യുഎസ് കോൺഗ്രസ് അനുമതിയായി; ഇന്ത്യയ്ക്ക് 31 സൈനിക ഡ്രോണുകൾ
Mail This Article
ന്യൂഡൽഹി ∙ രാജ്യത്തിന്റെ പ്രതിരോധക്കരുത്തിനു മൂർച്ചയേകാൻ ഇനി പ്രിഡേറ്റർ ഡ്രോണുകളും (പൈലറ്റില്ലാ വിമാനം). ഇന്ത്യയ്ക്ക് 31 എംക്യു 9ബി പ്രിഡേറ്റർ ഡ്രോണുകൾ വിൽക്കാൻ യുഎസ് കോൺഗ്രസ് അനുമതി നൽകി. നാവികസേനയ്ക്ക് പതിനഞ്ചും കര, വ്യോമ സേനകൾക്ക് 8 വീതവും ഡ്രോണുകളാണു ലഭിക്കുക. അതിർത്തി മേഖലകളിൽ ചൈനീസ്, പാക്ക് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഡ്രോണുകളുടെ വരവു സേനകൾക്ക് ഊർജം പകരും. ഇന്ത്യൻ സമുദ്രമേഖലയിൽ നിരീക്ഷണത്തിനു നാവികസേന ഇവ ഉപയോഗിക്കും. പ്രതിരോധ മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്ന കരാർ കഴിഞ്ഞ ജൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തിനിടെയാണു പ്രഖ്യാപിച്ചത്.
സൂക്ഷ്മ ആക്രമണങ്ങളിൽ മികവ്
ലേസർ നിയന്ത്രിത ബോംബുകൾ, ഹെൽഫയർ മിസൈലുകൾ എന്നിവ വഹിക്കാൻ കെൽപുള്ള ഡ്രോണുകളാണിവ. 2 ചിറകുകളുടെയും ആകെ നീളം ഒരു ക്രിക്കറ്റ് പിച്ചിന്റെയത്ര. അവയ്ക്ക് 2 ടൺ സ്ഫോടകവസ്തുക്കൾ വഹിക്കാം. പരമാവധി 40,000 അടി ഉയരത്തിൽ 40 മണിക്കൂർ നിർത്താതെ പറക്കുന്ന ഡ്രോണുകൾക്കു ശത്രുമേഖലകൾ ലക്ഷ്യമിട്ടുള്ള സൂക്ഷ്മ ആക്രമണങ്ങൾ നടത്താനാവും. യുദ്ധക്കപ്പലുകൾ, പീരങ്കികൾ എന്നിവയെ തകർക്കാനാവും.
ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷനിലിരുന്നാണ് ഡ്രോണുകളെ നിയന്ത്രിക്കുന്നത്. ശത്രു മേഖലകളുടെ ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും പകർത്തുന്ന ഡ്രോൺ അവ കൺട്രോൾ സ്റ്റേഷനിലേക്ക് അയയ്ക്കും. സ്റ്റേഷനിൽനിന്ന് ആയിരത്തിലധികം കിലോമീറ്റർ അകലേയ്ക്ക് ഡ്രോണുകൾക്കു പറക്കാനാവും.