റെയിൽവേ മന്ത്രി രാജിവയ്ക്കണോ?; വീണ്ടും ചർച്ചയായി ലാൽ ബഹാദൂർ ശാസ്ത്രിയുടെ മാതൃക
Mail This Article
ന്യൂഡൽഹി ∙ തീവണ്ടിയപകടം സംഭവിച്ചാലുടൻ, 1956 ൽ അരിയാലൂർ അപകടത്തെത്തുടർന്ന് ലാൽ ബഹാദൂർ ശാസ്ത്രി നെഹ്‌റു മന്ത്രിസഭയിൽനിന്ന് രാജിവച്ചതു ചൂണ്ടിക്കാട്ടി നിലവിലുള്ള റെയിൽവേ മന്ത്രിയുടെ രാജി ആവശ്യപ്പെടുന്നത് സ്ഥിരം പല്ലവിയാണ്. ശാസ്ത്രി മാത്രമല്ല, വാജ്പേയി മന്ത്രിസഭയിൽ നിന്ന് 1999 ൽ നിതീഷ് കുമാറും 2000 ൽ മമത ബാനർജിയും മോദി മന്ത്രിസഭയിൽനിന്ന് 2016 ൽ സുരേഷ് പ്രഭുവും ട്രെയിനപകടങ്ങളെ തുടർന്ന് രാജിവച്ചിട്ടുണ്ട്. അവരെ ആരും ഓർക്കാറില്ല.
അതിനൊരു മറുവശവുമുണ്ട്. രാജിയല്ല പൊതുവേ പിന്തുടർന്നു പോരുന്ന കീഴ്‌വഴക്കം. നാൽപതോളം മന്ത്രിമാരുടെ കാലത്ത് നൂറുകണക്കിന് അപകടങ്ങളുണ്ടായിട്ടുള്ള ഇന്ത്യയിൽ അപകടത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടുള്ള രാജികൾ നാലേയുള്ളു. ബാക്കി എല്ലാവരും കസേരയിൽ തുടരുകയായിരുന്നു. എങ്കിലും രാജിക്കുവേണ്ടി പ്രതിപക്ഷ കക്ഷികളിൽനിന്നും പൊതുസമൂഹത്തിൽ നിന്നുമുയരുന്ന മുറവിളിക്ക് കുറവില്ല.
ഇക്കുറിയും അങ്ങനെ തന്നെ. കോൺഗ്രസിലെ പൃഥ്വിരാജ് ചവാൻ, എൻസിപി നേതാവ് അജിത് പവാർ, രാജിവച്ച് മാതൃക കാട്ടിയ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ്, സിപിഐ നേതാവ് ബിനോയ് വിശ്വം എന്നിവരെല്ലാം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ രാജി ആവശ്യപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങളിലാണ് തന്റെ ശ്രദ്ധയെന്നാണ് അതെക്കുറിച്ചു ചോദിച്ച മാധ്യമങ്ങളോട് മന്ത്രി പ്രതികരിച്ചത്.
∙ പദവി ഒഴിയാതെ പറഞ്ഞൊഴിഞ്ഞ പാസ്വാൻ
രാജിവയ്ക്കാതിരിക്കാനുള്ള കാരണം പച്ചയായി പറഞ്ഞത് രാം വിലാസ് പാസ്വാനാണ്. 1997 ഓഗസ്റ്റിൽ ഡൽഹിക്കടുത്ത് ഫരീദാബാദിൽ ഹിമസാഗർ-കർണാടക എക്സ്പ്രസുകൾ കൂട്ടിയിടിച്ചപ്പോൾ തന്റെ രാജി ആവശ്യപ്പെട്ടവരോട് അദ്ദേഹം പറഞ്ഞു: ഒരു ഡ്രൈവർ തന്റെ വണ്ടി മറ്റൊരു വണ്ടിയിലേക്ക് ഇടിച്ചുകയറ്റിയാൽ അതെങ്ങനെ മന്ത്രിയുടെ കുറ്റമാകും? കാറപകടങ്ങൾ ഉണ്ടാകുമ്പോഴൊക്കെ മുഖ്യമന്ത്രിമാർ രാജിവയ്ക്കാറുണ്ടോ?’’ എന്നാൽ, അതേ പാസ്വാൻ തന്നെ പിന്നീടൊരു തീവണ്ടിയപകടത്തിന്റെ പേരിൽ അന്നത്തെ റെയിൽവേ മന്ത്രി നിതീഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുവെന്നതാണ് രസകരം.
∙ അഭിപ്രായം രണ്ടു ട്രാക്കിൽ
രാജി സംബന്ധിച്ച് ഇന്നും രണ്ടു പക്ഷമുണ്ട്. രാജിവെച്ചൊഴിയുന്നതു ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നതാണെന്ന് ഒരു പക്ഷം. അതല്ല, ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറുകയാണ് രാജിയിലൂടെ ചെയ്യുന്നതെന്ന് മറുപക്ഷം. രാജി മൂലം ആർക്കും ഒരു നേട്ടവുമുണ്ടാകുന്നില്ല, അപകടകാരണങ്ങൾ മനസ്സിലാക്കി അവ ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുകയാണ് വേണ്ടതെന്നാണ് ഇക്കൂട്ടരുടെ വാദം. ആരുടെ ഉത്തരവാദിത്തത്തിൻ കീഴിലാണോ തെറ്റ് സംഭവിച്ചത് ആ വ്യക്തിക്കു തന്നെ തെറ്റുതിരുത്തലിന്റെ ഉത്തരവാദിത്തം നൽകണമെന്നർത്ഥം. മാത്രമല്ല, പലപ്പോഴും അപകടങ്ങൾക്കു കാരണമാകുന്നത് മന്ത്രിയുടെ നേരിട്ടുള്ള ശ്രദ്ധ പതിയേണ്ടതില്ലാത്ത ചെറിയ കാരണങ്ങൾ കൊണ്ടുമാവാം.
∙ ശാസ്ത്രിയുടെ രാജി, നെഹ്റു നേരിട്ട പ്രതിസന്ധി
രാജി സ്വീകരിക്കണോ വേണ്ടയോ എന്നതാണ് പ്രധാനമന്ത്രിമാർ നേരിടുന്ന പ്രശ്നം. ശാസ്ത്രിയുടെ കാര്യത്തിൽ നെഹ്റുവിന് അത് നേരിടേണ്ടിവന്നു. യഥാർത്ഥത്തിൽ ശാസ്ത്രി രണ്ടു തവണ രാജിവച്ചതാണ്. 1956 ഓഗസ്റ്റിൽ ആന്ധ്രയിലെ മെഹ്ബൂബ് നഗറിൽ 112 പേരുടെ മരണത്തിനിടയാക്കിയ തീവണ്ടിയപകടത്തെതുടർന്ന് അദ്ദേഹം നൽകിയ രാജിക്കത്ത് നെഹ്റു നിരസിക്കുകയായിരുന്നു. തെറ്റു ചെയ്തയാളോട് തുടരാൻ ആവശ്യപ്പെട്ടതിന് അന്നു നെഹ്റു പഴി കേട്ടു. 3 മാസത്തിനു ശേഷം, 114 പേർ മരിച്ച അരിയാലൂർ അപകടത്തെത്തുടർന്നു ശാസ്ത്രി രാജി സമർപ്പിച്ചത് അദ്ദേഹം മനസ്സില്ലാമനസ്സോടെ സ്വീകരിച്ചപ്പോൾ ശാസ്ത്രിയെ ബലിയാടാക്കിയതായി വിമർശനവും വന്നു.
English Summary: Odisha Train Accident: Example of Lal Bahadur Shastri is discussed again