ബിജെപി വിദ്വേഷം പരത്തുന്നു: രാഹുൽ
Mail This Article
കൊൽക്കത്ത ∙ വെറുപ്പും വിദ്വേഷവും അക്രമവും രാജ്യമാകെ പരത്തുകയാണു കേന്ദ്രത്തിലെ ബിജെപി സർക്കാർ ചെയ്യുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രണ്ടു ദിവസത്തേക്കു നിർത്തിവച്ച ഭാരത് ജോഡോ ന്യായ് യാത്ര ബംഗാളിലെ ജൽപായ്ഗുഡിയിൽ പുനരാരംഭിച്ചുകൊണ്ടാണു രാഹുലിന്റെ വിമർശനം.
ന്യായ് യാത്ര 14ന് മണിപ്പുരിൽ ആരംഭിച്ച് അസം വഴി 25 നാണു ബംഗാളിൽ പ്രവേശിച്ചത്. തൊട്ടുപിന്നാലെ രാഹുൽ ഡൽഹിക്കു മടങ്ങിയിരുന്നു. ഇന്നലെ ഡൽഹിയിൽനിന്ന് സിലിഗുഡിയിലെ ബാഗ്ദോഗ്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ രാഹുലിനെ ബംഗാൾ കോൺഗ്രസ് പ്രസിഡന്റ് അധീർ രഞ്ജൻ ചൗധരി സ്വീകരിച്ചു. തുടർന്നു ജൽപായ്ഗുഡിയിലെത്തി യാത്ര പുനരാരംഭിക്കുകയായിരുന്നു. വെറുപ്പിനും വിദ്വേഷത്തിനും പകരം യുവജനങ്ങൾക്കിടയിൽ സ്നേഹത്തിന്റെയും നീതിയുടെയും വ്യാപനമാണു ലക്ഷ്യമിടേണ്ടതെന്ന് രാഹുൽ പറഞ്ഞു. പാവങ്ങൾക്കും യുവജനങ്ങൾക്കും വേണ്ടിയല്ല, വൻകിട കോർപറേഷനുകൾക്കായാണു കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നതെന്നും ആരോപിച്ചു.
അത് അപരൻ; പേരു പുറത്തുവിടാമെന്ന് ഹിമന്ത
ഗുവാഹത്തി ∙ കോൺഗ്രസിന്റെ ന്യായ് യാത്രയിൽ പങ്കെടുക്കുന്നത് രാഹുൽ ഗാന്ധിയല്ല, അദ്ദേഹത്തിന്റെ അപരനാണെന്ന് ആരോപിച്ച അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ വിശദാംശങ്ങൾ ഉടൻ പുറത്തുവിടുമെന്നു പ്രഖ്യാപിച്ചു.
രാഹുലിന്റെ അപരന്റെ പേരും ആൾമാറാട്ടം എങ്ങനെ നടന്നെന്നും വിശദവിവരങ്ങൾ അടുത്ത ദിവസം പുറത്തുവിടാമെന്നുമാണ് ഹിമന്ത അറിയിച്ചത്. ഇന്ത്യയിലെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രി ഹിമന്തയാണെന്ന് ന്യായ് യാത്രയ്ക്കിടെ രാഹുൽ ആരോപിച്ചിരുന്നു.