കോൺഗ്രസിൽ വീണ്ടുവിചാരം: ന്യായ് യാത്രയുടെ സമയം ശരിയല്ല; ഇടയ്ക്കുവച്ച് നിർത്തേണ്ടി വരുമോയെന്നും ആശങ്ക
Mail This Article
ന്യൂഡൽഹി ∙ രാജ്യത്തിന്റെ വടക്കുകിഴക്കു നിന്ന് പടിഞ്ഞാറേക്ക് രാഹുൽ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ ന്യായ് യാത്ര രാഷ്ട്രീയമായി കോൺഗ്രസിനു ഗുണംചെയ്യുമോയെന്ന കാര്യത്തിൽ പാർട്ടിക്കുള്ളിൽ വ്യത്യസ്താഭിപ്രായം. യാത്ര നടത്താൻ രാഹുൽ തീരുമാനിച്ച സമയം ശരിയല്ലെന്ന വാദമാണ് ഒരു വിഭാഗം ഉയർത്തുന്നത്. തിരഞ്ഞെടുപ്പിനു മുൻപേ ഇന്ത്യ മുന്നണിയെ പരമാവധി തളർത്താൻ ബിജെപി ശ്രമിക്കുമ്പോൾ, അതിനെതിരായ പോരാട്ടം നയിക്കാതെ ഊർജവും ശ്രദ്ധയുമെല്ലാം യാത്രയിൽ കേന്ദ്രീകരിക്കുകയാണ് കോൺഗ്രസ്.
സംഘടനാതലത്തിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്ന യാത്ര ഏതാനും മാസം മുൻപെങ്കിലും നടത്തേണ്ടിയിരുന്നു. തിരഞ്ഞെടുപ്പിലെ സഖ്യങ്ങൾ, സ്ഥാനാർഥി നിർണയം, തന്ത്രരൂപീകരണം എന്നിവയടക്കമുള്ള കാര്യങ്ങളിൽ നിർണായക ഇടപെടലുകൾ നടത്താൻ ഡൽഹിയിൽ നിൽക്കേണ്ട സമയത്ത് രാഹുൽ രാജ്യത്തിന്റെ വിദൂരപ്രദേശങ്ങളിലൂടെ ബസ് യാത്ര നടത്തുന്നത് കോൺഗ്രസിനു രാഷ്ട്രീയമായി ദോഷം ചെയ്യുമെന്നും ഇവർ പറയുന്നു.
ബിഹാറിൽ നിതീഷ് കുമാർ മറുകണ്ടം ചാടിയതും ബംഗാളിൽ മമത ബാനർജി ഇടഞ്ഞതും ഉത്തർപ്രദേശിലെ സീറ്റ് വിഭജന തർക്കവും അടക്കം പ്രതിപക്ഷ ഇന്ത്യ മുന്നണിയെ പ്രതികൂലമായി ബാധിച്ച ഒട്ടേറെ വിഷയങ്ങളിൽ ഫലപ്രദമായി ഇടപെടാൻ യാത്രയിലെ തിരക്കുമൂലം രാഹുലിനു സാധിച്ചില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ, യാത്ര ഇടയ്ക്കുവച്ച് നിർത്തേണ്ടി വരുമോയെന്ന ആശങ്കയും പാർട്ടിക്കുണ്ട്.
രാഹുലിന്റെ കാറിന്റെ ചില്ലുപൊട്ടി കല്ലേറെന്ന് അധീർ രഞ്ജൻ; അല്ലെന്ന് കോൺഗ്രസ്
മാൾഡ (ബംഗാൾ) ∙ ന്യായ് യാത്ര നടത്തുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സഞ്ചരിച്ച കാറിന്റെ പിൻഭാഗത്തെ ചില്ലു തകർന്നു. കല്ലേറിലാണ് തകർന്നതെന്ന് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി ആരോപിച്ചെങ്കിലും പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോഴാണ് അപകടമുണ്ടായതെന്ന് പാർട്ടി വിശദീകരിച്ചു.
ബംഗാളിലെ ഹരിഷ്ചന്ദ്രാപ്പുരിലാണ് സംഭവം ഉണ്ടായതെന്ന് കോൺഗ്രസ് പറയുമ്പോൾ ബിഹാറിലാണ് സംഭവമെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. ബംഗാൾ അതിർത്തിയോടു ചേർന്ന് ബിഹാറിലെ കത്തിഹാറിൽ ആണ് സംഭവം നടന്നതെന്നാണ് മമത പറഞ്ഞത്. കാറിനടുത്തേക്ക് അപ്രതീക്ഷിതമായി ഒരു സ്ത്രീ വന്നപ്പോൾ പെട്ടെന്ന് ബ്രേക്ക് ചെയ്യേണ്ടിവന്നുവെന്നാണ് കോൺഗ്രസ് ഔദ്യോഗികമായി അറിയിച്ചത്. അന്വേഷണം നടത്തുമെന്ന് മാൾഡ പൊലീസ് വ്യക്തമാക്കി.