മഥുര: ബിജെപി ഹാട്രിക് വിജയം ചെറുക്കാൻ കോൺഗ്രസ്; ഹേമമാലിനിക്ക് എതിരെ ബോക്സർ വിജേന്ദർ
Mail This Article
ന്യൂഡൽഹി ∙ മഥുരയിൽ ഹാട്രിക് ജയം തേടിയിറങ്ങുന്ന ബോളിവുഡ് നടിയും ബിജെപി നേതാവുമായ ഹേമ മാലിനിക്കെതിരെ ഒളിംപിക്സ് മെഡൽ ജേതാവായ സൂപ്പർ ബോക്സർ വിജേന്ദർ സിങ്ങിനെ കോൺഗ്രസ് മത്സരിപ്പിച്ചേക്കും. 2019 ൽ ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് പാർട്ടിയിൽ ചേർന്ന വിജേന്ദർ സൗത്ത് ഡൽഹിയിൽ മത്സരിച്ചെങ്കിലും 13.56 % വോട്ടുമാത്രമാണ് നേടിയത്.
ഗുസ്തി താരങ്ങളുടെ സമരം, കർഷക സമരം, രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര തുടങ്ങിയവയിലെ പങ്കാളിത്തത്തിലൂടെ സജീവമായിരുന്നു വിജേന്ദർ. മഥുരയിൽ 2004 ലാണ് ഒടുവിൽ കോൺഗ്രസ് ജയിച്ചത്. ഇപ്പോൾ ഉന്നാവ് എംപിയായ സാക്ഷി മഹാരാജിലൂടെയാണ് ബിജെപി 1991ൽ മണ്ഡലം പിടിച്ചത്. 2004 ൽ മാനവേന്ദ്ര സിങ്ങും 2009 ൽ ആർഎൽഡിയുടെ ജയന്ത് ചൗധരിയും മാത്രമാണ് ഇതിനിടെ ജയിച്ച ബിജെപി ഇതര നേതാക്കൾ. 2014 ൽ ഹേമ മാലിനിയിലൂടെ മണ്ഡലം തിരിച്ചുപിടിച്ചു. ഭൂരിപക്ഷം അൽപം കുറഞ്ഞെങ്കിലും 2019 ലും ഹേമ മാലിനി മണ്ഡലം നിലനിർത്തി.
ജാട്ട് സമുദായത്തിനു ഗണ്യമായ സ്വാധീനമുള്ള മണ്ഡലമെന്നതായിരുന്നു ഹേമ മാലിനിക്കുണ്ടായിരുന്ന വലിയ ഭീഷണികളിലൊന്ന്. എന്നാൽ, താൻ മഥുരയുടെ മരുമകളാണെന്ന ഹേമ മാലിനിയുടെ വാദം ഗുണം ചെയ്തു. ഭർത്താവ് ധർമേന്ദ്ര ജാട്ട് സുഖുകാരനാണെന്നതായിരുന്നു കാരണം. കഴിഞ്ഞ തിരഞ്ഞെടുപ്പിലടക്കം ജാട്ട് വോട്ടുകൾ നേടിയ ജയന്ത് ചൗധരിയുടെ ആർഎൽഡി ഇക്കുറി എൻഡിഎ പാളയത്തിലാണെന്നതും ഹേമമാലിനിക്ക് ആശ്വാസം പകരുന്നു.