ADVERTISEMENT

കൊൽക്കത്ത ∙ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഡൽഹി രാംലീല മൈതാനത്ത് ഇന്ത്യാസഖ്യം നടത്തുന്ന റാലിയിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുണ്ടാകില്ല. പാർലമെന്റിൽനിന്നു പുറത്താക്കപ്പെട്ട മഹുവ മൊയ്ത്രയുടെ മണ്ഡലമായ കൃഷ്ണനഗറിൽ അന്നാണു മമത ഇത്തവണത്തെ തിരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കമിടുന്നത്. വടക്കൻ ബംഗാളിൽനിന്നു പ്രചാരണം ആരംഭിക്കുന്ന പതിവു തെറ്റിച്ചാണ് തെക്കൻ ബംഗാളിലെ കൃഷ്ണനഗറിൽനിന്നുള്ള തുടക്കം.

വീട്ടിൽ വീണു പരുക്കേറ്റ മമത ഡൽഹി റാലിയിൽ പങ്കെടുക്കാൻ തൃണമൂലിന്റെ മുതിർന്ന നേതാക്കളെ അയയ്ക്കുമെന്നു നേരത്തേ അറിയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും ഏറ്റവും വലിയ വിമർശകരിലൊരാളായ മഹുവയുടെ മണ്ഡലത്തിൽ മമത പ്രചാരണം തുടങ്ങുന്നതിനു പല രാഷ്ട്രീയ അർഥങ്ങളുമുണ്ട്. 

ഉത്തരബംഗാളിൽ ഒന്നാംഘട്ടത്തിലാണു വോട്ടെടുപ്പ്; കൃഷ്ണനഗറിലാകട്ടെ നാലാംഘട്ടത്തിലും. ആദ്യ തിരഞ്ഞെടുപ്പു യോഗം ബിജെപിയെ രാഷ്ട്രീയമായി കടന്നാക്രമിക്കുന്ന വേദിയാകുമെന്നു തൃണമൂൽ നേതാക്കൾ പറഞ്ഞു. സന്ദേശ്ഖലി അക്രമങ്ങളെ മുൻനിർത്തി ബംഗാളിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്ന പ്രചാരണം ബിജെപി ആരംഭിച്ചിട്ടുണ്ട്. സന്ദേശ്ഖലി സമരനായിക രേഖാ പത്രയെ അവർ ബാസിർഹട്ടിൽ സ്ഥാനാർഥിയാക്കുകയും ചെയ്തു. ഇതെല്ലാം മുന്നിൽക്കണ്ടാകും തൃണമൂൽ പ്രചാരണം. ബംഗാളി വനിതകൾ ബിജെപിയുടെ വ്യക്തിപരമായ ആക്രമണത്തെ നേരിടുമെന്ന സമൂഹമാധ്യമ ക്യാംപെയ്നും നടക്കുന്നുണ്ട്.

കഴിഞ്ഞ തവണ 63,000 വോട്ടിനാണ് മഹുവ ജയിച്ചത്. മുൻ രാജകുടുംബാംഗം അമൃത റോയിയെയാണ് അവർക്കെതിരെ ബിജെപി സ്ഥാനാർഥിയാക്കിയിരിക്കുന്നത്. സനാതനധർമ സംരക്ഷണത്തിനു പ്രവർത്തിച്ച കൃഷ്ണനഗർ രാജാവ് രാജാകൃഷ്ണചന്ദ്ര റോയിയുടെ പിൻമുറക്കാരിയാണ് ഇവർ. ബാസിർഹട്ടിലെ രേഖാ പത്രയെയെന്ന പോലെ അമൃത റോയിയെയും മോദി കഴിഞ്ഞദിവസം ഫോണിൽ വിളിച്ചിരുന്നു.

English Summary:

Mamata Banerjee started from Mahua Moitra constituency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com