സുഖ്ദേവ് സിങ് ഗോഗമേദിയുടെ കൊലപാതകം: ഉത്തരവാദിത്തമേറ്റ് ലോറൻസ് ബിഷ്ണോയി സംഘാംഗം
Mail This Article
ജയ്പുർ ∙ അധോലോക നായകൻ ലോറൻസ് ബിഷ്ണോയിയുടെ സംഘാംഗമായ ഇപ്പോൾ കാനഡയിലുള്ള രോഹിത് ഗോദര കപുരിസർ സുഖ്ദേവ് സിങ് ഗോഗമേദിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്തു. ‘ശത്രുക്കളുമായി സഹകരിച്ചതിന്റെ ശിക്ഷ’യാണ് നൽകിയതെന്ന് കപുരിസർ സമൂഹമാധ്യമത്തിലൂടെ പറഞ്ഞു. എന്നാൽ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ഉച്ചയ്ക്ക് ഒരുമണിയോടെ എത്തിയ സംഘം മുൻകൂർ അനുമതി വാങ്ങിയശേഷമാണ് അകത്തുകടന്നത്. പത്തു മിനിട്ടോളം സുഖ്ദേവ് സിങ്ങുമായി ഇവർ സംസാരിക്കുന്നതിന്റെയും തുടർന്നു വെടിവയ്ക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. വെടിയേറ്റ സുഖ്ദേവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുഖ്ദേവിന്റെ ഗൺമാൻ നരേന്ദ്രൻ അടക്കം 3 പേർക്ക് പരുക്കേറ്റു. 2 പേരുടെ നില ഗുരുതരമാണ്.
ജയ്പുരിലെ ഒരു കടയുടമയായ നവീൻ സിങ് ഷെഖാവത്ത് ആണ് കൊല്ലപ്പെട്ട അക്രമി. അജിത് സിങ് എന്ന സുരക്ഷാഭടന്റെ വെടിയേറ്റാണ് ഇയാൾ കൊല്ലപ്പെട്ടത്. മറ്റു 2 പേർ പുറത്തിറങ്ങി ഒരു സ്കൂട്ടർ യാത്രക്കാരനെ വെടിവച്ച ശേഷം തട്ടിയെടുത്ത വണ്ടിയിൽ രക്ഷപ്പെട്ടു. അക്രമികൾക്കായുള്ള തിരച്ചിൽ ശക്തമാക്കിയതായി ജയ്പുർ കമ്മിഷണർ ബിജു ജോർജ് ജോസഫ് അറിയിച്ചു. കർണിസേനയ്ക്കു പിന്തുണയുള്ള ജില്ലകളിൽ സുരക്ഷ വർധിപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
രാജസ്ഥാനിലെ ബിക്കാനീർ സ്വദേശിയാണ് അധോലോക കുറ്റവാളി രോഹിത് ഗോദര കപൂരിസർ. 32 കേസുകളിലെ പ്രതിയാണ്. സിദ്ദു മൂസെവാല കൊലപാതകത്തിലും ഇയാൾക്കു പങ്കുണ്ട്. 2022 ജൂലൈയിൽ വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് ദുബായിലേക്കു കടന്നു. ഇപ്പോൾ കാനഡയിലാണ്. ലോറൻസ് ബിഷ്ണോയി ഇപ്പോൾ തിഹാർ ജയിലിലാണ്.
കർണി സേന
രജപുത്രരുടെ സംഘടനയാണ് 2006ൽ സ്ഥാപിതമായ ശ്രീ രാജ്പുത് കർണി സേന. ഈ സംഘടനയിൽ നിന്ന് പുറത്തായതിനെ തുടർന്ന് സുഖ്ദേവ് സിങ് ഗോഗമെദി 2015ൽ സ്ഥാപിച്ചതാണ് ശ്രീ രാഷ്ട്രീയ രാജ്പുത് കർണി സേന. മാഫിയ തലവനായ ആനന്ദ് പാൽ സിങ് 2017ൽ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിനു പിന്നാലെ നടന്ന അക്രമസംഭവങ്ങൾക്ക് നേതൃത്വം നൽകിയതോടെയാണ് സുഖ്ദേവ് സിങ് ഗോഗമെദി വാർത്തകളിൽ നിറഞ്ഞത്.