ജമ്മു– കശ്മീരിൽ 32,000 കോടിയുടെ പദ്ധതികൾക്ക് തുടക്കം
Mail This Article
ജമ്മു ∙ കുടുംബാധിപത്യ രാഷ്ട്രീയത്തിൽ നിന്നുള്ള മോചനമാണു ജമ്മു–കശ്മീരിന്റെ വികസനത്തിനു വഴി തെളിച്ചതെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ജമ്മുവിലും കശ്മീരിലും 32,000 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചില കുടുംബങ്ങളുടെ നേട്ടത്തിനു വേണ്ടി മാത്രമായിരുന്നു കശ്മീരിലെ ഭരണം. അവർക്കു മാത്രമാണു നേട്ടമുണ്ടായിരുന്നത്. പ്രത്യേക പദവി എടുത്തു കളഞ്ഞതോടെയാണ് ജമ്മു കശ്മീരിൽ വികസനം സാധ്യമായത്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, റെയിൽവേ, വ്യോമയാനം, റോഡ് ഗതാഗതം തുടങ്ങി വിവിധ മേഖലകളിലാണ് പദ്ധതികൾ നടപ്പാക്കുന്നത്. താഴ്‌വരയിലെ ആദ്യത്തെ ഇലക്ട്രിക് ട്രെയിനും മോദി ഫ്ലാഗ് ഓഫ് ചെയ്തു. സംഗൽദാനും ബാരാമുള്ളയ്ക്കുമിടയിലാണ് ഈ ട്രെയിൻ സർവീസ് നടത്തുക. ഇതോടൊപ്പം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 13,500 കോടി രൂപയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മോദി ഓൺലൈനായി തുടക്കമിട്ടു.