പത്മശ്രീ തിരിച്ചുനൽകും: ബധിര ഒളിംപിക്സ് സ്വർണ ജേതാവ്
Mail This Article
ന്യൂഡൽഹി ∙ ബധിര ഒളിംപിക്സ് ഗുസ്തിയിലെ സ്വർണ മെഡൽ ജേതാവ് വീരേന്ദർ സിങ്ങും പത്മശ്രീ പുരസ്കാരം കേന്ദ്ര സർക്കാരിനു മടക്കിനൽകുമെന്നു പ്രഖ്യാപിച്ചു. ലൈംഗികാതിക്രമക്കേസിൽ പ്രതിയായ ബിജെപി എംപി ബ്രിജ്ഭൂഷൺ ശരൺ സിങ്ങിന്റെ വിശ്വസ്തൻ ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിൽ പ്രതിഷേധിച്ചാണ് സാക്ഷി മാലിക്, ബജ്‌രംഗ് പുനിയ എന്നീ താരങ്ങൾക്കു പിന്നാലെ വീരേന്ദറും രംഗത്തെത്തിയത്.
ഇതിഹാസ താരങ്ങളായ സച്ചിൻ തെൻഡുൽക്കറും നീരജ് ചോപ്രയും നിലപാട് വ്യക്തമാക്കണമെന്നും വീരേന്ദർ സമൂഹമാധ്യമമായ ‘എക്സി’ലൂടെ ആവശ്യപ്പെട്ടു. 2005 ലെ മെൽബൺ ബധിര ഒളിംപിക്സിലും 2013 ലെ ബൾഗേറിയൻ ബധിര ഒളിംപിക്സിലും വീരേന്ദർ സ്വർണം നേടിയിരുന്നു. 2021 ലാണ് പത്മശ്രീ ലഭിച്ചത്. അർജുന അവാർഡും ലഭിച്ചിട്ടുണ്ട്. താരങ്ങളുടെ പ്രതിഷേധത്തെക്കുറിച്ചു പ്രതികരിക്കാൻ കേന്ദ്ര കായിക മന്ത്രി അനുരാഗ് സിങ് ഠാക്കൂർ വിസമ്മതിച്ചു.