മാധ്യമപ്രവർത്തകരുടെ ഫോൺ പിടിച്ചെടുക്കൽ മാർഗരേഖയ്ക്ക് സമിതിയായെന്ന് കേന്ദ്രം
Mail This Article
ന്യൂഡൽഹി ∙ അന്വേഷണ ഏജൻസികൾ മാധ്യമപ്രവർത്തകരുടെ മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും പിടിച്ചെടുക്കുന്നതുൾപ്പെടെ വിഷയങ്ങൾ പരിശോധിക്കാനും മാർഗരേഖ തയാറാക്കാനും കേന്ദ്ര സർക്കാർ സമിതി രൂപീകരിച്ചു. അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി.രാജുവാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. തുടർന്നു വിഷയം 14നു പരിഗണിക്കാൻ മാറ്റി.
മാധ്യമപ്രവർത്തകരുടെ സ്വകാര്യത സംരക്ഷിക്കുന്നതിനു മാർഗരേഖ തയാറാക്കുന്നതാണു നല്ലതെന്നു കേസിൽ നേരത്തേ ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് സുധാൻഷു ധൂലിയ എന്നിവരുടെ ബെഞ്ച് വിലയിരുത്തിയിരുന്നു. നിയമവിരുദ്ധമായി ഫോണും മറ്റും പിടിച്ചെടുക്കുന്നതിൽ മറ്റൊരു ഹർജി പരിഗണിക്കവേ കോടതി ആശങ്ക അറിയിക്കുകയും ചെയ്തിരുന്നു.
സമിതി രൂപീകരിച്ചതു ചൂണ്ടിക്കാട്ടി കൂടുതൽ സമയം തേടുകയാണ് ഇന്നലെ കേന്ദ്രം ചെയ്തത്. എന്നാൽ, നോട്ടിസ് അയച്ചിട്ട് 2 വർഷം പിന്നിട്ടെന്നും സമയക്രമം നിശ്ചയിച്ചു മുന്നോട്ടുപോകണമെന്നും കോടതി നിർദേശിച്ചു.