പുനർനിയമന നടപടി സുപ്രീം കോടതി റദ്ദാക്കി; കണ്ണൂർ വിസി പുറത്ത്
Mail This Article
ന്യൂഡൽഹി ∙ കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലറായി ഡോ.ഗോപിനാഥ് രവീന്ദ്രനെ വീണ്ടും നിയമിച്ചുള്ള ചാൻസലറുടെ (ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ) നടപടി സുപ്രീം കോടതി റദ്ദാക്കി. വിസി നിയമനത്തിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു നടത്തിയ നിയമവിരുദ്ധ ഇടപെടലും അതനുസരിച്ച് ചാൻസലർ കൈക്കൊണ്ട തീരുമാനവുമാണ് നടപടി റദ്ദാക്കാനുള്ള കാരണം.
ചാൻസലർ മറ്റാരുടെയെങ്കിലും തീരുമാനം ശരിവയ്ക്കുന്ന വെറും റബർ സ്റ്റാംപ് ആകരുതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജഡ്ജിമാരായ ജെ.ബി.പർദിവാല, മനോജ് മിശ്ര എന്നിവരുടെ ബെഞ്ച് ഓർമിപ്പിച്ചു.
വിസി നിയമനം യുജിസി ചട്ടങ്ങൾക്കു വിരുദ്ധമായതിനാൽ നിയമപ്രകാരം നിലനിൽക്കില്ലെന്നു പ്രഖ്യാപിക്കണമെന്ന് ചാൻസലർ കോടതിയിലെടുത്ത നിലപാട് തങ്ങളെ അമ്പരപ്പിച്ചെന്ന് ജസ്റ്റിസ് പർദിവാല എഴുതിയ വിധിന്യായത്തിൽ പറഞ്ഞു.
വിസി നിയമനത്തിൽ ചാൻസലറുടെ സ്വതന്ത്ര തീരുമാനമാണു വേണ്ടിയിരുന്നത്. നിയമനം വിവാദമായ പശ്ചാത്തലത്തിൽ കഴിഞ്ഞവർഷം ഫെബ്രുവരി മൂന്നിനു രാജ്ഭവൻ ഇറക്കിയ വാർത്തക്കുറിപ്പ് പൂർണമായിത്തന്നെ വിധിന്യായത്തിൽ ഉൾപ്പെടുത്തി. ‘പുനർനിയമനത്തിനു നടപടി തുടങ്ങിയത് മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസ മന്ത്രിയുമാണ്’, ‘മന്ത്രിയുടെ അഭ്യർഥനയെയും അഡ്വക്കറ്റ് ജനറലിന്റെ അഭിപ്രായത്തെയും തുടർന്നാണ് വിസിയെ നിർണയിക്കാനുള്ള പ്രക്രിയ അവസാനിപ്പിച്ചത്’ തുടങ്ങിയ പരാമർശങ്ങൾ വാർത്തക്കുറിപ്പിൽനിന്ന് കോടതി എടുത്തുപറഞ്ഞു. സംസ്ഥാന സർക്കാരിന്റെ താൽപര്യപ്രകാരമായിരുന്നു നിയമനമെന്നും ചാൻസലറുടെ സ്വതന്ത്ര തീരുമാനം ഉണ്ടായില്ലെന്നും ഈ വസ്തുതകൾ വ്യക്തമാക്കുന്നുവെന്നു കോടതി വിശദീകരിച്ചു. ഡോ.ഗോപിനാഥിന്റെ പുനർനിയമനം ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ചും തുടർന്നുള്ള അപ്പീൽ ഡിവിഷൻ ബെഞ്ചും തള്ളിയിരുന്നു.
ഇതു ചോദ്യം ചെയ്ത് പയ്യന്നൂർ കോളജിലെ ഇംഗ്ലിഷ് വിഭാഗം അധ്യാപകൻ ഡോ.പ്രേമചന്ദ്രൻ കീഴോത്തും കാസർകോട് രാജപുരം സെന്റ് പയസ് ടെൻത് കോളജിലെ മാനേജ്മെന്റ് സ്റ്റഡീസ് അധ്യാപകൻ ഡോ.ഷിനോ പി.ജോസും നൽകിയ ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്.
നിയമനം റദ്ദാക്കണമെന്ന ഹർജിക്കാരുടെ ആവശ്യം അംഗീകരിച്ചെങ്കിലും ഡോ. ഗോപിനാഥിനു പുനർനിയമന യോഗ്യതയില്ലെന്ന വാദം കോടതി തള്ളി. നിശ്ചിത കാലാവധിയിലേക്ക് വിസിയായി നിയമിക്കപ്പെട്ടയാളെ വീണ്ടും നിയമിക്കാം; ഡോ.ഗോപിനാഥിന് 60 വയസ്സു കഴിഞ്ഞുവെന്നത് പുനർനിയമനത്തിനു തടസ്സമല്ല. ഉടനെയുള്ള പുനർനിയമനത്തിന് സർവകലാശാലാ നിയമപ്രകാരം വിസി നിയമനത്തിനുള്ള നടപടിക്രമം വേണ്ട– കോടതി വിശദീകരിച്ചു.
സീനിയർ പ്രഫസർക്ക് ചുമതല നൽകും
തിരുവനന്തപുരം ∙ ഡോ. ഗോപിനാഥ് രവീന്ദ്രൻ പുറത്തായ സാഹചര്യത്തിൽ, സർവകലാശാലയിൽനിന്നു സീനിയർ പ്രഫസർമാരുടെ പട്ടിക വാങ്ങി യോഗ്യതയുള്ളയാൾക്കു ഗവർണർ വിസിയുടെ ചുമതല നൽകും. വിധിപ്പകർപ്പ് ലഭിച്ചാലുടൻ തീരുമാനമെടുക്കുമെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അറിയിച്ചു. പ്രോ വൈസ് ചാൻസലറും വിസിക്കൊപ്പം പുറത്തുപോകുന്നതിനാലാണ് സീനിയർ പ്രഫസർക്കു ചുമതല നൽകുന്നത്. സർക്കാരിൽനിന്നു പട്ടിക വാങ്ങി അതിൽനിന്നു നിയമിക്കുകയാണ് പതിവെങ്കിലും സുപ്രീം കോടതി വിധിയോടെ അതിനുള്ള സാധ്യത ഇല്ലാതായി.
വിധിയുടെ പശ്ചാത്തലത്തിൽ, കണ്ണൂർ ഉൾപ്പെടെ സ്ഥിരം വിസി ഇല്ലാത്ത എല്ലാ സർവകലാശാലകളിലെയും നിയമന നടപടി തുടങ്ങാനും ഗവർണർ ആലോചിക്കുന്നു.
തന്റേതായ തീർപ്പിന്റെ അടിസ്ഥാനത്തിലാണ് ചാൻസലർ ഉത്തരവാദിത്തം നിർവഹിക്കേണ്ടിയിരുന്നത്
മറ്റാരുടെയെങ്കിലും താൽപര്യപ്രകാരമല്ല, നിയമപ്രകാരവും തന്റേതായ തീർപ്പിന്റെ അടിസ്ഥാനത്തിലുമാണ് ചാൻസലർ ഉത്തരവാദിത്തം നിർവഹിക്കേണ്ടിയിരുന്നത്. വിവേചനാധികാരം പ്രയോഗിക്കുന്നതിലുണ്ടാകുന്ന ഭരണഘടനാബാഹ്യ ഇടപെടലിനെ നിയമം അംഗീകരിക്കുന്നില്ല. അത്തരത്തിലുള്ള ഏത് ഇടപെടലും രാഷ്ട്രീയ മേലധികാരിയുടെ ആജ്ഞയാവും. അതിനെ കോടതി പല തവണ അപലപിച്ചിട്ടുള്ളതുമാണ്.–സുപ്രീം കോടതി
വിധി അംഗീകരിക്കുന്നു.
വിധി അംഗീകരിക്കുന്നു. ഇന്നു ഡൽഹി ജാമിയ മില്ലിയ സർവകലാശാലയിലെ ജോലിയിൽ തിരികെ പ്രവേശിക്കും. ഞാൻ ആവശ്യപ്പെട്ടിട്ടായിരുന്നില്ല പുനർനിയമനം. നടപടിയിൽ തെറ്റു തോന്നിയിട്ടുമില്ല. വിധിക്കെതിരെ റിവ്യൂ ഹർജി നൽകില്ല. ഡോ. പ്രിയാ വർഗീസിന്റെ നിയമനത്തിൽ ബാഹ്യ ഇടപെടലുണ്ടായിട്ടില്ല. ആ നിയമനം തെറ്റാണെന്നു നാളെ കോടതി പറഞ്ഞാൽ പ്രിയയ്ക്കും മാറേണ്ടി വരും.–ഡോ. ഗോപിനാഥ് രവീന്ദ്രൻ
സുപ്രീം കോടതി വിധി അംഗീകരിക്കുന്നു: മന്ത്രി ബിന്ദു
പെരിന്തൽമണ്ണ ∙ കണ്ണൂർ സർവകലാശാലാ വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധി അംഗീകരിക്കുന്നതായി മന്ത്രി ആർ.ബിന്ദു. വിധിയുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തിൽ ഒരു നിർദേശം മുന്നോട്ടു വയ്ക്കുകയാണ് സർക്കാർ ചെയ്തത്.
മന്ത്രി ആർ.ബിന്ദു രാജിവയ്ക്കണം:വി.ഡി.സതീശൻ
തൃശൂർ ∙ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ ശരിവയ്ക്കുന്നതാണു കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുടെ പുനർനിയമനം റദ്ദാക്കിയുള്ള സുപ്രീംകോടതി വിധിയെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു രാജിവയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. യുജിസി മാനദണ്ഡങ്ങൾ ലംഘിച്ചാണു വിസിയെ നിയമിച്ചത്.
എല്ലാം മുഖ്യമന്ത്രിയുടെ സമ്മർദം മൂലം: ഗവർണർ
തിരുവനന്തപുരം ∙ നിയമവിരുദ്ധമെന്ന് അറിഞ്ഞിട്ടും മുഖ്യമന്ത്രിയുടെ സമ്മർദം കൊണ്ടാണ് പുനർനിയമന ഉത്തരവിറക്കിയതെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു.
മുഖ്യമന്ത്രി തന്നെ കാണുകയും കണ്ണൂർ തന്റെ നാടാണെന്നു പറയുകയും ചെയ്തു. ഉന്നതവിദ്യാഭ്യാസ മന്ത്രിയെ പഴിക്കുന്നതു തെറ്റാണ്. അവരെ മുഖ്യമന്ത്രി ഉപകരണമാക്കുകയായിരുന്നു. തനിക്കു കത്തെഴുതാൻ മന്ത്രിക്കു മേൽ സമ്മർദം ചെലുത്തി. പുതിയ വിസിയെ നിയമിക്കാനുള്ള നടപടി തുടങ്ങിയപ്പോൾ ആദ്യം തന്നെ സമീപിച്ചതു മുഖ്യമന്ത്രിയാണ്. നടപടി പുരോഗമിക്കുകയാണെന്നും താങ്കളുടെ അഭിപ്രായം പരിഗണിക്കാമെന്നും മറുപടി നൽകി. 3 ദിവസത്തിനു ശേഷം മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവും ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടിയും (ഒഎസ്ഡി) തന്നെ കണ്ടു. മുഖ്യമന്ത്രി പറഞ്ഞതുപോലെ ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് അവർ ചോദിച്ചു. നിയമം അനുശാസിക്കുന്ന നടപടിയാണ് താൻ തുടങ്ങിയതെന്നു മറുപടി നൽകി. പുതിയ വിസിയെ നിയമിക്കാനുള്ള നടപടി നിർത്തിവയ്ക്കാമെന്ന് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം ഉണ്ടെന്നു പറഞ്ഞ അവർ, അദ്ദേഹത്തിന്റെ ഒപ്പില്ലാത്ത രേഖ കൈമാറി. അതു താൻ ആദ്യം സ്വീകരിച്ചില്ല. പിന്നീട് അവർ രേഖയുമായെത്തി.
മന്ത്രിയുടെ കത്തുമായി തന്നെ കണ്ടതു മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവും ഒഎസ്ഡിയുമാണ്. നിയമവിരുദ്ധമാണെങ്കിലും എജിയുടെ നിയമോപദേശമുള്ളതിനാൽ അംഗീകരിക്കുകയാണെന്ന് താൻ അറിയിച്ചു.
നിയമവിരുദ്ധമായ കാര്യമാണ് ആവശ്യപ്പെട്ടതെന്നും സർവകലാശാലകളുടെ ചാൻസലറായി തുടരാൻ താൽപര്യമില്ലെന്നും ചൂണ്ടിക്കാട്ടി പിന്നീട് മുഖ്യമന്ത്രിക്കു കത്തയച്ചു.
മുഖ്യമന്ത്രിക്കു പദവിയിൽ തുടരാൻ കഴിയുമോ എന്നത് ധാർമിക ചോദ്യമാണെന്നും താൻ ആരുടെയും രാജി ആവശ്യപ്പെടുന്നില്ലെന്നും ഗവർണർ പറഞ്ഞു.