ADVERTISEMENT

ന്യൂഡൽഹി ∙ ഒഡീഷയിലെ ബാലസോർ ട്രെയിൻ ദുരന്തത്തിനു കാരണം സിഗ്നൽ തകരാറാണെന്നു മുഖ്യ റെയിൽവേ കമ്മിഷണറുടെ അന്വേഷണ റിപ്പോർട്ട്. സ്റ്റേഷനിലെ സിഗ്നലിങ്, ഓപ്പറേഷൻസ് ജീവനക്കാർക്കാണ് ഇതിന്റെ ഉത്തരവാദിത്തമെന്നും റെയിൽവേ ബോർഡിനു നൽകിയ റിപ്പോർട്ടിൽ സൂചിപ്പിച്ചതായി അറിയുന്നു. റെയിൽവേ അധികൃതർ പ്രതികരിച്ചിട്ടില്ല. 

സ്റ്റേഷന്റെ വടക്കു ഭാഗത്തുള്ള സിഗ്നലിലും അടുത്തുള്ള ലവൽക്രോസിങ് 94ലും ശരിയായ രീതിയിൽ അറ്റകുറ്റപ്പണി ചെയ്തിരുന്നില്ലെന്നു മുഖ്യ റെയിൽവേ കമ്മിഷണർ കണ്ടെത്തി. ജോലികൾ പൂർത്തിയാക്കിയ ശേഷമുള്ള സുരക്ഷാ നടപടിക്രമങ്ങളും പാലിച്ചില്ല. പൂർത്തിയാക്കിയെന്ന റിപ്പോർട്ടിനു ശേഷവും ട്രാക്കിലും ലവൽക്രോസിങ്ങിലും ജോലികൾ നടന്നിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. 

മെയിൻ ലൈനിൽ കൊറമാണ്ഡൽ എക്സ്പ്രസിനു പച്ച സിഗ്നൽ നൽകിയശേഷവും ട്രെയിനിന്റെ ദിശ നിർണയിക്കുന്ന പോയിന്റ് ലൂപ് ലൈനിലേക്കു തന്നെ ട്രാക്ക് കണക്ട് ചെയ്തുകിടന്നിരുന്നതാണ് അപകടത്തിനിടയാക്കിയത്. സിഗ്നൽ നൽകുന്നതിനു മുൻപ് ഇതു പരിശോധിച്ചിരുന്നില്ല. ഓപ്പറേഷൻസ് സ്റ്റാഫും സിഗ്നലിങ് സ്റ്റാഫും ഇതിന് ഒരുപോലെ ഉത്തരവാദികളാണ്. 

എന്നാൽ, സിബിഐ അന്വേഷിക്കുന്ന ബാഹ്യ ഇടപെടൽ എന്ന വിഷയത്തെക്കുറിച്ചു റിപ്പോർട്ടിൽ പരാമർശിക്കുന്നില്ലെന്ന് അറിയുന്നു. അപകടമുണ്ടായ ശേഷം ഏതാനും ഉന്നത ഉദ്യോഗസ്ഥരെ റെയിൽവേ സ്ഥലം മാറ്റിയിരുന്നു.

English Summary : Signaling and operations staff of station are responsible for Balasore train disaster  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com