ADVERTISEMENT

ന്യൂഡൽഹി ∙ ഖലിസ്ഥാൻ വിഷയത്തിൽ കാനഡയുമായുള്ള നയതന്ത്ര ബന്ധം മോശമായതിനു പിന്നാലെ, അവിടെയുള്ള ഇന്ത്യൻ പൗരന്മാരും അവിടേക്കു യാത്ര ചെയ്യാൻ തയാറെടുക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്നു കേന്ദ്ര സർക്കാർ നിർദേശിച്ചു. കാനഡയിൽ വർധിച്ചുവരുന്ന ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങളും വിദ്വേഷ ആക്രമണങ്ങളും കണക്കിലെടുത്താണ് വിദേശകാര്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇന്ത്യൻ വിദ്യാർഥികൾക്കു പ്രത്യേക ജാഗ്രതാനിർദേശമുണ്ട്. 

ഇന്ത്യ വിരുദ്ധ നീക്കങ്ങളെ എതിർത്തതിന്റെ പേരിൽ ചില നയതന്ത്ര ഉദ്യോഗസ്ഥർക്കും ഇന്ത്യൻ പൗരന്മാർക്കുമെതിരെ ഈയിടെ ഭീഷണിയുണ്ടായിട്ടുണ്ടെന്നു മുന്നറിയിപ്പിൽ പറയുന്നു. കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ, കോൺസുലേറ്റുകൾ എന്നിവയുടെ വെബ്സൈറ്റുകൾ വഴിയോ ‘മദദ്’ പോർട്ടൽ (madad.gov.in) വഴിയോ ഇന്ത്യൻ പൗരന്മാർ റജിസ്റ്റർ ചെയ്തിരിക്കണമെന്നും നിർദേശമുണ്ട്. 

കൃത്യം ഒരു വർഷം മുൻപ്, 2022 സെപ്റ്റംബർ 23നും ഇന്ത്യ സമാന മുന്നറിയിപ്പ് നൽകിയിരുന്നു. പ്രത്യേക സിഖ് രാജ്യം വേണമെന്ന ആവശ്യമുയർത്തി കാനഡയിൽ ഖലിസ്ഥാൻ അനുകൂലികളുടെ ജനഹിത പരിശോധനയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയായിരുന്നു അത്. 

കാനഡയിലുള്ള ഇന്ത്യക്കാരായ ഹിന്ദുക്കൾ മടങ്ങിപ്പോകണമെന്ന് ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപട്‌വന്ത് സിങ് പന്നു ആവശ്യപ്പെടുന്ന വിഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ മരണത്തിന് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ സഞ്ജയ് വർമയാണോ ഉത്തരവാദി എന്ന വിഷയത്തിൽ ഒക്ടോബർ 29നു കാനഡയിൽ ഹിതപരിശോധന നടത്തുമെന്നും ഈ വിഡിയോയിൽ പറയുന്നുണ്ട്. 25ന് ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ, ടൊറന്റോ, വാൻകൂവർ എന്നിവിടങ്ങളിലെ കോൺസുലേറ്റുകൾ എന്നിവയുടെ പ്രവർത്തനം തടസ്സപ്പെടുത്താൻ പദ്ധതിയുണ്ടെന്നും പറയുന്നു. 

നിജ്ജാറിന്റെ കൊലപാതകത്തിൽ അന്വേഷണം പൂർത്തിയാകുംമുൻപു മുൻവിധി പാടില്ലെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി പറഞ്ഞു. കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം. പണ്ടുമുതലേ അടുത്തബന്ധമുള്ള ഇരുരാജ്യങ്ങളും ഈ വിഷയത്തിൽ സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയോടുള്ളതുപോലെ തന്നെ കരുതൽ കാനഡയോടുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

5 ബബ്ബർ ഖൽസ ഭീകരർക്ക് വിലയിട്ട് എൻഐഎ 

ന്യൂഡൽഹി ∙ സിഖ് ഭീകരസംഘടന ‘ബബ്ബർ ഖൽസ’യിലെ 5 പേരുടെ തലയ്ക്ക് എൻഐഎ വിലയിട്ടു. പഞ്ചാബിൽ ഒട്ടേറെ ഭീകരപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയ കൊടുംഭീകരൻ ഹർവിന്ദർ സിങ് സന്ധു (റിൻഡ), ലഖ്ബീർ സിങ് സന്ധു (ലൻഡ) എന്നിവരെക്കുറിച്ചു വിവരം നൽകുന്നവർക്കു 10 ലക്ഷം രൂപ വീതവും മറ്റു 3 പേരെക്കുറിച്ചു വിവരം നൽകുന്നവർക്ക് 5 ലക്ഷം രൂപ വീതവുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവർ ആയുധ, ലഹരിമരുന്ന് കള്ളക്കടത്തിന്റെയും ഭാഗമാണെന്ന് എൻഐഎ ചൂണ്ടിക്കാട്ടി. 

എൻഐഎ 10 ലക്ഷം രൂപ വിലയിട്ട പിടികിട്ടാപ്പുള്ളി ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകമാണ് ഇന്ത്യ–കാനഡ ബന്ധം ഇത്രമേൽ വഷളാക്കിയത്. 

വിവിധയിടങ്ങളിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ഓഫിസിനു നേരെയുണ്ടായ ആക്രമണവും ഭീഷണികളും അന്വേഷിക്കുന്ന എൻഐഎ സംഘം അടുത്ത മാസം കാനഡ സന്ദർശിക്കാനിരുന്നതാണ്. എന്നാൽ പുതിയ സാഹചര്യം കണക്കിലെടുത്ത് ഈ യാത്ര മാറ്റിവച്ചേക്കുമെന്നാണു വിവരം. 

English Summary: MEA Advisory for Indian Nationals and Indian Students in Canada

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com