ബാങ്കുകളിൽ ഇനി ക്ലാർക്കും പ്യൂണുമില്ല
Mail This Article
ന്യൂഡൽഹി ∙ ഏപ്രിൽ 1 മുതൽ ബാങ്കുകളിൽ ക്ലാർക്ക്, പ്യൂൺ ഉൾപ്പെടെ തസ്തികകളുടെ പേര് മാറുന്നു. ക്ലാർക്ക് ഇനി മുതൽ ‘കസ്റ്റമർ സർവീസ് അസോഷ്യേറ്റ്’ (സിഎസ്എ) എന്നും പ്യൂൺ ‘ഓഫിസ് അസിസ്റ്റന്റ്’ എന്നും അറിയപ്പെടും. ഇന്ത്യൻ ബാങ്ക് അസോസിയേഷനും ബാങ്ക് ജീവനക്കാരുടെ സംഘടനകളുമായി ഒപ്പിട്ട കരാറിലാണ് ഇക്കാര്യം തീരുമാനമായത്.
മറ്റ് പുതിയ പേരുകൾ ഇങ്ങനെ (ബ്രാക്കറ്റിൽ പഴയ പേര്): സ്പെഷൽ ഓഫിസ് അസിസ്റ്റന്റ് (ഹെഡ് പ്യൂൺ), സീനിയർ കസ്റ്റമർ സർവീസ് അസോഷ്യേറ്റ് (ഹെഡ് കാഷ്യർ), സീനിയർ ഓഫിസ് അസിസ്റ്റന്റ് (ബിൽ കലക്ടർ), ഹൗസ്കീപ്പർ (സ്വീപ്പർ), ഓഫിസ് അസിസ്റ്റന്റ്–ടെക് (ഇലക്ട്രീഷ്യൻ/എസി പ്ലാന്റ് ഹെൽപർ), സ്പെഷൽ കസ്റ്റമർ സർവീസ് അസോഷ്യേറ്റ് (സ്പെഷൽ അസിസ്റ്റന്റ്). 12 പൊതുമേഖല, 10 പ്രൈവറ്റ്, 3 വിദേശ ബാങ്കുകൾക്ക് കരാർ വ്യവസ്ഥകൾ ബാധകമാണ്. 17% വേതനവർധന പ്രഖ്യാപിച്ചു.
ചില വ്യവസ്ഥകൾ
ശമ്പളസ്കെയിലിന്റെ പരമാവധി എത്തിക്കഴിഞ്ഞ ശേഷം ജീവനക്കാരന് 2 വർഷത്തിലൊരിക്കൽ ലഭിക്കുന്ന സ്റ്റാഗ്‌നേഷൻ വർധന 9 തവണയായിരുന്നത് 11 ആയി ഉയർത്തി. 2 വർഷത്തിലൊരിക്കൽ ക്ലറിക്കൽ ജീവനക്കാർക്ക് 2,680 രൂപയുടെ വർധന ലഭിക്കും. മുൻപിത് 1,990 രൂപയായിരുന്നു. സബ്സ്റ്റാഫിന് 1345 രൂപയുടെ വർധന. മുൻപിത് 1,000 രൂപയായിരുന്നു.
∙ നേത്രപരിശോധനയ്ക്കായി ഇനി മുതൽ ഓരോ വർഷവും 500 രൂപ.
∙ പ്രതിമാസം 18,000 രൂപ വരെ വരുമാനമുള്ളവരെ ജീവനക്കാരുടെ ആശ്രിതരായി പരിഗണിക്കും.
ആനുകൂല്യങ്ങളിലെ വർധന
∙ മെഡിക്കൽ എയ്ഡ് (പ്രതിവർഷം): 2830 രൂപ (മുൻപ് 2,355 രൂപ)
∙ ട്രാൻസ്പോർട്ട് അലവൻസ്: പ്രതിമാസം 850 രൂപ (മുൻപ് 600 രൂപ)+ഡിഎ
∙ സ്പെഷൽ അലവൻസ്: ശമ്പളത്തിന്റെ 26.5% (മുൻപ് 16.4%)+ഡിഎ
∙ റൂം റെന്റ്/ലോഡ്ജിങ് (ക്ലാർക്ക്): 3000 (2500), 2500 (2000), 2000 (1500)
∙ റൂം റെന്റ്/ലോഡ്ജിങ് (സബ്സ്റ്റാഫ്): 1500 (1250), 1250 (1000), 1000 (750)
∙ ഹാൾട്ടിങ് അലവൻസ് (ക്ലാർക്ക്): 1500 (1050), 1350 (900), 1000 (675)
∙ ഹാൾട്ടിങ് അലവൻസ് (സബ്സ്റ്റാഫ്): 1100 (750), 900 (600), 600 (375)
∙ ഹിൽ ആൻഡ് ഫ്യുവൽ അലവൻസ്: 2850 (2250), 1150 (900), 950 (750)
∙ ഡ്യൂട്ടിക്കായി സ്വന്തം വാഹനം ഉപയോഗിക്കുമ്പോൾ: കിലോമീറ്ററിന് 11 രൂപ (മുൻപ് 8 രൂപ)