കച്ചത്തീവ് ദ്വീപ് വിട്ടുനൽകിയത് കോൺഗ്രസ് വീഴ്ചയെന്ന് മോദി
Mail This Article
ന്യൂഡൽഹി ∙ ശ്രീലങ്ക കൈവശം വച്ചിരിക്കുന്ന കച്ചത്തീവ് ദ്വീപ് വിട്ടുനൽകാൻ ഇടയാക്കിയതു കോൺഗ്രസ് സർക്കാരിന്റെ പിടിപ്പുകേടാണെന്ന വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർട്ടിയുടെ മറ്റൊരു രാജ്യവിരുദ്ധ പ്രവർത്തനമാണിതെന്നും അതിനുള്ള പ്രതിഫലം രാജ്യം ഇപ്പോഴും നൽകുകയാണെന്നും നരേന്ദ്ര മോദി പറഞ്ഞു.
1974ൽ ആണ് ഇന്ത്യ കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്കു വിട്ടുനൽകിയത്. തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈയ്ക്കു വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിൽ പുറത്തുവന്ന വാർത്തകളാണ് ഇപ്പോൾ വീണ്ടും ദ്വീപിനെ ചർച്ചകളിൽ സജീവമാക്കിയത്. ഇന്ദിരാഗാന്ധി കാരണം രാജ്യത്തിനു തന്ത്രപ്രധാനമായ ഭാഗമാണു നഷ്ടപ്പെട്ടതെന്നു ബിജെപി ആരോപിച്ചു.
‘കണ്ണ് തുറപ്പിക്കുന്നതും ഞെട്ടിപ്പിക്കുന്നതുമായ പുതിയ വസ്തുതകളാണു പുറത്തുവന്നിരിക്കുന്നത്. കോൺഗ്രസ് എങ്ങനെയാണു കച്ചത്തീവിനെ വിട്ടുനൽകിയതെന്നത് എല്ലാ ഇന്ത്യക്കാരെയും രോഷാകുലരാക്കുന്നു. കോൺഗ്രസിനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ലെന്ന് അവർ ആവർത്തിച്ചു വ്യക്തമാക്കുന്നു’ പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു.
എന്നാൽ ഇന്ത്യയും ശ്രീലങ്കയും സൗഹൃദപരമായി നടത്തിയ നയതന്ത്ര ഇടപാടായിരുന്നു ഇതെന്നും നരേന്ദ്ര മോദി സർക്കാർ ബംഗ്ലദേശുമായും സമാനമായ ധാരണകളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ എക്സിൽ മറുപടി നൽകി.