മണിപ്പുരിൽ പൊലീസ് ക്യാംപ് ആക്രമിച്ച് ആയുധം കവർന്നു
Mail This Article
ഇംഫാൽ ∙ മണിപ്പുരിൽ വീണ്ടും വൻ സംഘർഷം. ഇന്ത്യ-മ്യാൻമർ അതിർത്തി ജില്ലയിൽ മണിപ്പുർ കമാൻഡോകളുടെ റെയ്ഡിനെത്തുടർന്ന് ആയിരക്കണക്കിനാളുകൾ ഗ്രാമങ്ങളിൽ നിന്ന് പലായനം ചെയ്തു. അസം റൈഫിൾസിന്റെയും ബിഎസ്എഫിന്റെയും സംരക്ഷണയിലാണ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള കുക്കി വിഭാഗക്കാർ. മണിപ്പുർ കമാൻഡോകളും ഒപ്പം എത്തിയ ആയുധധാരികളായ മെയ്തെയ് സംഘടനകളും കുക്കി-സോ ഗ്രാമങ്ങൾ ചുട്ടെരിച്ചതായി കുക്കി എംഎൽഎമാർ ആരോപിച്ചു. അതേസമയം, ഇംഫാലിൽ എഴുനൂറോളം വരുന്ന അക്രമികൾ കഴിഞ്ഞ ദിവസം രാത്രി മണിപ്പുർ റൈഫിൾസിന്റെ ക്യാംപ് ആക്രമിച്ച് എ.കെ.47 ഉൾപ്പെടെയുള്ള ആയുധങ്ങളും ജീപ്പുകളും കവർന്നു. 3 സിആർപിഎഫ് ജവാൻമാർക്ക് പരുക്കേറ്റു. ജയിൽ ഐജിയുടെ ഓഫിസിനു നേരെ ആക്രമണം നടത്തിയ സംഘം 6 ജീപ്പുകളും കവർന്നു.
മെയ്തെയ്-കുക്കി വംശീയകലാപം 6 മാസം പിന്നിട്ട ഇന്നലെ തീവ്ര മെയ്തെയ് സംഘടനയായ മെയ്തെയ് ലീപുൺ തലവൻ പ്രമോദ് സിങ്ങിനെതിരേ ആക്രമണം നടന്നു. ഇംഫാൽ താഴ്‍വരയിലെ ലംഗോളിൽ പ്രമോദ് സഞ്ചരിച്ചിരുന്ന ജീപ്പിനു നേരെ കാറിലെത്തിയ സംഘം വെടിവച്ചു. ആക്രമണത്തിൽ പങ്കില്ലെന്ന് കുക്കി സംഘടനകൾ പറഞ്ഞു.
ഇന്ത്യ- മ്യാൻമർ അതിർത്തിപ്പട്ടണമായ മോറെയിൽ മെയ്തെയ് പൊലീസ് ഉദ്യോഗസ്ഥൻ കഴിഞ്ഞ ദിവസം വെടിയേറ്റ് മരിച്ചിരുന്നു. ഇതേത്തുടർന്നാണ് മണിപ്പുർ കമാൻഡോകളുടെ നേതൃത്വത്തിൽ തിരച്ചിൽ നടന്നത്. സിനാം ഗ്രാമത്തിലെ വീടുകളും വാഹനങ്ങളും തീയിട്ട പൊലീസ് സംഘം ആഭരണങ്ങൾ ഉൾപ്പെടെ കൊള്ളയടിച്ചതായി കുക്കി എം എൽഎമാർ പറഞ്ഞു. അസം റൈഫിൾസ് എത്തിയാണ് അക്രമികളെ തുരത്തിയത്. മോറെ പട്ടണത്തിൽ പൊലീസും കുക്കി വിഭാഗങ്ങളും തമ്മിലുള്ള സംഘർഷം തുടരുകയാണ്.