സുപ്രീം കോടതിയുടെ ദീർഘ അവധിക്കു പകരം ‘ഫ്ലെക്സി ടൈം’ ചർച്ചയ്ക്ക്; നിർണായക പ്രഖ്യാപനം
Mail This Article
ന്യൂഡൽഹി ∙ സുപ്രീം കോടതിയുടെ ദീർഘ അവധി അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കു തുടക്കമിടുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. സുപ്രീം കോടതിയുടെ 75–ാം വാർഷികാഘോഷ വേളയിലാണ് ചീഫ് ജസ്റ്റിസിന്റെ നിർണായക പ്രഖ്യാപനം. വാർഷികാഘോഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.
എല്ലാവർക്കും ഒരേസമയം അവധിയും ഡ്യൂട്ടിയും എന്നതിനു പകരം പല സമയത്തായി ഇവയെടുക്കാൻ കഴിയുന്ന 'ഫ്ലെക്സി ടൈം' രീതി ജഡ്ജിമാർക്കും അഭിഭാഷകർക്കും സാധ്യമാണോയെന്നു ബാർ കൗൺസിലുമായി ചേർന്നു പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇതുവഴി കോടതി പൂർണമായി അടച്ചിടുന്ന സാഹചര്യം ഒഴിവാകും.
വേനലവധിയുടെയും മറ്റും പേരിൽ സുപ്രീം കോടതി മാസങ്ങളോളം അടച്ചിടുന്ന രീതി അവസാനിപ്പിക്കണമെന്നു നിയമ മന്ത്രാലയവുമായി ബന്ധപ്പെട്ട പാർലമെന്ററി കാര്യ സ്ഥിരംസമിതി കഴിഞ്ഞ ഓഗസ്റ്റിൽ വീണ്ടും ശുപാർശ ചെയ്തിരുന്നു.ഇതിനു പകരം, ഓരോ ജഡ്ജിയും ഇഷ്ടമുള്ള സമയത്ത് ദീർഘദിവസത്തേക്ക് അവധി എടുക്കുന്നതു പരിഗണിക്കണമെന്നായിരുന്നു ശുപാർശ.
ജഡ്ജിമാരുടെ ദീർഘ അവധിയെ മുൻ കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു അടക്കം വിമർശിച്ചിരുന്നു.വാർഷികവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ സെറിമോണിയൽ ബെഞ്ച് ചേർന്നു.
സുപ്രീം കോടതിയുടെ നവീകരിച്ച വെബ്സൈറ്റ് (www.sci.gov.in), ഡിജിറ്റൽ സുപ്രീം കോർട്ട് റിപ്പോർട്ട്സ് പോർട്ടൽ (digiscr.sci.gov.in), ഇ–കോർട്ട്സ് രണ്ടാം പതിപ്പ് എന്നിവയുടെ ഉദ്ഘാടനവും നടന്നു.
രാജ്യമാകെയുള്ള കോടതി സംബന്ധമായ വിവരങ്ങൾ നിരീക്ഷിക്കാനായി വാർ റൂം ആരംഭിക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇതിനായി ജില്ലാ കോടതികളുടെ അടക്കം വിവരം പങ്കുവയ്ക്കുന്ന ദേശീയ ജുഡീഷ്യൽ ഡേറ്റ ഗ്രിഡ്, ഐജൂറിസ് (iJuris) എന്നിവ ഉപയോഗിക്കും.
നീതിയിൽ കാലതാമസം അരുത്: ചീഫ് ജസ്റ്റിസ്
കേസുകൾ ജഡ്ജിമാർ അനാവശ്യമായി മാറ്റി വയ്ക്കുന്നതും അഭിഭാഷകർ അനാവശ്യമായ അവധി ചോദിക്കുന്നതും അവസാനിപ്പിക്കണംമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു. കോടതി നടപടികൾ നീതി ലഭ്യമാക്കുന്നതിൽ കാലതാമസമുണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കണം. ശക്തിയും അധികാരവുമുള്ളവർ ജുഡീഷ്യൽ സ്ഥാപനങ്ങൾ പിടിച്ചടക്കുന്ന അവസ്ഥയും ഉണ്ടാകരുതെന്ന് അദ്ദേഹം പറഞ്ഞു.