ഖത്തർ ജയിലിലുള്ള എട്ട് ഇന്ത്യക്കാരുടെ മോചനത്തിന് വഴിതെളിഞ്ഞു
Mail This Article
ന്യൂഡൽഹി ∙ ഒരു വർഷത്തോളമായി ഖത്തറിലെ ജയിലിൽ കഴിയുന്ന നാവികസേനയിലെ മുൻ അംഗങ്ങളായ 8 ഇന്ത്യക്കാരുടെ മോചനം വൈകാതെ ഉണ്ടായേക്കുമെന്നു സൂചന. ഇവരുടെ കാര്യത്തിൽ ദീർഘനാളായി തുടരുന്ന ചർച്ച ഫലം കണ്ടുവെന്നാണു വിവരം.
കഴിഞ്ഞവർഷം ഓഗസ്റ്റ് 30നു അർധരാത്രിയിലാണു ഖത്തർ സുരക്ഷാസേന ഇവരെ അറസ്റ്റ് ചെയ്തത്. ഒക്ടോബർ 3ന് ഇന്ത്യയുടെ കോൺസൽ അധികൃതരുടെ സന്ദർശനത്തിനുശേഷമാണ് 8 പേരും ഏകാന്തതടവിലാണെന്ന വിവരം പുറത്തുവന്നത്. 8 പേരും ഖത്തർ നാവികസേനയെ പരിശീലിപ്പിക്കുന്ന സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു.
ദോഹയിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനുമായി മുൻ പരിചയമുണ്ടായിരുന്നുവെന്നും തുടർന്നുണ്ടായ സൗഹൃദസംഭാഷണമാണ് സംശയത്തിലേക്കും അറസ്റ്റിലേക്കും നീണ്ടതെന്നാണു വിവരം. പാക്കിസ്ഥാൻ നൽകിയ തെറ്റായ വിവരങ്ങളാണു പ്രശ്നമുണ്ടാക്കിയതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
English Summary: Way opening for the release of eight Indians in Qatar jail