ജയിലിൽനിന്ന് ഭരണം: അഴിയല്ല, നക്ഷത്രമെണ്ണും; നിയമങ്ങൾ പൊളിച്ചെഴുതേണ്ടി വരും
Mail This Article
ന്യൂഡൽഹി ∙ അരവിന്ദ് കേജ്‌രിവാൾ തിഹാർ ജയിലിൽനിന്നു സംസ്ഥാനം ഭരിക്കുമെന്നാണ് ആം ആദ്മി പാർട്ടി (എഎപി) ആവർത്തിക്കുന്നത്. എന്നാൽ, ജയിലിൽനിന്നുള്ള ഭരണം ഏറെ ക്ലേശകരമാണെന്നും ജയിൽ നിയമങ്ങൾ പൊളിച്ചെഴുതേണ്ടി വരുമെന്നുമാണ് ഉദ്യോഗസ്ഥർ പറയുന്നത്. കേജ്‌രിവാൾ കൂടുതൽ കാലം ജയിലിൽ തുടരുന്ന സാഹചര്യമുണ്ടായാൽ പകരം മുഖ്യമന്ത്രിയെ കണ്ടെത്തേണ്ട ബാധ്യത എഎപിക്കുണ്ടാകും. അല്ലാത്തപക്ഷം ഭരണപ്രതിസന്ധിക്കു സാധ്യതയുണ്ടെന്നു വിദഗ്ധർ വിലയിരുത്തുന്നു.
കഴിഞ്ഞ മാസം 21ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്ത കേജ്‌രിവാൾ റിമാൻഡിലിരിക്കെ 24നു ജല വകുപ്പുമായി ബന്ധപ്പെട്ട ഉത്തരവു നൽകിയിരുന്നു. പിന്നീടും പല നിർദേശങ്ങൾ നൽകി.തിഹാറിൽ 16 ജയിലുകളുണ്ട്. എന്നാൽ, ഒരിടത്തും മുഖ്യമന്ത്രിക്കു പ്രവർത്തിക്കാനുള്ള സംവിധാനങ്ങളില്ല. ജയിലിൽ യോഗം ചേരാനോ ഫോണിൽ ആശയവിനിമയം നടത്താനോ സാധിക്കില്ല. ജയിലിലെ അന്തേവാസികൾക്ക് കുടുംബാംഗങ്ങളെ കാണാൻ അനുവാദമുണ്ട്. എല്ലാ ദിവസവും ഇത്തരം കൂടിക്കാഴ്ച സാധ്യമാണെങ്കിലും 5 മിനിറ്റ് മാത്രമാണ് ഓരോരുത്തർക്കും ലഭിക്കുക. എല്ലാ സംഭാഷണങ്ങളും റിക്കോർഡ് ചെയ്യും.
തിഹാറിനു പുറത്തുള്ള ഏതെങ്കിലും കെട്ടിടം ജയിലായി ലഫ്. ഗവർണർ പ്രഖ്യാപിക്കുകയും അവിടെ വീട്ടുതടങ്കലിൽ കഴിയാൻ അനുമതി ലഭിക്കുകയും ചെയ്താൽ മാത്രമേ കേജ്‌രിവാളിന് പ്രതിസന്ധികളില്ലാതെ ഭരണം തുടരാനാകൂ. കോടതി തീരുമാനം പ്രതികൂലമായാൽ കേജ്‌രിവാളിന്റെ ഭാര്യ സുനിത, മന്ത്രിമാരായ അതിഷി, സൗരഭ് ഭരദ്വാജ് തുടങ്ങിയവരിൽ ഒരാളെ മുഖ്യമന്ത്രിയാക്കുമെന്ന് അഭ്യൂഹമുണ്ട്.
ഇ.ഡി കസ്റ്റഡിയിലിരുന്ന് എങ്ങനെ ഭരിക്കും? ഹർജി തീർപ്പാക്കി
മദ്യനയക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഇ.ഡി കസ്റ്റഡിയിലിരിക്കെ മന്ത്രിമാർക്കു ഭരണനിർദേശങ്ങളും ഉത്തരവുകളും നൽകുന്നതെങ്ങനെയെന്നു ഡൽഹി ഹൈക്കോടതി. ഇക്കാര്യം നിലവിൽ കേസ് കൈകാര്യം ചെയ്യുന്ന പ്രത്യേക ജഡ്ജിയുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ നിർദേശം നൽകിയ ആക്ടിങ് ചീഫ് ജസ്റ്റിസ് മൻമോഹൻ അധ്യക്ഷനായ ബെഞ്ച് പൊതുതാൽപര്യ ഹർജി തീർപ്പാക്കി. ഇ.ഡി കസ്റ്റഡിയിലിരിക്കെ കേജ്‌രിവാൾ ഉത്തരവുകൾ നൽകുന്നതു തടയണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനായ സുർജിത് സിങ് യാദവ് ആണു ഹർജി നൽകിയത്.