ശങ്കര നേത്രാലയ സ്ഥാപകൻ ഡോ.ബദ്രിനാഥ് വിടപറഞ്ഞു
Mail This Article
ചെന്നൈ ∙ പ്രശസ്തമായ ശങ്കര നേത്രാലയയുടെ സ്ഥാപകനും പ്രമുഖ നേത്രശസ്ത്രക്രിയാ വിദഗ്ധനുമായ ഡോ. എസ്.എസ്.ബദ്രിനാഥ് (83) അന്തരിച്ചു. കുറഞ്ഞ ചെലവിൽ ചികിത്സാ സൗകര്യമൊരുക്കി ലക്ഷക്കണക്കിന് സാധാരണക്കാരുടെ കണ്ണുകളിൽ പ്രകാശം പടർത്തിയതിന്റെ പെരുമയുമായാണ് ബദ്രിനാഥ് വിടപറഞ്ഞത്.
കുട്ടിക്കാലത്ത് തന്നോടൊപ്പം കഴിഞ്ഞ കാഴ്ച പരിമിതിയുള്ള ബന്ധുവിന്റെ ബുദ്ധിമുട്ടുകൾ കണ്ടതോടെയാണ് ചെന്നൈ ട്രിപ്ലിക്കേൻ സ്വദേശിയായ ബദ്രിനാഥ് നേത്ര ചികിത്സാ മേഖല തിരഞ്ഞെടുത്തത്. മദ്രാസ് മെഡിക്കൽ കോളജിലെ ബിരുദ പഠനത്തിനു ശേഷം യുഎസിലായിരുന്നു ഉപരിപഠനം. ബോസ്റ്റണിലെ മാസച്യുസെറ്റ്സ് ഐ ആൻഡ് ഇയർ ഇൻഫേമറിയിൽ ജോലി ചെയ്തു. ഫെലോ ഓഫ് ദ് റോയൽ കോളജ് ഓഫ് സർജൻസ് (കാനഡ) ബിരുദവുമായി ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം നഗരത്തിലെ വിവിധ ആശുപത്രികളിൽ പ്രവർത്തിച്ചു.
സ്വാമി ചന്ദ്രശേഖരേന്ദ്ര സരസ്വതിക്കു തിമിര ശസ്ത്രക്രിയ നടത്തിയതിലൂടെയാണ് കാഞ്ചി മഠവുമായുള്ള ബന്ധം തുടങ്ങുന്നത്. കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതിയുമായുള്ള കൂടിക്കാഴ്ച 1978 ൽ ശങ്കര നേത്രാലയ ആരംഭിക്കുന്നതിനുള്ള പ്രചോദനമായി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികളെ സേവിക്കാൻ ശങ്കര നേത്രാലയ ചാരിറ്റബിൾ ട്രസ്റ്റ് തുടങ്ങി. ഒപ്പം, വിദഗ്ധ ഡോക്ടർമാരെ വാർത്തെടുക്കാൻ അക്കാദമിക രംഗത്തും മികച്ച സൗകര്യങ്ങളൊരുക്കി.
രാജ്യത്തിനകത്തും പുറത്തു നിന്നുമായി ദിവസേന രണ്ടായിരത്തിലേറെ പേരാണു ചെന്നൈയിൽ മാത്രം ചികിത്സ തേടി എത്തുന്നത്. ചെന്നൈയിൽ പ്രധാന ക്യാംപസ് അടക്കം വിവിധയിടങ്ങളിലായി 14 ആശുപത്രികൾ പ്രവർത്തിക്കുന്നുണ്ട്. രാജ്യത്തെ അറിയപ്പെടുന്ന വിട്രിയോ റെട്ടിനൽ സർജൻ എന്ന നിലയിലും പ്രശസ്തനായ ബദ്രിനാഥിനെ രാജ്യം പത്മഭൂഷൻ നൽകി ആദരിച്ചിട്ടുണ്ട്. ഡോ.ബി.സി.റോയ് ദേശീയ പുരസ്കാരം ഉൾപ്പെടെ ലഭിച്ചിട്ടുണ്ട്. ശിശുരോഗ വിദഗ്ധയും ഹെമറ്റോളജിസ്റ്റുമായ ഡോ. വസന്തി ബദ്രിനാഥ് ആണു ഭാര്യ. മക്കൾ ശേഷു ബദ്രിനാഥ്, അനന്ദ് ബദ്രിനാഥ്.