എൽ1 – ബെംഗളൂരു: 5–6 സെക്കൻഡിൽ വിവരമെത്തും
Mail This Article
തിരുവനന്തപുരം ∙ സൂര്യനെക്കുറിച്ചു പഠിക്കാൻ ഇന്ത്യ അയച്ച ആദിത്യ എൽ1 പേടകം നിൽക്കുന്ന ഒന്നാം ലഗ്രാഞ്ച് ബിന്ദുവിൽനിന്നു പുറപ്പെടുന്ന വെളിച്ചം ഭൂമിയിലെത്താൻ ഏകദേശം 4 സെക്കൻഡ് വേണം. സെക്കൻഡിൽ ഏകദേശം 3 ലക്ഷം കിലോമീറ്ററാണ് പ്രകാശവേഗം. ആദിത്യ എൽ1 നിൽക്കുന്ന സ്ഥാനം പ്രകാശവേഗത്തിന്റെ പകുതിയോളം വേഗത്തിൽ കണ്ടെത്താൻ പുതിയ ഡോപ്ലർ സംവിധാനമുണ്ട്. ആദിത്യയുടെ കൃത്യമായ സ്ഥാനം ഏകദേശം 5–6 സെക്കൻഡ് കൊണ്ട് ബെംഗളൂരു ബൈലാലുവിലെ ഐഎസ്ആർഒയുടെ ആന്റിനയിൽ ലഭിക്കും.
ആദിത്യയുടെ വഴി
ആദിത്യ എൽ1 പേടകത്തെ എങ്ങനെയാണ് സാങ്കൽപികമായ ഒന്നാം ലഗ്രാഞ്ച് ബിന്ദുവിലെ ഭ്രമണപഥത്തിലേക്ക് എത്തിച്ചത്? ദൗത്യത്തിൽ നിർണായക പങ്കു വഹിച്ച തിരുവനന്തപുരത്തെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ ഡയറക്ടർ ഡോ. വി.നാരായണനും വിക്രം സാരാഭായ് സ്പേസ് സെന്റർ ഡയറക്ടർ ഡോ. എസ്.ഉണ്ണിക്കൃഷ്ണൻ നായരും പറയുന്നു:
∙ ഡോ. വി.നാരായണൻ: പേടകത്തിന്റെ വേഗം കുറയ്ക്കുകയാണ് ആദ്യം ചെയ്തത്. 22 ന്യൂട്ടൻ ശേഷിയുള്ള 8 ത്രസ്റ്ററുകളാണ് ഇതിനായി ഉപയോഗിച്ചത്. ഓരോ ത്രസ്റ്ററും 217 സെക്കൻഡ് ജ്വലിപ്പിച്ചാണ് അപ്പോഴുണ്ടായിരുന്ന വേഗത്തിൽനിന്ന് സെക്കൻഡിൽ 31 മീറ്റർ വേഗം കുറച്ചത്. നിശ്ചയിച്ചതു പ്രകാരം കൃത്യമായി വേഗം കുറച്ചതോടെ ഭ്രമണപഥത്തിലേക്കു തിരിച്ചുവിടാൻ കഴിഞ്ഞു. 22 ന്യൂട്ടൻ ത്രസ്റ്റർ കൂടാതെ 10 ന്യൂട്ടൻ ശേഷിയുള്ള 4 ത്രസ്റ്റർ എൻജിനുകളുമുണ്ട്. ഭ്രമണപഥത്തിൽ ചുറ്റുന്നതിനിടെ വ്യതിയാനമുണ്ടായാൽ തിരികെ കൃത്യമായ പാതയിലെത്തിക്കാൻ ഇവ ഉപയോഗിക്കും. ഇതിന് ഒരു വർഷം ആകെ 6–7 ലീറ്റർ പ്രൊപ്പല്ലന്റ് വേണ്ടിവരുമെന്നു കരുതുന്നു. പേടകത്തിൽ 100 ലീറ്റർ പ്രൊപ്പല്ലന്റ് ശേഷിക്കുന്നുണ്ട്. പേടകത്തിന്റെ പ്രതീക്ഷിത ആയുസ്സായ 5 വർഷം കഴിഞ്ഞും ആവശ്യമെങ്കിൽ പ്രവർത്തിക്കാൻ ഈ ഇന്ധനം മതിയാകും.
∙ ഡോ. എസ്.ഉണ്ണിക്കൃഷ്ണൻ നായർ: എൽ1 ബിന്ദുവിൽ ആദിത്യ എൽ1 കറങ്ങുന്നത് സാധാരണ ഗ്രഹങ്ങൾക്കു ചുറ്റും ഉപഗ്രഹങ്ങൾ സഞ്ചരിക്കുന്നതുപോലെയുള്ള ഭ്രമണപഥത്തിൽ അല്ല. ഒരു ഉഴുന്നുവട സങ്കൽപിച്ചാൽ അതുപോലെ മുകളിലേക്കും താഴേക്കും വശങ്ങളിലേക്കും നിശ്ചിത അകലത്തിലുള്ള ത്രിമാന ഘടനയാണ് അതിനുള്ളത്. വിവിധ വശങ്ങളിലേക്ക് ഏകദേശം 2.092 ലക്ഷം, 6.632 ലക്ഷം, 1.2 ലക്ഷം കിലോമീറ്റർ വീതമാണ് ഈ ഭ്രമണപഥത്തിന്റെ ദൈർഘ്യം.