ഒഡീഷയിൽ നവീൻ പട്നായിക്കിന് പിൻഗാമി; ബിജു ജനതാദൾ തലപ്പത്തേക്ക് വി.കെ. പാണ്ഡ്യൻ വരും
Mail This Article
ഭുവനേശ്വർ∙ ഐഎഎസിൽനിന്നു രാജിവച്ചതിനു തൊട്ടുപിന്നാലെ ഒഡീഷയിൽ കാബിനറ്റ് റാങ്കുള്ള പദവിയിൽ നിയമിക്കപ്പെട്ട വി.കെ.പാണ്ഡ്യൻ വൈകാതെ പാർട്ടിയുടെ ചുമതലയിലേക്കു വരുമെന്നു ബിജു ജനതാ ദൾ വൃത്തങ്ങൾ പറഞ്ഞു. മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ വിശ്വസ്തനായ പാണ്ഡ്യന് ചെറുപ്പക്കാരെ ആകർഷിക്കാൻ കഴിയുമെന്നും അടുത്ത വർഷം നടക്കുന്ന നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ അതു ഗുണം ചെയ്യുമെന്നുമാണ് പാർട്ടിയുടെ പ്രതീക്ഷ.
നവീൻ പട്നായിക്കിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പാണ്ഡ്യൻ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഐഎഎസിൽനിന്നു സ്വയം വിരമിക്കാൻ അപേക്ഷ നൽകിയത്. 2 ദിവസം കഴിഞ്ഞപ്പോൾ അപേക്ഷ അംഗീകരിച്ച് കേന്ദ്രം ഉത്തരവിറക്കി. ഉത്തരവു വന്നതിനു പിന്നാലെയാണ് ‘നവീന ഒഡീഷയ്ക്കായുള്ള കർമ പദ്ധതി’യുടെ അധ്യക്ഷനായി പാണ്ഡ്യനെ നിയമിച്ചത്.
മുഖ്യമന്ത്രിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലുള്ളതാണു കർമപദ്ധതി. പാർട്ടിയെയും സർക്കാരിനെയും തിരഞ്ഞെടുപ്പുകൾക്ക് ഒരുക്കുകയെന്നതാണ് പാണ്ഡ്യന്റെ കർമ പദ്ധതിയെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. കഴിഞ്ഞ മാർച്ച് – െസപ്റ്റംബറിൽ പാണ്ഡ്യൻ സംസ്ഥാനത്തെ 147 നിയമസഭാ മണ്ഡലങ്ങളിലും പര്യടനം നടത്തിയിരുന്നു.
തങ്ങളെ അവഗണിച്ചാണ് പാണ്ഡ്യൻ മണ്ഡലങ്ങളിൽ പര്യടനം നടത്തുന്നതെന്ന് ബിജെഡിയിലെ പല എംഎൽഎമാരും എംപിമാരും വിമർശനമുന്നയിച്ചിരുന്നു. എന്നാൽ, നവീൻ മാത്രമാണ് പാർട്ടിയുടെ മുഖമെന്നതിനാൽ അദ്ദേഹത്തിന്റെ പ്രതിനിധിയെന്ന നിലയ്ക്കാണ് പാണ്ഡ്യന്റെ പര്യടനത്തെ കാണേണ്ടതെന്ന വിലയിരുത്തലുണ്ടായി. തമിഴ്നാട്ടിൽനിന്നുള്ള പാണ്ഡ്യന്റെ ഭാര്യ സുജാത കാർത്തികേയൻ ഒഡീഷക്കാരിയാണ്. പാണ്ഡ്യനും സുജാതയും ഒഡീഷ കേഡർ ഐഎഎസ് ഉദ്യോഗസ്ഥരാണ്.