പിസിസികളോട് ഹൈക്കമാൻഡ്; മുണ്ട് മുറുക്കിയുടുത്തോളൂ
Mail This Article
ന്യൂഡൽഹി ∙ ആദായനികുതി വകുപ്പ് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിനാൽ പ്രചാരണത്തിൽ പരമാവധി ചെലവുചുരുക്കാൻ സംസ്ഥാന പിസിസികൾക്കു കോൺഗ്രസ് ഹൈക്കമാൻഡ് നിർദേശം നൽകി. ക്രൗഡ്ഫണ്ടിങ് മാതൃകയിൽ ജനങ്ങളിൽനിന്നു പിരിവ് നടത്താനും തീരുമാനിച്ചു.
സാമ്പത്തിക പ്രതിസന്ധി പ്രചാരണത്തെ സാരമായി ബാധിച്ചേക്കുമെന്ന ആശങ്ക പാർട്ടിക്കുണ്ട്. രാഹുൽ ഗാന്ധി അടക്കമുള്ള ദേശീയ നേതാക്കൾ ദിവസേന പല സംസ്ഥാനങ്ങളിലേക്കു വിമാനത്തിൽ പോകുന്നുണ്ട്. രാജ്യത്തുടനീളം പോകേണ്ടതിനാൽ വയനാട്ടിലേക്കുള്ള രാഹുലിന്റെ പ്രചാരണയാത്രകളുടെ എണ്ണവും കുറയ്ക്കേണ്ടിവന്നേക്കും.
കോൺഗ്രസിന്റെ 11 ബാങ്ക് അക്കൗണ്ടുകളിലെ പണമാണു മരവിപ്പിച്ചിരിക്കുന്നത്. നികുതി റിട്ടേൺ സമർപ്പിക്കാൻ വൈകി, അനുവദനീയമായതിൽ കൂടുതൽ തുക പണമായി സ്വീകരിച്ചു എന്നീ കാരണങ്ങളാൽ കോൺഗ്രസ് 210 കോടി രൂപ അടയ്ക്കണമെന്നാണ് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. നടപടിയുടെ ഭാഗമായി വിവിധ അക്കൗണ്ടുകളിൽനിന്ന് 65.25 കോടി രൂപ ഈടാക്കുകയും ചെയ്തു.
ഫണ്ടിന് കൂപ്പൺ പിരിവ് നടത്തും, ‘ഞെരുക്കൽ’ വിശദീകരിക്കും
തിരുവനന്തപുരം ∙ കേന്ദ്രസർക്കാർ പാർട്ടിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച സാഹചര്യത്തിൽ പ്രചാരണത്തിനു ഫണ്ട് കണ്ടെത്താൻ ഓരോ മണ്ഡലത്തിലും പ്രാദേശികമായി കൂപ്പൺ പിരിവ് നടത്താനും പാർട്ടിയെ ഞെരുക്കുന്ന ബിജെപിയുടെ നടപടി ജനങ്ങളോടു വിശദീകരിക്കാനും കെപിസിസി പ്രചാരണ സമിതി യോഗത്തിൽ ധാരണ.
പൗരത്വഭേദഗതി വിഷയത്തിൽ കോൺഗ്രസിന്റെ നിലപാട് വ്യക്തമാണ്. സിപിഎമ്മും സർക്കാരും സിഎഎയിൽ മാത്രം കേന്ദ്രീകരിക്കുന്നത് വിഷയങ്ങൾ വഴിതിരിച്ചുവിടാനാണ്. അതിനാൽ സർക്കാർ പ്രതിക്കൂട്ടിലുള്ള ജനകീയ വിഷയങ്ങൾ പ്രചാരണ രംഗത്തു ശക്തമായി ഉയർത്തും.
രമേശ് ചെന്നിത്തല ചെയർമാനും പന്തളം സുധാകരൻ കൺവീനറുമായ പ്രചാരണ സമിതിയുടെ ആദ്യയോഗമാണ് ഇന്നലെ ചേർന്നത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം.ഹസൻ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.