ADVERTISEMENT

ന്യൂഡൽഹി ∙ 16 നും 18നും ഇടയിൽ പ്രായക്കാരായ കുട്ടികൾ ഉൾപ്പെട്ട പോക്സോ കേസുകളിൽ കോടതിക്കു തീരുമാനമെടുക്കാവുന്നവിധം നിയമ പരിഷ്കാരത്തിനു ദേശീയ നിയമ കമ്മിഷൻ ശുപാർശ ചെയ്തു. ഈ പ്രായക്കാരായ കൗമാരക്കാർ ലൈംഗികബന്ധത്തിനു മൗനാനുവാദം നൽകുന്ന സാഹചര്യം കണക്കിലെടുത്താണ് കമ്മിഷന്റെ നിർദേശം. നിയമപരമായി ഇവരെയും കുട്ടികളായി തന്നെ പരിഗണിക്കണമെന്നാണ് കമ്മിഷൻ നിലപാട്. അതേസമയം, ശിക്ഷയുടെ കാഠിന്യത്തിൽ കുറവു നൽകുന്ന കാര്യം കോടതിക്കു പരിഗണിക്കാം. പ്രായപൂർത്തിയാകാത്ത കുട്ടിയെ ക്രൂരമായി (ബലംപ്രയോഗിച്ചു ലൈംഗികവേഴ്ച നടത്തുന്നത്) പീഡിപ്പിച്ചാൽ 10 വർഷത്തിൽ കുറയാതെയാണു നിലവിൽ ശിക്ഷ. 

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസിന്റെ പരിധിയിൽ (പോക്സോ) ലൈംഗിക ബന്ധത്തിനു ഉഭയസമ്മതം നൽകാനുള്ള പ്രായപരിധി 18 വയസ്സാണ്. ഇതിൽ മാറ്റം വേണ്ടെന്നാണു കമ്മിഷൻ നിലപാട്. ഉഭയസമ്മതത്തിനുള്ള പ്രായം 18 ൽ നിന്ന് 16 ആക്കി കുറയ്ക്കുന്നതു സംബന്ധിച്ചു പരിശോധിച്ച സമിതി പ്രായപരിധി കുറയ്ക്കുന്നത് അഭിലഷണീയമാകില്ലെന്നു വിലയിരുത്തി. 16 വയസ്സു കഴിഞ്ഞ പെൺകുട്ടിയും ആൺകുട്ടിയും തമ്മിൽ പ്രണയത്തിലാകുന്നതും ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതുമായ ഒട്ടേറെ സംഭവങ്ങൾ കോടതികളുടെ പരിഗണനയിൽ നിൽക്കെയാണ് ഇക്കാര്യത്തിൽ സാഹചര്യത്തിന് അനുസരിച്ചു തീരുമാനമെടുക്കാൻ അനുമതി നൽകുന്നതാകും ഉചിതമെന്ന് കമ്മിഷൻ അഭിപ്രായപ്പെട്ടത്. അന്തിമ തീരുമാനം സർക്കാരിന്റേതാകുമെങ്കിലും നിയമ കമ്മിഷന്റെ റിപ്പോർട്ട് നിർണായകമാകും. 

ശൈശവവിവാഹം, കുട്ടികളെ കടത്ത് തുടങ്ങിയവയ്ക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചുവരുന്നതിനിടെ പ്രായപരിധി കുറയ്ക്കുന്നതു വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം, കൗമാര പ്രണയവുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുമ്പോൾ കോടതികൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും കമ്മിഷൻ നിരീക്ഷിക്കുന്നു. ഇത്തരം ബന്ധങ്ങൾക്കു പിന്നിൽ ക്രിമിനൽ ഉദ്ദേശ്യം ഉണ്ടോയെന്ന പരിശോധന കോടതികൾ നടത്തണമെന്നാണു റിപ്പോർട്ടിലുള്ളത്. 16–18 പ്രായക്കാരിലെ സമ്മതപ്രകാരമുള്ള ലൈംഗികബന്ധം കുറ്റമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ കഴിഞ്ഞമാസം സുപ്രീം കോടതി കേന്ദ്ര സർക്കാരിന്റെ അഭിപ്രായം തേടിയിരുന്നു. 18 വയസ്സിൽ താഴെ പ്രായമുള്ളവർ തമ്മിൽ പ്രണയബദ്ധരാകുകയും ഇതു സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിലേക്കു വളരുകയും ചെയ്യുന്ന സാഹചര്യം വിവിധ ഹൈക്കോടതികളും ഉന്നയിച്ചിരുന്നു. 

‘ഘട്ടംഘട്ടമായി ഇ–എഫ്ഐആർ വേണം’

കുറ്റകൃത്യം നടന്നാലുടൻ ഓൺലൈനായി പരാതി നൽകാൻ (ഇ–എഫ്ഐആർ) സംവിധാനമൊരുക്കുന്നതിനു രാജ്യത്തു കേന്ദ്രീകൃത ദേശീയ പോർട്ടൽ സംവിധാനം കൊണ്ടുവരണമെന്നു 22–ാം നിയമ കമ്മിഷൻ ശുപാർശ ചെയ്തു. ഇ–എഫ്ഐആർ ഒറ്റയടിക്കു നടപ്പാക്കാതെ ഘട്ടംഘട്ടമാക്കണമെന്നും നിർദേശമുണ്ട്. 3 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളെ ആദ്യ ഘട്ടത്തിൽ പരിഗണിക്കണമെന്നുമാണ് നിർദേശത്തിലുള്ളത്. എഫ്ഐആർ റജിസ്റ്റർ ചെയ്യുന്നതിൽ കാലതാമസം ഉണ്ടാകുന്നുവെന്ന പരാതിക്ക് പരിഹാരമായാണ് രാജ്യത്തു സമ്പൂർണ ഇ–എഫ്ഐആർ സംവിധാനം ആലോചിക്കുന്നത്. 

English Summary : Age limit for consensual sex had not to be change says law commission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com