിയിട്ടുണ്ട്. ഭാരമേറിയ ഉപഗ്രഹങ്ങൾ താഴ്ന്ന ഭൗമ ഭ്രമണപഥത്തിൽ എത്തിക്കാൻ ഉപയോഗിക്കുന്ന ഇസ്റോയുടെ എൽവിഎം3 റോക്കറ്റ് വൺ വെബ് രണ്ടാം ദൗത്യത്തോടെ തുടർച്ചയായ 6 വിക്ഷേപണവിജയങ്ങൾ സ്വന്തമാക്കി.
∙ ‘വരാനിരിക്കുന്ന ഗഗൻയാൻ ദൗത്യത്തിൽ ഉപയോഗിക്കുന്ന എസ് 200 മോട്ടറുകളുടെ നവീകരിച്ച മാതൃകയാണ് എൽവിഎം3 റോക്കറ്റിൽ പരീക്ഷിച്ചു വിജയിച്ചത്. വൺ വെബിന്റെ തുടർച്ചയായ രണ്ടു വാണിജ്യ വിക്ഷേപണങ്ങളും വിജയിപ്പിക്കാനായത് ഇസ്റോയുടെ വളർച്ചയിൽ നാഴികക്കല്ലാണ്. അടുത്ത മാസം പിഎസ്എൽവിയുടെ വാണിജ്യ വിക്ഷേപണം നടക്കും.’ – എസ്.സോമനാഥ്, ഇസ്റോ ചെയർമാൻ
∙ ‘വേഗവും സ്ഥിരതയുമുള്ള ഇന്റർനെറ്റ് ലഭ്യമാകാത്തതിനാൽ ഡിജിറ്റലായി വിഭജിക്കപ്പെട്ടിരുന്ന ലോകത്തെ പകുതിയോളം ജനങ്ങൾക്ക് ആ വിഭജനം മറികടക്കാനുള്ള ചുവടുവയ്പായി വൺവെബ് മിഷൻ 2 വിക്ഷേപണം മാറും.’ – സുനിൽ ഭാരതി മിത്തൽ, വൺവെബ് എക്സിക്യൂട്ടീവ് ചെയർമാൻ
English Summary: Launch of India's Largest LVM3 Rocket Carrying 36 Satellites