മുൻ മന്ത്രി പൊൻമുടിക്ക് തിരിച്ചടി; സെന്തിലിന്റെ കസ്റ്റഡി വീണ്ടും നീട്ടി
Mail This Article
ചെന്നൈ∙ അനധികൃത സ്വത്തു സമ്പാദനക്കേസിൽ തമിഴ്നാട് മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.പൊൻമുടിക്കും ഭാര്യയ്ക്കും ഹൈക്കോടതി വിധിച്ച 3 വർഷം തടവ് ശിക്ഷ സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചു. പൊൻമുടിയുടെ അപ്പീലിൽ മാർച്ച് 4നകം മറുപടി നൽകാൻ സംസ്ഥാന വിജിലൻസിനോടു കോടതി നിർദേശിച്ചു. വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിലാണ് തടവും 50 ലക്ഷം രൂപ പിഴയും വിധിച്ചത്.
അതിനിടെ, ഇ.ഡി റജിസ്റ്റർ ചെയ്ത അനധികൃത പണമിടപാട് നിരോധന നിയമ കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതും വിചാരണയും മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി സെന്തിൽ ബാലാജി നൽകിയ ഹർജിക്കെതിരെ ഇ.ഡി കോടതിയെ സമീപിച്ചു. വിശദമായ വാദം കേൾക്കുന്നതു നാളത്തേക്കു മാറ്റിയ ചെന്നൈ പ്രിൻസിപ്പൽ സെഷൻസ് കോടതി മന്ത്രിയുടെ ജുഡീഷ്യൽ കസ്റ്റഡി 17–ാം തവണയും നീട്ടി. കഴിഞ്ഞ ജൂൺ 14നാണു സെന്തിൽ അറസ്റ്റിലായത്.