മധ്യപ്രദേശ്: ഗോത്ര മേഖലകളിലേക്ക് ‘കൂറുമാറി’ ബിജെപി; കമൽനാഥിന്റെ തട്ടകത്തിലും
Mail This Article
ഭോപാൽ∙ മധ്യപ്രദേശിൽ 2019 ൽ സംസ്ഥാനത്തെ 29 മണ്ഡലങ്ങളിൽ 28 എണ്ണവും നേടിയ ബിജെപി ഇത്തവണ ലക്ഷ്യമിടുന്നത് മുഴുവൻ സീറ്റുകളും. ഇതിനായി കോൺഗ്രസിൽ നിന്നുള്ള കൂറുമാറ്റം നടത്തുന്ന തിരക്കിലാണ് പാർട്ടി. ഇതിനെച്ചൊല്ലി ഇരുപാർട്ടികളും വാക്പോരും മുറുകി.
കഴിഞ്ഞതവണ ബിജെപി പരാജയപ്പെട്ട ഏക മണ്ഡലമായ ചിന്ദ്വാഡയിലെ മേയർ വിക്രം അഹാക് ആണ് ഒടുവിൽ കോൺഗ്രസ് വിട്ടത്. ചിന്ദ്വാഡ ജില്ലയിലെ അമർവാദയിലെ നിയമസഭാംഗം കമലേഷ് പ്രതാപ് ഷായും കഴിഞ്ഞയാഴ്ച ബിജെപിയിൽ ചേർന്നിരുന്നു. ഗോത്രവിഭാഗത്തിൽ നിന്നുള്ള ആദ്യ മേയർ ആയ വിക്രം അഹാക് പോയത് കോൺഗ്രസിന് കനത്ത തിരിച്ചടിയാണ്.
മുൻ മുഖ്യമന്ത്രി കമൽനാഥിന്റെ തട്ടകം ആണ് ഇവിടം. കമൽനാഥ് 9 തവണ വിജയിച്ചിട്ടുള്ള ചിന്ദ്വാഡ മണ്ഡലത്തിൽ മകൻ നകുൽ നാഥ് ആണ് സിറ്റിങ് എംപി. ഇത്തവണയും നകുൽ നാഥ് മത്സരിക്കുന്നു. ഈ മാസം 19നാണ് ഇവിടെ വോട്ടെടുപ്പ്.
കഴിഞ്ഞവർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 230 അംഗ സഭയിൽ ബിജെപി 163 സീറ്റു നേടിയപ്പോൾ കോൺഗ്രസിന് 66 എണ്ണം മാത്രമാണ് ലഭിച്ചത്. എന്നാൽ 40.45% വോട്ട് നിലനിർത്താനായി. ബിജെപിക്ക് 48.62% ആണ് ലഭിച്ചത്. ആഞ്ഞുപിടിച്ചാൽ ബിജെപിയെ തടുത്തുനിർത്താൻ കഴിയുമെന്ന് കോൺഗ്രസിന് പ്രതീക്ഷ നൽകുന്ന ഘടകം ഇതാണ്. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ 58% വോട്ട് ബിജെപിക്ക് ആയിരുന്നു. കോൺഗ്രസിന് 34.5% മാത്രമാണ് ലഭിച്ചത്. യുവ നേതാക്കളുടെ അഭാവമാണ് പാർട്ടിയെ തളർത്തുന്നത്.
നിർണായകം ആദിവാസി വോട്ട്
കോൺഗ്രസിന്റെ ശക്തികേന്ദ്രമായ ഗോത്ര, ആദിവാസി മേഖലയിലേക്ക് ബിജെപിക്ക് കടന്നുകയറാൻ കഴിഞ്ഞിട്ടുണ്ട്. 2018 നിയമസഭാ തിരഞ്ഞെടുപ്പിൽ 82 സംവരണ മണ്ഡലങ്ങളിൽ 33 എണ്ണം മാത്രമായിരുന്നു ബിജെപിക്ക് ലഭിച്ചത്. അതേസമയം 2023ലെ തിരഞ്ഞെടുപ്പിൽ അത് 50 ആയി ഉയർത്താൻ കഴിഞ്ഞു. ഇത്തവണ 47 എസ്ടി മണ്ഡലങ്ങളിൽ 27 എണ്ണവും ബിജെപിക്ക് ആണ് ലഭിച്ചത്.
മഹാകൗശൽ, മൽവ– നിമർ മേഖലകളിൽ കടന്നുകയറാൻ പാർട്ടിക്ക് സാധിച്ചു. ഈ തിരിച്ചടി മനസിലാക്കിയിട്ടാണ് കഴിഞ്ഞ 12ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ട്രൈബൽ മാനിഫെസ്റ്റോ പുറത്തിറക്കിയത്. ഗോത്രവിഭാഗങ്ങളിൽ നിന്ന് മികച്ച നേതാക്കളില്ലെന്നതാണ് ബിജെപിയെ അലട്ടുന്ന കാര്യം. ഇതു പരിഹരിക്കാനാണ് കോൺഗ്രസ് നേതാക്കളെ കൂറുമാറ്റുന്നത്.