ADVERTISEMENT

ന്യൂഡൽഹി ∙ ‘തിരഞ്ഞെടുത്ത’ വിവരങ്ങൾ മാത്രമല്ല, ഇലക്ടറ‌‌ൽ ബോണ്ടുമായി ബന്ധപ്പെട്ടു കൈവശമുള്ള സകലവിവരവും തിരഞ്ഞെടുപ്പു കമ്മിഷനു കൈമാറാൻ സുപ്രീം കോടതി എസ്ബിഐയോട് നിർദേശിച്ചു. വിവരങ്ങളെല്ലാം നൽകണമെന്ന് ഫെബ്രുവരി 15നു പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കിയിരുന്നതാണെന്നു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഓർമിപ്പിച്ചു. ചില വിവരങ്ങൾ മാത്രം കൈമാറിയതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ കോടതി, ഓരോ ബോണ്ടിലെയും സവിശേഷ നമ്പർ, സീരിയൽ നമ്പർ എന്നിവ അടക്കം വ്യാഴാഴ്ച വൈകിട്ട് 5നു മുൻപു കൈമാറണമെന്നു വ്യക്തമാക്കി. ലഭിക്കുന്ന വിവരങ്ങൾ തിരഞ്ഞെടുപ്പു കമ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം.

ഇലക്ടറ‌‌ൽ ബോണ്ട് പദ്ധതി റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിൽ ബോണ്ടുകൾ വാങ്ങിയവരുടെയും ലഭിച്ചവരുടെയും പേരുകൾ, തീയതി, എത്ര രൂപ തുടങ്ങിയവ ഉൾപ്പെടെ മുഴുവൻ വിവരങ്ങളും കൈമാറാനായിരുന്നു മുൻപു കോടതി നൽകിയ നിർദേശം. എന്നാൽ, ബോണ്ട് നമ്പറുകൾ പരസ്യമാക്കാതെ പ്രത്യേകം എടുത്തു പറഞ്ഞ വിവരങ്ങൾ മാത്രമാണ് എസ്ബിഐ കൈമാറിയതും കമ്മിഷൻ പ്രസിദ്ധീകരിച്ചതും. തുടർന്നാണ് വിഷയം കോടതി സ്വമേധയാ വീണ്ടും പരിഗണിച്ചത്. എസ്ബിഐയ്ക്ക് നോട്ടിസും അയച്ചു.

കോടതി എടുത്തുപറഞ്ഞ വിവരങ്ങൾ മാത്രം നൽകിയാൽ മതിയെന്നാണു കോടതിയുടെ നിർദേശമെന്നാണു തങ്ങൾ കരുതിയതെന്നും എല്ലാ വിവരങ്ങളും  കൈമാറാൻ എതിർപ്പില്ലെന്നും എസ്ബിഐക്കു വേണ്ടി ഹാജരായ ഹരീഷ് സാൽവെ വിശദീകരിച്ചു. ഉദാഹരണമായാണ് ചില കാര്യങ്ങൾ എടുത്തുപറഞ്ഞതെന്നും  അവ മാത്രം മതിയെന്ന ധ്വനിയോടെയല്ലെന്നും കോടതി  പറഞ്ഞു. ‘ഏതൊക്കെ വിവരങ്ങൾ കൈമാറണമെന്ന് എസ്ബിഐ സ്വയം തീരുമാനിക്കേണ്ട. എല്ലാ വിവരങ്ങളും നൽകണമെന്നതിൽ സംശയവും വേണ്ട’ – ചീഫ് ജസ്റ്റിസ് പറഞ്ഞു.

ഇതിനിടെ, രാഷ്ട്രീയ പാർട്ടികൾക്കു  സംഭാവന നൽകിയവരുടെ പൂർണവിവരം 2019 ലെ ഇടക്കാല ഉത്തരവു പ്രകാരം ലഭ്യമാക്കേണ്ടതായിരുന്നെങ്കിലും അതുണ്ടായില്ലെന്നു ഹർജിക്കാർക്കു വേണ്ടി പ്രശാന്ത് ഭൂഷൺ വാദിച്ചു. ഡിഎംകെ അടക്കം 10 പാർട്ടികൾ മാത്രമാണ് വിവരം നൽകിയതെന്നും പ്രധാന പാർട്ടികൾ  ഇതു നൽകിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയെങ്കിലും കോടതി ഇടപെട്ടില്ല. തിരഞ്ഞെടുപ്പു കമ്മിഷൻ ഈ വിവരങ്ങൾ കഴിഞ്ഞദിവസം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു.

ഇലക്ടറ‌‌ൽ ബോണ്ട് വിധികളിൽ തെറ്റായ പ്രചാരണം നടക്കുന്നുണ്ടെന്നും  സമൂഹമാധ്യമങ്ങളിൽ കണക്കുകൾ വളച്ചൊടിക്കുകയാണെന്നും കേന്ദ്ര സർക്കാരിനു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടി. ഇത്തരം പ്രചാരണം കൈകാര്യം ചെയ്യാൻ കോടതിക്കു കഴിയുമെന്നു  ചീഫ് ജസ്റ്റിസ് പ്രതികരിച്ചു. 

‘കൂടുതൽ പറയിപ്പിക്കരുത്’

ബോണ്ട് വിവരങ്ങൾ പരസ്യപ്പെടുത്തുന്നതിനെതിരെ അസോഷ്യേറ്റഡ് ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (അസോച്ചം), കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) എന്നിവ സുപ്രീം കോടതിയെ സമീപിച്ചു. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ഇവർക്കായി മുകുൾ റോഹത്ഗി ആവശ്യപ്പെട്ടെങ്കിലും നേരത്തേ ലിസ്റ്റ് ചെയ്യാത്തവ പരിഗണിക്കില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. ബോണ്ട് വിവരങ്ങൾ പരസ്യപ്പെടുത്തുന്നതു രാജ്യത്തിന് അപമാനമുണ്ടാക്കുമെന്നും ഇക്കാര്യം സുപ്രീം കോടതി സ്വമേധയാ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു കത്തു നൽകിയ സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് ആദിഷ് സി. അഗർവാലയെ കോടതി താക്കീത് ചെയ്തു. മാധ്യമശ്രദ്ധ കിട്ടാനുള്ളതാണ് ആദിഷിന്റെ കത്തെന്നു വിമർശിച്ച കോടതി, കൂടുതൽ പറയിപ്പിക്കരുതെന്നും വ്യക്തമാക്കി.

English Summary:

Supreme Court orders SBI to give all information regarding electoral bond within thursday evening

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com