ADVERTISEMENT

ന്യൂഡൽഹി∙ 2 മലയാളികളടക്കം 29 പേരുമായി ബംഗാൾ ഉൾക്കടലിനു മീതെ 2016ൽ കാണാതായ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി നിയോഗിച്ച സമുദ്രഗവേഷണ വാഹനമാണ് ചെന്നൈ തീരത്തു നിന്ന് 310 കിലോമീറ്റർ അകലെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. സമുദ്രനിരപ്പിൽ നിന്ന് 34,00 മീറ്റർ താഴെ നിന്നെടുത്ത ഫോട്ടോകളിൽ നടത്തിയ വിശദ പരിശോധനയിലാണ് അവശിഷ്ടങ്ങൾ സ്ഥിരീകരിച്ചത്. ഈ പ്രദേശത്ത് മറ്റു വിമാനാപകടങ്ങളൊന്നും മുൻപ് നടന്നിട്ടില്ലാത്തതിനാൽ, അവശിഷ്ടങ്ങൾ കാണാതായ എഎൻ 32 വിമാനത്തിന്റേതാണെന്ന് ഉറപ്പിച്ചതായി പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.

കോഴിക്കോട് സ്വദേശികളായ സജീവ് കുമാർ, വിമൽ എന്നിവരടക്കം 29 പേരുമായി 2016 ജൂലൈ 22നു ചെന്നൈ താംബരത്തു നിന്ന് ആൻഡമാനിലെ പോർട് ബ്ലെയറിലേക്കുള്ള യാത്രയ്ക്കിടെയാണു വിമാനം കാണാതായത്. വിമാനം കാണാതായ ദിവസം മുതൽ വൻ രക്ഷാപ്രവർത്തനമാണ് തുടങ്ങിയത്. 16 കപ്പലുകളും അന്തർവാഹിനിയും ആറു വിമാനങ്ങളും തിരച്ചിലിനായി വിന്യസിച്ചിരുന്നു. എന്നാൽ,  വിമാനം കണ്ടെത്തുന്നതിൽ പരാജയപ്പെട്ടുവെന്നും വിമാനത്തിൽ ഉണ്ടായിരുന്നവർ മരിച്ചുവെന്നു കരുതാതെ വഴിയില്ലെന്നും 2016 സെപ്റ്റംബർ 16ന് 29 യാത്രക്കാരുടെ കുടുംബത്തെയും വ്യോമസേന അറിയിച്ചിരുന്നു.

കൊല്ലപ്പെട്ട 2 മലയാളികളും കോഴിക്കോട് സ്വദേശികൾ

കോഴിക്കോട് ∙ രാജ്യത്തെ നടുക്കിയ അപകടത്തിൽ കൊല്ലപ്പെട്ട 2 മലയാളികളും കോഴിക്കോട് സ്വദേശികൾ. കക്കോടി മക്കട കോട്ടുപാടം ചെറിയാമ്പറത്ത് വാസു നായരുടെ മകൻ വിമൽ, കാക്കൂർ പാച്ചോറ രാജന്റെ മകൻ സജീവ് കുമാർ എന്നിവരും രാവിലെ 8.40നു പറന്നുയർന്ന വിമാനത്തിലുണ്ടായിരുന്നു. 8.46നാണ് റഡാറിൽ നിന്ന് വിമാനം അപ്രത്യക്ഷമായത്. നായിക് റാങ്കിൽ ജൂനിയർ എൻജിനീയറായി സ്ഥാനക്കയറ്റം ലഭിച്ച ശേഷമാണ് വിമൽ പോർട് ബ്ലെയറിൽ എത്തിയത്. അമ്മ പത്മജയും ഭാര്യ രേഷ്മയും അനുജൻ വിപിനുമാണ് വിമലിന്റെ കുടുംബാംഗങ്ങൾ. ബെംഗളൂരു നേവി ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം ആൻഡമാനിലേക്കുള്ള യാത്രയിലായിരുന്നു സജീവ്. ഭാര്യ ജസീനയും മകൾ ദിയലക്ഷ്മിയും ഒരാഴ്ച മുൻപ് ആൻഡമാനിലെത്തിയിരുന്നു. ചന്ദ്രമതിയാണ് സജീവിന്റെ അമ്മ. 

English Summary:

Remains of Air Force plane that went missing in 2016 were found

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com