അഡ്വാനിക്ക് രാഷ്ട്രപതി ഭാരതരത്ന സമ്മാനിക്കുമ്പോൾ മോദി എഴുന്നേറ്റു നിന്നില്ല; അനാദരവെന്ന് പ്രതിപക്ഷം
Mail This Article
ന്യൂഡൽഹി ∙ മുൻ ഉപപ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എൽ.കെ. അഡ്വാനിക്ക് രാഷ്ട്രപതി ദ്രൗപദി മുർമു ഭാരതരത്ന പുരസ്കാരം സമർപ്പിക്കുന്ന വേളയിൽ, ഇരിപ്പിടത്തിൽനിന്ന് എഴുന്നേൽക്കാതിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് പ്രതിപക്ഷം രംഗത്ത്. പ്രധാനമന്ത്രി എഴുന്നേറ്റു നിൽക്കണമായിരുന്നുവെന്നും രാഷ്ട്രപതിയോട് അങ്ങേയറ്റത്തെ അനാദരവാണ് കാണിച്ചതെന്നും കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
അഡ്വാനിക്ക് രാഷ്ട്രപതി പുരസ്കാരം സമർപ്പിക്കുന്ന ചിത്രം പങ്കുവച്ച് എക്സിലാണ് ജയറാം രമേശ് ഇക്കാര്യം വ്യക്തമാക്കിയത്. രാംലീല മൈതാനിയിൽ ഇന്ത്യ സഖ്യത്തിന്റെ റാലിയിൽ ആർജെഡി നേതാവ് തേജസ്വി യാദവും പ്രധാനമന്ത്രിയെ വിമർശിച്ചു. ബിജെപിക്ക് ഭരണഘടനയിൽ വിശ്വാസമില്ലെന്നും തേജസ്വി കുറ്റപ്പെടുത്തി.
ഞായറാഴ്ച അഡ്വാനിയുടെ ഡൽഹിയിലെ വസതിയിലെത്തിയാണ് രാഷ്ട്രപതി ഭാരതരത്ന സമ്മാനിച്ചത്. രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന സമർപ്പണ വേളയിൽ ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരും സന്നിഹിതരായിരുന്നു.