ADVERTISEMENT

ന്യൂ‍ഡൽഹി ∙ ഷൂസിനുള്ളിൽ ഒളിപ്പിച്ചാണ് അക്രമികൾ പുകക്കുറ്റി (സ്മോക് കാനിസ്റ്റർ) സഭയിലെത്തിച്ചത്. കർശനമായ ദേഹപരിശോധന പാർലമെന്റിലുണ്ടെങ്കിലും ഷൂസ് ഊരിയുള്ള പരിശോധനയുണ്ടായിരുന്നില്ല. ഈ പിഴവാണ് അക്രമികൾ ദുരുപയോഗിച്ചത്.

ചൈനീസ് നിർമിതമായ ക്രിയേറ്റീവ് കളർ സ്മോക് എന്ന പുകക്കുറ്റിയാണ് അക്രമികൾ കൊണ്ടുവന്നത്. പാർട്ടികൾ, വിവാഹങ്ങൾ, ഹോളി പോലെയുള്ള ആഘോഷങ്ങൾ തുടങ്ങിയവയ്ക്കാണ് ഇതുപയോഗിക്കുന്നത്. 150 –250 രൂപയാണു വില. പൊട്ടാസ്യം നൈട്രേറ്റ്, സോഡിയം ബൈകാർബണേറ്റ് തുടങ്ങിയ രാസവസ്തുക്കൾ ഉയർന്ന മർദത്തിൽ നിറച്ചതാണു പുകക്കുറ്റി. കുറ്റിയിലെ പിൻ വലിച്ചാലുടൻ പുക പുറത്തേക്കു ചീറ്റും. പുക അപകടകരമല്ല. ചിലർക്ക് അസ്വസ്ഥതയുണ്ടാക്കാമെന്നു മാത്രം.

ലോക്സഭയിൽ പുക; പുറത്ത് പരിഭ്രാന്തി

ന്യൂഡൽഹി ∙ ഉച്ചയ്ക്ക് ഒരു മണി. ‘ലോക്സഭയ്ക്കുള്ളിൽ ആക്രമണമുണ്ടായി. വിഷപ്പുകയുമായി 2 പേർ ഗാലറിയിൽനിന്നു ചാടി...’ സഭയ്ക്കു പുറത്തേക്ക് ഓടിയെത്തിയ കോൺഗ്രസ് അംഗം കാർത്തി ചിദംബരം അലറിവിളിച്ചു. പിന്നാലെ മറ്റ് എംപിമാരും പുറത്തേക്കു പാഞ്ഞിറങ്ങി. പ്രതിഷേധക്കാർ തുറന്നുവിട്ട മഞ്ഞപ്പുക വിഷമാണെന്നാണു കാർത്തിയുൾപ്പെടെ ആദ്യം കരുതിയത്. രാഹുൽ ഗാന്ധി അടക്കം കൂടുതൽ പേർ പിന്നാലെ പുറത്തെത്തി.

സഭയ്ക്കു പുറത്തുള്ളവർ എന്താണു സംഭവിക്കുന്നതെന്നറിയാതെ ഞെട്ടിനിന്നു. 2001 ലെ ആക്രമണത്തിന്റെ 22–ാം വാർഷികവുമായി ബന്ധപ്പെട്ട ചടങ്ങുകൾ പാർലമെന്റ് അങ്കണത്തിൽ നടന്ന് ഏതാനും മണിക്കൂറുകൾ മാത്രമേ കഴിഞ്ഞിരുന്നുള്ളൂ. പാർലമെന്റ് സുരക്ഷാ സർവീസിലെ ഉദ്യോഗസ്ഥരും നായയും സഭയ്ക്കുള്ളിലേക്കു കുതിച്ചു. പാർലമെന്റിലേക്കു കയറാൻ കാത്തുനിന്ന സന്ദർശകരെ സുരക്ഷാസംഘം സ്ഥലത്തുനിന്നു മാറ്റി.

English Summary:

Smoke Canister is the party star not dangerous

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com