മൈസൂരു: പ്രചാരണം നയിച്ച് മുഖ്യമന്ത്രി; മനസ്സുറപ്പിക്കാൻ സിദ്ധരാമയ്യ
Mail This Article
ബെംഗളൂരു∙ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വാഹനം സഞ്ചരിക്കാത്ത ഊടുവഴികൾ പോലും മൈസൂരുവിലില്ല. സ്വന്തം മണ്ഡലമായ വരുണ കൂടി ഉൾപ്പെടുന്ന മൈസൂരുവിന്റെ മനസ്സ് ഒപ്പമുണ്ടെന്നു തെളിയിക്കുമെന്ന ദൃഢനിശ്ചയത്തിലാണ് അദ്ദേഹം. ജനക്ഷേമ പദ്ധതികൾ നടപ്പാക്കിയതിലൂടെ നേടിയ ജനപ്രീതിക്കു കോട്ടം തട്ടിയിട്ടില്ലെന്നു തെളിയിക്കുക എന്നതും അദ്ദേഹത്തിന്റെ ലക്ഷ്യമാണ്. അതിനെക്കാൾ, എതിരാളി ചില്ലറക്കാരനല്ലെന്ന ബോധ്യവുമുണ്ട്. മൈസൂരു രാജകുടുംബത്തിലെ നിലവിലെ അവകാശി യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാറിനെയാണു ബിജെപി കളത്തിലിറക്കിയിരിക്കുന്നത്. കോൺഗ്രസിനുവേണ്ടി മത്സരിക്കുന്നത് പിസിസി വക്താവ് എം.ലക്ഷ്മണാണ്.
മൈസൂരു മേഖലയിലെ പ്രധാന വോട്ടുബാങ്കായ വൊക്കലിഗ സമുദായംഗമാണു ലക്ഷ്മൺ. സിദ്ധരാമയ്യയെ വൊക്കലിഗ വിരുദ്ധനായാണ് എല്ലാക്കാലത്തും ബിജെപി ചിത്രീകരിച്ചിട്ടുള്ളത്. വൊക്കലിഗയായ സിറ്റിങ് എംപി പ്രതാപ് സിംഹയ്ക്കു സീറ്റ് നിഷേധിച്ചത് ബിജെപിക്ക് തിരിച്ചടിയാണ്. എന്നാൽ, വൊക്കലിഗ പിന്തുണയുള്ള ജനതാദൾ എസുമായുള്ള സഖ്യത്തിലൂടെ ഇതു മറികടക്കാമെന്നാണ് അവരുടെ കണക്കുകൂട്ടൽ. സാധാരണക്കാരനും രാജപ്രതിനിധിയും തമ്മിലാണു മത്സരമെന്ന മുദ്രാവാക്യവും കോൺഗ്രസ് ഉയർത്തുന്നു.
2023ൽ മുൻതൂക്കം കോൺഗ്രസിന്
മൈസൂരു, കുടക് ജില്ലകളിലായാണു മൈസൂരു ലോക്സഭാ മണ്ഡലപരിധി. 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 5 സീറ്റുകൾ കോൺഗ്രസിനൊപ്പം നിന്നപ്പോൾ ജനതാദൾ എസ് രണ്ടു സീറ്റിലും ബിജെപി ഒരു സീറ്റിലും ജയിച്ചു.