‘പിണറായി’ പരാമർശം ഉത്തരവിൽ വ്യക്തം
Mail This Article
ന്യൂഡൽഹി ∙ ‘പി.വി’ എന്നത് പിണറായി വിജയനല്ലെന്നു സിപിഎം ‘കണ്ടെത്തി’യെങ്കിലും ഇതിനു വിരുദ്ധമാണ് ആദായ നികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവ്. ഇതിൽ പലയിടത്തായി മുഖ്യമന്ത്രി പിണറായി വിജയൻ പരാമർശിക്കപ്പെടുകയോ സൂചിപ്പിക്കപ്പെടുകയോ ചെയ്യുന്നുണ്ട്. 2 പേജിലെ വിവരങ്ങൾ ഇങ്ങനെ:
പേജ് 9: കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫിസർ കെ.എസ്.സുരേഷ് ആദായ നികുതി ഉദ്യോഗസ്ഥർക്കു നൽകിയ മൊഴി: ‘പരാമർശിക്കപ്പെടുന്ന ചുരുക്കെഴുത്തുകൾ ഇവയാണ്: കെ.കെ – കുഞ്ഞാലിക്കുട്ടി, എ.ജി – എ.ഗോവിന്ദൻ, ഒ.സി – ഉമ്മൻ ചാണ്ടി, പി.വി – പിണറായി വിജയൻ, ഐ.കെ – ഇബ്രാഹിം കുഞ്ഞ്, ആർ.സി – രമേശ് ചെന്നിത്തല.
പേജ് 48: ടി.വീണയ്ക്കും എക്സാലോജിക്കിനും നൽകിയ 1.72 കോടി രൂപ അനുവദനീയ ചെലവായി കണക്കാക്കണമെന്നു സ്ഥാപിക്കാൻ സിഎംആർഎലിനു സാധിച്ചിട്ടില്ലെന്നു വ്യക്തമാക്കി ആദായ നികുതി വകുപ്പ് വിശദീകരിക്കുന്നു:
‘അപേക്ഷകരുടെ വാദത്തെ രാഷ്ട്രീയക്കാർക്കു പണം നൽകിയെന്ന വാദത്തിന്റെ പശ്ചാത്തലത്തിലും കാണേണ്ടതുണ്ട്. അപേക്ഷകർ തന്നെ സമ്മതിക്കുന്നതനുസരിച്ച്, പണം നൽകപ്പെട്ടിട്ടുള്ള ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകളാണ് ടി.വീണ. (ചുരുക്കെഴുത്തിന്റെ പൂർണരൂപം സുരേഷ് കുമാർ നൽകിയിട്ടുണ്ട്). അവർ ചുരുക്കെഴുത്തിൽ വിശദമാക്കപ്പെട്ടിട്ടുള്ളതും വലിയ തോതിൽ പണം നൽകപ്പെട്ടിട്ടുള്ളതുമായ വ്യക്തിയുടെ മകളാണെന്ന വസ്തുത അപേക്ഷകർ കമ്മിഷനിൽനിന്നു മറച്ചുവയ്ക്കുകയാണ്’.
English Summary:Pinarayi Vijayan's name and references on several pages in Income Tax Interim Settlement Board order