തൊഴിലുറപ്പ് വേതനം വർധിപ്പിക്കണമെന്ന് ശുപാർശ
Mail This Article
ന്യൂഡൽഹി ∙ ജീവിതച്ചെലവിന് ആനുപാതികമായി മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം ഉടൻ വർധിപ്പിക്കണമെന്ന് പാർലമെന്റിന്റെ സ്ഥിരം സമിതി വീണ്ടും ശുപാർശ ചെയ്തു. 2008 മുതൽ കേന്ദ്രം വരുത്തുന്ന വാർഷിക വർധന പര്യാപ്തമല്ലെന്നു കെ.കനിമൊഴി എംപി അധ്യക്ഷയായ സമിതി ചൂണ്ടിക്കാട്ടി. 2022ലും സമിതി സമാനമായ ശുപാർശ നൽകിയിരുന്നു.
മധ്യപ്രദേശ്, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ 221 രൂപയാണ് വേതനമെങ്കിൽ സിക്കിമിലെ ചില പഞ്ചായത്തുകളിൽ ഇത് 354 രൂപയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. തൊഴിൽ ചെയ്യാൻ പലരും സന്നദ്ധരാകാത്തതിനു പിന്നിൽ കുറഞ്ഞ വേതനം കാരണമാകാമെന്നും സമിതി വ്യക്തമാക്കി.
മറ്റ് ശുപാർശകൾ
∙ തൊഴിലാളികൾക്ക് ആധാർ അധിഷ്ഠിത പണമിടപാട് സംവിധാനത്തിലൂടെ (എബിപിഎസ്) വേതനം നൽകുന്ന സംവിധാനം കുറ്റമറ്റതാകുന്നതു വരെ അടിച്ചേൽപ്പിക്കരുത്. ജനുവരി 1 മുതൽ കേന്ദ്രം ഇത് നിർബന്ധമാക്കിയിരുന്നു.
∙ തൊഴിലാളിക്ക് വേതനം ലഭിക്കുന്നതിലും സംസ്ഥാനങ്ങൾക്കുള്ള കേന്ദ്രവിഹിതം ലഭിക്കുന്നതിലുമുള്ള കാലതാമസം ഒഴിവാക്കണം.
∙ തൊഴിൽദിനങ്ങൾ നൂറിൽനിന്ന് 150 ആക്കി വർധിപ്പിക്കണം.
∙ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പ തോത് അനുസരിച്ച് വേതനവർധന നിർണയിക്കണം.