രാഹുൽ ഗാന്ധി രണ്ടിടത്ത്? വയനാട് വിടുമോ? കോൺഗ്രസിൽ പല വാദം
Mail This Article
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി എവിടെ മത്സരിക്കുമെന്നതിൽ പാർട്ടി നേതൃത്വത്തിന് ഇനിയും കൃതൃമായ മറുപടിയില്ല.
∙ അമേഠി തന്നെയോ?
രാഹുൽ ദക്ഷിണേന്ത്യയിൽ കേന്ദ്രീകരിക്കുന്നതു രാഷ്ട്രീയമായി കോൺഗ്രസിനു ദോഷം ചെയ്യുമെന്നും ബിജെപിയെ പ്രതിരോധിക്കാൻ ഹിന്ദി ഹൃദയഭൂമിയിലെ മണ്ഡലങ്ങളിലൊന്നിൽ അദ്ദേഹം മത്സരിക്കണമെന്നും പാർട്ടിയിൽ ഒരു വിഭാഗം വാദിക്കുന്നു. ഹിന്ദി മേഖലയിലെ പ്രതാപം വീണ്ടെടുക്കാതെ കോൺഗ്രസിന് അധികാരത്തിൽ മടങ്ങിയെത്താനാകില്ലെന്നും ആ വെല്ലുവിളി ഏറ്റെടുത്തു മുന്നിട്ടിറങ്ങണമെന്നുമാണ് ആവശ്യം.
സമാജ്‌വാദി പാർട്ടിയുടെ പിന്തുണ കൂടിയുള്ളപ്പോൾ ഇക്കുറി ജയമുറപ്പാണെന്നു യുപി ഘടകം ചൂണ്ടിക്കാട്ടുന്നു. സോണിയ ഗാന്ധി രാജ്യസഭയിലേക്കു മാറിയതോടെ യുപിയിൽ നെഹ്റു കുടുംബത്തിൽനിന്ന് ആരും മത്സരിക്കാത്തതു ദോഷം ചെയ്യുമെന്നാണു വിലയിരുത്തൽ. രാഹുൽ അമേഠിയിൽ മത്സരിക്കണമെന്ന് യുപി ഘടകം ആവശ്യപ്പെടുന്നതിന്റെ കാരണമിതാണ്. പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്ന ആവശ്യവും ശക്തമാണെങ്കിലും തീരുമാനം അവർക്കു വിട്ടിരിക്കുകയാണു പാർട്ടി.
മുൻ പ്രകടനം കണക്കിലെടുക്കുമ്പോൾ ഹിന്ദി ഹൃദയഭൂമിയിൽ ആകെ രണ്ടെണ്ണമാണ് കോൺഗ്രസിന്റെ പക്കലുള്ള ഉറച്ച മണ്ഡലങ്ങൾ: റായ്ബറേലിയും മധ്യപ്രദേശിലെ ചിന്ദ്‌വാഡയും. ഇതിൽ ചിന്ദ്‌വാഡയിൽ താൻ തന്നെ സ്ഥാനാർഥിയെന്നു സിറ്റിങ് എംപി നകുൽനാഥ് പ്രഖ്യാപിച്ചു കഴിഞ്ഞു. മുതിർന്ന നേതാവ് കമൽനാഥിന്റെ മകനാണ് നകുൽ.
∙ വയനാട് വിടുമോ?
വയനാട്ടിൽ അദ്ദേഹം ഉറപ്പായും മത്സരിക്കുമെന്നു പാർട്ടി വൃത്തങ്ങൾ പറയുന്നു. എന്നാൽ, ദക്ഷിണേന്ത്യയിൽ മറ്റൊരിടത്തേക്കു രാഹുൽ മാറണമെന്നു വാദിക്കുന്നവരുമുണ്ട്. കർണാടക, തെലങ്കാന എന്നിവിടങ്ങളിലൊരിടത്തു മത്സരിച്ചാൽ ഒട്ടേറെ സീറ്റുകളിൽ നേട്ടം ലഭിക്കുമെന്നാണു പ്രതീക്ഷ. കേരളത്തേക്കാളേറെ ബിജെപിക്കു സ്വാധീനമുള്ള ഇവിടെയാണ് അദ്ദേഹത്തിന്റെ സാന്നിധ്യം ആവശ്യമെന്നും പറയുന്നു. ഭാരത് ജോഡോ യാത്രയ്ക്കു തുടക്കമിട്ട സ്ഥലമെന്ന നിലയിൽ കന്യാകുമാരിയിൽ മത്സരിക്കണമെന്ന് അഭിപ്രായമുള്ളവരുമുണ്ട്.