ADVERTISEMENT

ന്യൂഡൽഹി ∙ അരവിന്ദ് കേജ്‌രിവാളിന്റെ ഭാര്യ സുനിതയും ഹേമന്ത് സോറന്റെ ഭാര്യ കൽപനയും സദസ്സിൽ ഒത്ത നടുവിലായിരുന്നു; ഇവർക്കരികിലായി സോണിയാ ഗാന്ധിയും. ‘നിങ്ങളുടെ കേജ്‌രിവാൾ സിംഹമാണ്. അദ്ദേഹത്തെ അധികകാലം ജയിലിൽ ഇടാൻ അവർക്കാവില്ല’– സുനിത പറഞ്ഞു. കേജ്‌രിവാൾ രാജിവയ്ക്കണോ എന്ന ചോദ്യത്തിനു ‘വേണ്ട’ എന്നു സദസ്സിന്റെ മറുപടി. അരവിന്ദ് കേജ്‌രിവാളിന്റെ സന്ദേശം അവർ ചടങ്ങിൽ വായിച്ചു. ഇന്ത്യാസഖ്യം അധികാരത്തിലെത്തിയാൽ മികച്ച സ്കൂളുകളും ആശുപത്രികളും നിർമിക്കുന്നതുൾപ്പെടെയുള്ള 6 വാഗ്ദാനങ്ങളാണ് അദ്ദേഹം നൽകിയത്– രാജ്യം മുഴുവൻ 24 മണിക്കൂറും വൈദ്യുതി, പാവപ്പെട്ടവർക്കു സൗജന്യ വൈദ്യുതി, എല്ലാ ഗ്രാമങ്ങളിലും സർക്കാർ വിദ്യാലയങ്ങൾ, എല്ലാ പ്രദേശത്തും ക്ലിനിക്കുകളും ജില്ലകളിൽ മൾട്ടി സ്പെഷ്യൽറ്റി ആശുപത്രികളും, വിളകൾക്കു മിനിമം താങ്ങുവില, ഡൽഹിക്കു പൂർണ സംസ്ഥാന പദവി. ഈ വാഗ്ദാനങ്ങൾ അടുത്ത 5 വർഷം കൊണ്ടു നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. തനിക്കു വോട്ടു ചെയ്യാനല്ല ആവശ്യപ്പെടുന്നതെന്നും പുതിയ ഇന്ത്യയ്ക്കു വേണ്ടി വോട്ടു ചെയ്യാനാണു താൻ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന നൽകുന്ന ഉറപ്പുകളാണു ബിജെപിയും എൻഡിഎയും തകർത്തതെന്നു കൽപന സോറൻ കുറ്റപ്പെടുത്തി.  ജനങ്ങൾ ഏതു പാർട്ടിയെക്കാളും വലുതാണ്. ജനാധിപത്യം സംരക്ഷിക്കാൻ അവർ അണിനിരക്കും’– കൽപന പറഞ്ഞു.

ഒരേയൊരു ലക്ഷ്യം: പ്രതിപക്ഷ ഐക്യം

 
∙ മല്ലികാർജുൻ ഖർഗെ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ ആശയങ്ങളെയും പുറത്താക്കുന്നതു വരെ നമ്മുടെ രാജ്യത്തിന് അഭിവൃദ്ധിയുണ്ടാകില്ല. നാനാത്വത്തിലെ ഏകത്വമാണ് ഈ വേദിയിൽ കാണുന്നത്. പ്രതിപക്ഷ ഐക്യം എന്ന ഒരു ലക്ഷ്യം മാത്രമാണ് ഈ സമ്മേളനത്തിനുള്ളത്.

∙ തേജസ്വി യാദവ്: ഇ.ഡി, സിബിഐ, ഐടി ഇതെല്ലാം ബിജെപിയുടെ സെല്ലുകളാണ്. ലാലുജിയെ പലതവണ അവർ ദ്രോഹിച്ചു. എനിക്കെതിരെയും അമ്മയ്ക്കെതിരെയും സഹോദരിമാർക്കെതിരെയും സഹോദരീഭർത്താവിനെതിരെയും കേസുകളുണ്ട്. എന്നാൽ ഞങ്ങൾക്ക് പേടിയില്ല. ഞങ്ങൾ യുദ്ധം ചെയ്യുക തന്നെ ചെയ്യും. 

∙ അഖിലേഷ് യാദവ്: നിങ്ങൾ 400 കടക്കുമെന്ന് ഉറപ്പാക്കണമെങ്കിൽ പിന്നെന്തിനാണു എഎപി നേതാക്കളെ പേടിക്കുന്നത്? രാജ്യത്തെ എല്ലാവർക്കും അറിയാം ഇ.ഡിയെയും സിബിഐയെയും ഉപയോഗിച്ചു നിങ്ങൾ പണം സ്വന്തമാക്കുന്നു എന്ന കാര്യം. 

∙ സീതാറാം യച്ചൂരി: അഴിമതിയിൽ നിന്നും ഏകാധിപത്യത്തിൽ നിന്നും സ്വാതന്ത്ര്യം നേടണമെങ്കിൽ മതനിരപേക്ഷമായ ഇന്ത്യാസഖ്യത്തെ പിന്തുണയ്ക്കണം. 

∙ ഡി.രാജ: ഫാഷിസ്റ്റ് അജൻഡകളോടെ നമ്മുടെ ഭരിക്കാൻ അനുവദിക്കാനാവില്ല. രാജ്യത്തെ അതിൽ നിന്നു  രക്ഷിക്കേണ്ടതുണ്ട്.

പ്രിയങ്ക ഗാന്ധി: ഇന്ന് അധികാരത്തിലുള്ളവർ രാമഭക്തർ എന്നു സ്വയം വിശേഷിപ്പിക്കുന്നു. ശ്രീരാമൻ സത്യത്തിനായി പോരാടിയപ്പോൾ അദ്ദേഹത്തിനു ശക്തിയോ സന്നാഹങ്ങളോ ഇല്ലായിരുന്നു. സത്യം, പ്രതീക്ഷ, വിശ്വാസം, സ്നേഹം, ദയ, വിനയം, ക്ഷമ, ധൈര്യം എന്നിവയുണ്ടായിരുന്നു. അധികാരം ശാശ്വതമല്ല എന്നതാണു ശ്രീരാമന്റെ സന്ദേശമെന്ന്  പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അധികാരത്തിലിരിക്കുന്നവരെയും ഓർമിപ്പിക്കുന്നു. 

English Summary:

Sunita Kejriwal and Kalpana Soren meet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com