സന്ദേശ്ഖലി: ഷെയ്ഖിനെ ഉടൻ അറസ്റ്റ് ചെയ്യാൻ ഹൈക്കോടതി നിർദേശം
Mail This Article
കൊൽക്കത്ത ∙ ഒളിവിൽ പോയ തൃണമൂൽ കോൺഗ്രസ് പ്രാദേശിക നേതാവ് ഷാജഹാൻ ഷെയ്ഖിനെ ഉടൻ അറസ്റ്റ് ചെയ്യാൻ കൽക്കട്ട ഹൈക്കോടതി നിർദേശിച്ചു. റേഷൻ അഴിമതിക്കേസിൽ ഇ.ഡി റെയ്ഡിനെത്തുടർന്ന് ഒളിവിൽപോയ ഇയാളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സന്ദേശ്ഖലിയിൽ സ്ത്രീകളുടെ സമരം തുടരുന്നതിനിടയിലാണ് കോടതിയുടെ നിർദേശം. കോടതി ഇടപെട്ടതിനെത്തുടർന്നാണ് അറസ്റ്റ് വൈകുന്നതെന്ന് നേരത്തേ തൃണമൂൽ കോൺഗ്രസ് ദേശീയ ജന.സെക്രട്ടറി അഭിഷേക് ബാനർജി പറഞ്ഞിരുന്നു.
ഷാജഹാൻ ഷെയ്ഖിനെ അറസ്റ്റ് ചെയ്യരുതെന്ന് പറഞ്ഞിട്ടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുന്നതാണ്സ്റ്റേ ചെയ്തതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഒരാഴ്ചയ്ക്കകം ഷെയ്ഖിനെ അറസ്റ്റ് ചെയ്തിരിക്കുമെന്ന് തൃണമൂൽ വക്താവ് കുനാൽ ഘോഷ് പറഞ്ഞു. ഫെബ്രുവരി ആറിന് പ്രധാനമന്ത്രി സന്ദേശ്ഖലി ഇരകളെ കാണുകയും തിരഞ്ഞെടുപ്പ് വിഷയമാക്കുകയും ചെയ്യും മുൻപ് അറസ്റ്റ് ഉറപ്പാക്കാനാണ് നീക്കം.
കഴിഞ്ഞ മാസം 5 ന് ഷാജഹാൻ ഷെയ്ഖ് ഒളിവിൽ പോയതിനെത്തുടർന്നാണ് ബലാത്സംഗവും ഭൂമിതട്ടിപ്പും ആരോപിച്ച് സ്ത്രീകൾ സമരത്തിനിറങ്ങിയത്. നേരത്തേ സിപിഎമ്മിലായിരുന്ന ഷാജഹാൻ ഷെയ്ഖ് പിന്നീട് തൃണമൂൽ കോൺഗ്രസിൽ ചേർന്നു. ചെമ്മീൻ കെട്ടിനായി പ്രദേശവാസികളുടെ ഭൂമി തട്ടിയെടുത്തതിനു പുറമേ ഒട്ടേറെ സ്ത്രീകളെ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്.
50 പരാതികൾ ലഭിച്ചതായി ദേശീയ പട്ടിക വർഗ കമ്മിഷൻ പറഞ്ഞു. ലൈംഗിക ആക്രമണം സംബന്ധിച്ച് 43 കേസുകൾ റജിസ്റ്റർ ചെയ്തതായി സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. 42 കേസിൽ കുറ്റപത്രം സമർപ്പിച്ചതായും അറിയിച്ചു. സന്ദേശ്ഖലിയിൽ ഇന്നലെയും ജനക്കൂട്ടം അക്രമാസക്തരായി. തൃണമൂൽ നേതാവ് ശങ്കർ സർദാറിന്റെ വീട് സ്ത്രീകൾ ആക്രമിച്ചു. ഇതേസമയം, നോർത്ത് 24 പർഗാനാസിൽ തൃണമൂൽ കോൺഗ്രസ് പ്രാദേശിക നേതാവ് ബിജിൻ ദാസ് (49) ഭൂമി ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് വെടിയേറ്റു മരിച്ചു.