ADVERTISEMENT

ന്യൂഡൽഹി ∙ ലോക്സഭയ്ക്കു പിന്നാലെ രാജ്യസഭയിലും ഭരണ – പ്രതിപക്ഷ കക്ഷികൾ അനുകൂലിച്ചു വോട്ടു ചെയ്തതോടെ, വനിതാ സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി ബിൽ പാർലമെന്റിന്റെ ഇരുസഭകളും കടന്നു. രാജ്യസഭയിൽ 11 മണിക്കൂർ നീണ്ട മാരത്തൺ ചർച്ചയ്ക്കൊടുവിൽ, സഭയിലെത്തിയ  214 പേരും ബില്ലിനെ പിന്തുണച്ചു. 

സംവരണം ഉടൻ നടപ്പാക്കുക, ഒബിസി വിഭാഗങ്ങൾക്കു സംവരണം നൽകുക തുടങ്ങിയ ആവശ്യങ്ങൾ കേന്ദ്ര സർക്കാർ അംഗീകരിക്കാത്തതിലുള്ള വിയോജിപ്പ് രേഖപ്പെടുത്തിയാണു പ്രതിപക്ഷം ബില്ലിനെ പിന്തുണച്ചത്. പകുതി സംസ്ഥാന നിയമസഭകൾ അംഗീകരിച്ച് പ്രമേയം പാസാക്കുകയും രാഷ്ട്രപതി വിജ്ഞാപനമിറക്കുകയും ചെയ്യുന്നതോടെ ബിൽ നിയമമാകും.  

11 മണിക്കൂർ നീണ്ട ചർച്ചയ്ക്കൊടുവിലാണു ബിൽ രാജ്യസഭ പാസാക്കിയത്. ലോക്സഭയിലെയും സംസ്ഥാന നിയമസഭകളിലെയും സീറ്റുകളിൽ 33% വനിതകൾക്കായി സംവരണം ചെയ്യുന്ന ബിൽ ഉടൻ നടപ്പാക്കണമെന്ന് കോൺഗ്രസ്, തൃണമൂൽ അടക്കമുള്ള പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണി കക്ഷികളും ബിആർഎസ്സും ആവശ്യപ്പെട്ടു. ജനസംഖ്യാ കണക്കെടുപ്പിനും (സെൻസസ്) മണ്ഡല പുനർനിർണയത്തിനും ശേഷം 2029 ലോക്സഭാ തിരഞ്ഞെടുപ്പിൽ മാത്രമേ നിയമം നടപ്പാക്കാൻ സാധിക്കൂവെന്ന് ബിജെപി ദേശീയ അധ്യക്ഷനും പാർട്ടി എംപിയുമായ ജെ.പി.നഡ്ഡ വ്യക്തമാക്കി. 

6 വർഷത്തിനു ശേഷം നടപ്പാക്കാനായിരുന്നെങ്കിൽ പിന്നെന്തിനാണ് ധൃതിപിടിച്ചു പ്രത്യേക സമ്മേളനം വിളിച്ചതെന്നു കെ.സി.വേണുഗോപാൽ (കോൺഗ്രസ്) ചോദിച്ചു. ഭക്ഷണം വിളമ്പിയ ശേഷം 2029ൽ കഴിക്കാമെന്നു പറയുന്നതു പോലെയാണു കേന്ദ്ര സർക്കാർ പെരുമാറുന്നതെന്നു പ്രതിപക്ഷം പരിഹസിച്ചു. 

പാർട്ടികൾക്കിടയിൽ സമവായമുണ്ടാക്കാനും സ്ത്രീകൾക്കായി അടിസ്ഥാന സൗകര്യങ്ങളൊരുക്കാനുമാണ് ബിൽ പാർലമെന്റിൽ അവതരിപ്പിക്കാൻ ഇത്രയും കാലമെടുത്തതെന്നു കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ബിജെപിയെ രൂക്ഷമായി വിമർശിച്ച വേണുഗോപാൽ, തൃണമൂലിന്റെ ഡെറക് ഒബ്രയ്ൻ എന്നിവരുമായി നിർമല കൊമ്പുകോർത്തു. 

സംവരണത്തിനുള്ളിൽ പട്ടിക വിഭാഗങ്ങൾക്കൊപ്പം ഒബിസികൾക്കും സംവരണം അനുവദിക്കണമെന്നു കോൺഗ്രസ്, ഡിഎംകെ, ആർജെഡി, സമാജ്‌വാദി പാർട്ടി, ബിആർഎസ്, സിപിഎം, സിപിഐ തുടങ്ങിയവ ആവശ്യപ്പെട്ടപ്പോൾ തൃണമൂൽ ഇക്കാര്യത്തിൽ മൗനം പാലിച്ചു. 

ബംഗാളിലെ മുന്നാക്ക ഹിന്ദു വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണു തൃണമൂലിന്റെ നീക്കം. ഒബിസി സ്ത്രീകളുടെ ഉന്നമനം കേന്ദ്രം ആഗ്രഹിക്കുന്നില്ലെന്നു പ്രതിപക്ഷ നേതാവും കോൺഗ്രസ് പ്രസിഡന്റുമായ മല്ലികാർജുൻ ഖർഗെ ആരോപിച്ചു. 
ചെയറിൽ വനിതകൾ 

വനിതാ സംവരണ ബിൽ രാജ്യസഭ ചർച്ച ചെയ്തപ്പോൾ ഉപാധ്യക്ഷരായി സഭ നിയന്ത്രിച്ചു വനിതാ എംപിമാർ. പി.ടി.ഉഷ, ജയാ ബച്ചൻ, ഡോള സെൻ, രജ്നി പാട്ടീൽ എന്നിവരടക്കമുള്ള വനിതകൾക്കാണു സഭ നിയന്ത്രിക്കാൻ അധ്യക്ഷൻ ജഗ്ദീപ് ധൻകർ അവസരം നൽകിയത്.

English Summary: The Rajya Sabha unanimously passed the Women's Reservation Bill

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com