ADVERTISEMENT

ന്യൂഡൽഹി ∙ പി.വി.നരസിംഹറാവു, ചരൺസിങ്, എം.എസ്.സ്വാമിനാഥൻ എന്നിവർക്കു കൂടി ഭാരതരത്നം നൽകാനുള്ള തീരുമാനത്തോടെ പാർട്ടികൾക്കതീതമായി മികവുറ്റവരെ ആദരിക്കുന്നുവെന്നു വാദിക്കാമെങ്കിലും വ്യക്തമായ രാഷ്ട്രീയ നേട്ടം തന്നെയാണ് മോദി സർക്കാർ ലക്ഷ്യമിടുന്നത്. കർഷകരെയും ദക്ഷിണേന്ത്യയെയും മറ്റാരെക്കാളും പരിഗണിക്കുന്നുവെന്ന പ്രഖ്യാപനം കൂടിയാണത്.

കർപൂരി ഠാക്കൂറിനുള്ള ഭാരതരത്നം വഴി ബിഹാറിൽ ലക്ഷ്യമിടുന്ന രാഷ്ട്രീയ നേട്ടം തന്നെയാണ് ചരൺ സിങ് വഴി പടിഞ്ഞാറൻ യുപിയിലും ബിജെപി ലക്ഷ്യമിടുന്നത്. ജെഡിയുവിനു പിന്നാലെ ആർഎൽഡിയെക്കൂടി ‘ഇന്ത്യ’ മുന്നണിയിൽനിന്ന് അടർത്തിയെടുക്കാം. മിനിമം താങ്ങുവിലയുടെ പേരിൽ ഇടഞ്ഞുനിൽക്കുന്ന ജാട്ടുകളെയും വീണ്ടും പ്രക്ഷോഭപാതയിലുള്ള യുപി കർഷകരെയും തണുപ്പിക്കുകയും ചെയ്യാം.

നരസിംഹ റാവുവിനുള്ള ആദരം കോൺഗ്രസിനുള്ള കൊട്ടു കൂടിയാണ്. റാവുവിന്റെ മൃതദേഹം ഡൽഹിയിൽ കൊണ്ടുവരാൻപോലും കോൺഗ്രസ് താൽപര്യം കാണിച്ചില്ലെന്നു ബിജെപി കുറ്റപ്പെടുത്താറുണ്ട്. അദ്ദേഹത്തിനു ഭാരതരത്നം നൽകുക വഴി തെലങ്കാനയിലും ആന്ധ്രയിലുമുള്ള ജനങ്ങളെ സ്വാധീനിക്കാമെന്നാണു കണക്കുകൂട്ടൽ. അതേസമയം, കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയും സോണിയ ഗാന്ധിയും റാവുവിനുള്ള ബഹുമതിയെ സ്വാഗതം ചെയ്തിട്ടുണ്ട്.

സംഘപരിവാർ പശ്ചാത്തലമില്ലാത്ത റാവുവിനെയും ചരൺസിങ്ങിനെയും ആദരിച്ചത് വിശാല കാഴ്ചപ്പാടിന്റെ ഉദാഹരണമായും ബിജെപിക്കു വ്യാഖ്യാനിക്കാം. എം.എസ്.സ്വാമിനാഥനിലൂടെ കേരളത്തെയും അംഗീകരിച്ചുവെന്നു പറയാം. സ്വാമിനാഥനു ഭാരതരത്നം കൊടുക്കാൻ കോൺഗ്രസ് തയാറായില്ലെന്നും പകരം സച്ചിൻ തെൻഡുൽക്കർക്കു കൊടുത്തുവെന്നും നേരത്തേ പ്രചാരണമുണ്ടായിരുന്നു.

എം.എസ്. സ്വാമിനാഥൻ

ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ്

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ മങ്കൊമ്പിൽ 1925 ഓഗസ്റ്റ് 7നു ജനിച്ച മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ എന്ന എം.എസ്.സ്വാമിനാഥൻ ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവായാണ് അറിയപ്പെടുന്നത്. അമേരിക്കൻ കൃഷി ശാസ്ത്രജ്ഞനായ ബോർലോഗിന്റെ ഗവേഷണങ്ങൾക്ക് ഇന്ത്യൻ സാഹചര്യങ്ങളിൽ തുടർച്ച നൽകിയ അദ്ദേഹം നമ്മുടെ പരിസ്ഥിതിക്ക് ഇണങ്ങുന്ന അത്യുൽപാദന ശേഷിയുള്ള വിത്തിനങ്ങൾ വികസിപ്പിച്ചെടുക്കുകയും കർഷകർക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്തു. 20–ാം നൂറ്റാണ്ടിൽ ഏഷ്യ കണ്ട ഏറ്റവും സ്വാധീനശക്തിയുള്ള 20 പേരിൽ ഒരാളായി സ്വാമിനാഥനെ ടൈം മാഗസിൻ തിരഞ്ഞെടുത്തിരുന്നു.അദ്ദേഹത്തെ കൂടാതെ മഹാത്മാ ഗാന്ധിയും രവീന്ദ്രനാഥ ടഗോറും മാത്രമാണ് ഇന്ത്യയിൽനിന്ന് 20 പേരിൽ ഉൾപ്പെട്ടിരുന്നത്.

1972 മുതൽ 79 വരെ ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ ഡയറക്ടർ ജനറലായിരുന്നു. ഇന്ത്യൻ കാർഷിക മന്ത്രാലയത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറി, രാജ്യാന്തര നെല്ലുഗവേഷണ കേന്ദ്രത്തിൽ ഡയറക്ടർ ജനറൽ, ഇന്റർനാഷനൽ യൂണിയൻ ഫോർ ദ് കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്വറൽ റിസോഴ്സസ് പ്രസിഡന്റ്, ദേശീയ കർഷക കമ്മിഷൻ ചെയർമാൻ തുടങ്ങി ഒട്ടേറെ നിലകളിൽ മികവു തെളിയിച്ചിട്ടുണ്ട്. പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ, റമൺ മാഗ്‌സസെ അവാർഡ്, പ്രഥമ ലോക ഭക്ഷ്യ സമ്മാനം, ബോർലോഗ് അവാർഡ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ നേടി. 2023 സെപ്റ്റംബർ 28ന് അന്തരിച്ചു.

പി. വി. നരസിംഹറാവു

ഇന്ത്യൻ സാമ്പത്തിക പരിഷ്കരണ ശിൽപി

അവിഭക്ത ആന്ധ്രയിലെ കരിംനഗർ വെങ്കാറയിൽ (ഇപ്പോൾ തെലങ്കാനയുടെ ഭാഗം) 1921 ജൂൺ 28ന് ജനിച്ച റാവു ശാസ്‌ത്രത്തിലും നിയമത്തിലും ബിരുദം സമ്പാദിച്ചു. 1938 ൽ ഹൈദരാബാദ് നൈസാമിനെതിരായ വന്ദേമാതര പ്രക്ഷോഭത്തിലൂടെയാണു രാഷ്‌ട്രീയത്തിലിറങ്ങിയത്. ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്തു. 1971–73 ൽ ആന്ധ്ര മുഖ്യമന്ത്രി. 1977, 80, 84, 89, 91, 96 വർഷങ്ങളിൽ ലോക്‌സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.

ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി മന്ത്രിസഭകളിൽ ആഭ്യന്തരം, പ്രതിരോധം, വിദേശകാര്യം, ആസൂത്രണം, മാനവശേഷി വികസനം തുടങ്ങിയവ വകുപ്പുകൾ കൈകാര്യം ചെയ്തു. 1991 ൽ പ്രധാനമന്ത്രിയും കോൺഗ്രസ് അധ്യക്ഷനും. 1996 ൽ വീണ്ടും ലോക്‌സഭയിലെത്തിയെങ്കിലും രാഷ്‌ട്രീയത്തിൽ സജീവമായില്ല. 2004 ഡിസംബർ 23ന് മരിച്ചു. ഇന്ത്യയിലെ സാമ്പത്തിക ഉദാരവൽക്കരണത്തിന്റെ മുഖ്യശിൽപിയാണ് നരസിംഹറാവു. ബഹുഭാഷാ പണ്ഡിതനും ചിന്തകനും രാഷ്‌ട്രതന്ത്രജ്‌ഞനും ദാർശനികനും കവിയുമൊക്കെയായ റാവു ഇന്ത്യൻ സമ്പദ്‌ഘടനയിൽ വരുത്തിയ മാറ്റം വിപ്ലവകരമായിരുന്നു.

ചൗധരി ചരൺസിങ്

ഒരു മാസത്തെ പ്രധാനമന്ത്രി

1902 ഡിസംബർ 23ന് യുപിയിലെ ഗാസിയാബാദ് ജില്ലയിലെ നൂർപൂറിൽ ജനനം. കോൺഗ്രസുകാരനായി രാഷ്‌ട്രീയപ്രവർത്തനം ആരംഭിച്ചു. സ്വാതന്ത്ര്യസമരകാലത്തു ജയിൽശിക്ഷ അനുഭവിച്ചു. 1967–68 ലും 1970 ലും യുപി മുഖ്യമന്ത്രി. 1967 ൽ സോഷ്യലിസ്റ്റ് പ്രസ്‌ഥാനങ്ങളുടെ സഹയാത്രികനും അമരക്കാരനുമായി. സംയുക്‌ത വിധായക ദൾ, ഭാരതീയ ക്രാന്തി ദൾ, ഭാരതീയ ലോക്‌ദൾ, ജനതാ പാർട്ടി എന്നിവയുടെ സ്‌ഥാപകനേതാവാണ്. അടിയന്തരാവസ്‌ഥക്കാലത്ത് ജയിലിലായി.

1977 ലെ ജനതാ മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രി. ഇടയ്‌ക്ക് മൊറാർജി മന്ത്രിസഭയിൽനിന്നു രാജിവച്ചെങ്കിലും 1979 ൽ ഉപപ്രധാനമന്ത്രിയും ധനകാര്യത്തിന്റെ ചുതലയുള്ള മന്ത്രിയും. മൊറാർജി രാജിവച്ചപ്പോൾ കോൺഗ്രസ് പിന്തുണയോടെ പ്രധാനമന്ത്രിയായി. ഒരു മാസം തികയും മുൻപേ ചരൺസിങ്ങിനു രാജിവയ്‌ക്കേണ്ടിവന്നു. 1987 മേയ് 29ന് മരണം. യുപിയിലെ ഭൂപരിഷ്‌കരണ നടപടികൾക്കു മുൻകൈയെടുത്തത് അദ്ദേഹമാണ്. 

എംജിആർ

ആദ്യ മലയാളി ഭാരതരത്നം

പാലക്കാട്ടുനിന്നും ശ്രീലങ്കയിലേക്കു കുടിയേറിയ മലയാളി കുടുംബത്തിൽ 1917 ജനുവരി 17നു ശ്രീലങ്കയിലെ കാന‍ഡിയിൽ ജനനം. പിതാവിന്റെ മരണത്തെത്തുടർന്ന് എം.ജി.രാമചന്ദ്രന്റെ കുടുംബം തിരികെ പാലക്കാട്ടെത്തി. വൈകാതെ തമിഴ്‌നാട്ടിലെ കുംഭകോണത്തേക്കു കുടിയേറി. സ്കൂൾ വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത എംജിആർ കുട്ടിക്കാലത്തുതന്നെ നാടകനടനായി. പിന്നീടു സിനിമയിലേക്ക് ചുവടുമാറ്റം. ‘രാജകുമാരി’യാണ് ആദ്യ ചിത്രം (1947). പിന്നീട് തമിഴ് സിനിമയിലെ സൂപ്പർ താരമായി. 

1944 ൽ ഇ.വി.രാമസ്വാമി നായ്‌ക്കരുടെ നേതൃത്വത്തിൽ രൂപംകൊണ്ട ദ്രാവിഡ മുന്നേറ്റ കഴകത്തിൽ അംഗമായി. സി.എൻ.അണ്ണാ ദുരൈയുടെ മരണശേഷം അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം എന്ന പാർട്ടി രൂപീകരിച്ചു. 1977 ൽ തമിഴ്നാട് മുഖ്യമന്ത്രിയായി. 1987 ഡിസംബർ 24ന് മരിക്കുംവരെ മുഖ്യമന്ത്രിയായിരുന്നു. 1988 ൽ മരണാനന്തര ബഹുമതിയായി ഭാരതരത്നം സമ്മാനിച്ചു. കോട്ടയം ജില്ലയിലെ വൈക്കം സ്വദേശിയായ ഭാര്യ ജാനകി രാമചന്ദ്രനും തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്നു.

∙ ഈ ബഹുമതി അദ്ദേഹം (ഡോ. എം.എസ്.സ്വാമിനാഥൻ) ജീവിച്ചിരിക്കുമ്പോൾ തന്നെ ലഭിച്ചിരുന്നെങ്കിൽ ഏറെ സന്തോഷിച്ചേനെ. പക്ഷേ, അദ്ദേഹം ഒരിക്കലും പുരസ്കാരങ്ങൾ പ്രതീക്ഷിച്ച് സേവനം ചെയ്തിരുന്ന ആളല്ല. ശാസ്ത്ര കോൺഗ്രസ് അച്ഛനെ സ്മരിക്കുന്ന ദിനത്തിൽത്തന്നെ ഇൗ ബഹുമതി ലഭിച്ചത് എല്ലാ മലയാളികൾക്കും അഭിമാനമാണ്. - ഡോ. സൗമ്യ  സ്വാമിനാഥൻ, മകൾ (ലോകാരോഗ്യസംഘടനയുടെ മുൻ ചീഫ് സയന്റിസ്റ്റായ ഡോ. സൗമ്യ കാസർകോട്ട് കേരള ശാസ്ത്ര കോൺഗ്രസ് വേദിയിലായിരിക്കെയാണ് പിതാവിന്റെ നേട്ടമറിഞ്ഞത്.)

പുരസ്കാര ജേതാക്കളെക്കുറിച്ച് പ്രധാനമന്ത്രി 

∙ ഡോ. എം.എസ്.സ്വാമിനാഥൻ: രാജ്യം കാർഷിക സ്വയംപര്യാപ്തത കൈവരിക്കുന്നതിൽ സ്വാമിനാഥൻ നിർണായക പങ്കുവഹിച്ചു. കൃഷിയെ അദ്ദേഹം ആധുനികവൽക്കരിച്ചു. അദ്ദേഹത്തിന്റെ ദീർഘവീക്ഷണമുള്ള നേതൃത്വം രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയും വളർച്ചയും ഉറപ്പാക്കി.

∙ പി.വി.നരസിംഹറാവു: രാജ്യം സാമ്പത്തിക പുരോഗതി കൈവരിക്കുന്നതിനു വഴിയൊരുക്കി. ആഗോള വിപണിയിലേക്ക് ഇന്ത്യയുടെ വാതിലുകൾ തുറന്നു. വിദേശനയം, വിദ്യാഭ്യാസം, ഭാഷ എന്നീ മേഖലകളിൽ സംഭാവനകൾ നൽകിയ അദ്ദേഹം, നിർണായക മാറ്റങ്ങളുടെ കാലത്ത് ഇന്ത്യയെ നയിച്ചു.

∙ ചൗധരി ചരൺ സിങ്: കർഷകരുടെ അവകാശങ്ങൾക്കും ക്ഷേമത്തിനും വേണ്ടി ജീവിതം സമർപ്പിച്ച വ്യക്തി. അടിയന്തരാവസ്ഥയുടെ നാളുകളിൽ ജനാധിപത്യത്തിനായി പ്രതിബദ്ധതയോടെ നിലകൊണ്ട അദ്ദേഹം രാജ്യത്തിനു മുഴുവൻ പ്രചോദനം.

English Summary:

With the decision to award Bharat Ratna to three persons, Narendra Modi government is aiming for clear political gain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com