‘വനഭൂമി എത്രയെന്ന് വ്യക്തമാക്കണം; ഏപ്രിൽ 15നകം വെബ്സൈറ്റിൽ നൽകണം’: കേന്ദ്രത്തോട് സുപ്രീം കോടതി
Mail This Article
ന്യൂഡൽഹി ∙ ഓരോ സംസ്ഥാനത്തെയും മൊത്തം വനഭൂമി സംബന്ധിച്ച വിവരങ്ങൾ ഏപ്രിൽ 15നകം വനം–പരിസ്ഥിതി മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. വന പരിപാലന നിയമത്തിൽ കഴിഞ്ഞ വർഷം കൊണ്ടുവന്ന ഭേദഗതികൾ ചോദ്യം ചെയ്തുള്ള ഹർജികളിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ 3 അംഗ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
∙ വന പരിപാലനവുമായി ബന്ധപ്പെട്ട് 1996 ൽ ടി.എൻ.ഗോദവർമൻ തിരുമുൽപ്പാട് കേസിൽ സുപ്രീം കോടതി നൽകിയ ഉത്തരവ് കർശനമായി പാലിക്കണമെന്ന് രണ്ടാഴ്ചയ്ക്കകം കേന്ദ്രം സംസ്ഥാനങ്ങളോട് സർക്കുലറിലൂടെ വ്യക്തമാക്കണം.
∙ സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും വനഭൂമി സംബന്ധിച്ച വിവരങ്ങൾ മാർച്ച് 31നകം കേന്ദ്രത്തിനു ലഭ്യമാക്കണം. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം വിവരങ്ങൾ വെബ്സൈറ്റിലൂടെ പരസ്യപ്പെടുത്തേണ്ടത്.
∙ വനത്തിനുള്ളിലെ മൃഗശാല, സഫാരി പദ്ധതികൾക്ക് സുപ്രീം കോടതിയുടെ അനുമതി വാങ്ങണം.
∙ നിയമഭേദഗതി പ്രകാരം രൂപീകരിച്ച പുതിയ വിദഗ്ധ സമിതിക്ക്, സംരക്ഷിക്കപ്പെടേണ്ടതെന്ന് തോന്നുന്ന വനഭൂമിയുടെ പരിധി വിപുലീകരിക്കാൻ സ്വാതന്ത്ര്യമുണ്ടാവും.
വന പരിപാലന നിയമത്തിലെ ഭേദഗതികൾ ഭരണഘടനാ വിരുദ്ധമെന്നു പ്രഖ്യാപിച്ച് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് വ്യക്തികളും വനശക്തി, ഗോവ ഫൗണ്ടേഷൻ തുടങ്ങിയവയും നൽകിയ ഹർജികൾ ജുലൈയിൽ വീണ്ടും പരിഗണിക്കും. കേരളത്തിൽ വനം വകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററായിരുന്ന പ്രകൃതി ശ്രീവാസ്തവ ഉൾപ്പെടെയാണ് ഹർജിക്കാർ. േകരളത്തിൽ വിദഗ്ധ സമിതി നൽകിയ റിപ്പോർട്ട് തിടുക്കത്തിൽ തയാറാക്കിയതാണെന്നും വനപ്രദേശങ്ങൾ കൃത്യമായി രേഖപ്പെടുത്തിയിട്ടു പോലുമില്ലെന്നും ഹർജികളിലൊന്നിൽ വിമർശനമുണ്ട്.
ഗോദവർമൻ തിരുമുൽപ്പാട് കേസിൽ 1996 ഡിസംബർ 12ന്റെ ഉത്തരവിൽ ‘വനം’ എന്നതിനു നൽകിയ നിർവചനത്തിലൂടെ ഉറപ്പാക്കപ്പെട്ട സംരക്ഷണം ലംഘിക്കപ്പെടുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളതെന്ന് ഹർജിക്കാർ വാദിച്ചു. നിയമഭേദഗതി നടപ്പായാൽ 1.97 ലക്ഷം ചതുരശ്ര കിലോമീറ്റർ വനഭൂമി സംരക്ഷിതമല്ലാതാകുമെന്നും വാദമുണ്ടായി. ഈ പശ്ചാത്തലത്തിലാണ് നിലവിലെ വനഭൂമി സംബന്ധിച്ച് കൃത്യമായ കണക്ക് ലഭ്യമാക്കാൻ കോടതി നിർദേശിച്ചത്.