ജാതി സർവേ: എണ്ണം പെരുപ്പിച്ചെന്ന് അമിത് ഷാ
Mail This Article
ന്യൂഡൽഹി∙ നിതീഷ് കുമാർ സർക്കാർ ബിഹാറിലെ ജാതി സർവേയിൽ മുസ്‍ലിംകളുടെയും യാദവരുടെയും എണ്ണം പെരുപ്പിച്ചുകാട്ടിയെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആരോപിച്ചു. മറ്റു പിന്നാക്കവിഭാഗങ്ങളുടെ എണ്ണം കുറച്ചുകാണിച്ചെന്നും ഇതു പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജാതി സെൻസസ് കണ്ണിൽപൊടിയിടാനുള്ള തന്ത്രം മാത്രമാണ്. ആളുകളെ ആശയക്കുഴപ്പത്തിലാക്കാനാണ് ഈ സർവേ. ജെഡിയു എൻഡിഎ സഖ്യത്തിന്റെ ഭാഗമായിരിക്കുമ്പോഴാണു ബിഹാറിൽ ജാതി സർവേ നടത്താൻ തീരുമാനിച്ചത്. എന്നാൽ സർവേയിൽ ആർജെഡി ഉൾപ്പെട്ട മഹാസഖ്യ സർക്കാരിന്റെ താൽപര്യമാണു വെളിവാകുന്നത്. ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ സമ്മർദത്തിനു വഴങ്ങിയാണു കണക്ക് പെരുപ്പിച്ചുകാട്ടിയത്.
രാജ്യവ്യാപകമായി ജാതി സെൻസസ് നടത്തുമെന്നു പറഞ്ഞ കോൺഗ്രസ് എല്ലാക്കാലത്തും ഒബിസി വിഭാഗക്കാർക്ക് എതിരായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മോദി സർക്കാരിലെ 35 മന്ത്രിമാരിൽ 27 പേരും ഒബിസി വിഭാഗക്കാരാണെന്നും തങ്ങൾ ഒബിസി കമ്മിഷന് ഭരണഘടനാപദവി നൽകിയെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. ബിഹാറിലെ മുസഫർപുരിൽ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.