സികാർ: സിപിഎമ്മിനെ കൈവിടാതെ കോൺഗ്രസ്; മത്സരിക്കാൻ ജനപ്രിയ നേതാവ് ആംരാ റാം ചൗധരി
Mail This Article
ന്യൂഡൽഹി ∙ കണ്ണൂർ പിണറായിയിലെ പാറപ്രം പോലെയാണു രാജസ്ഥാനിലെ സികാർ. കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി രൂപീകൃതമായതു പാറപ്രത്താണെങ്കിൽ, സികാർ കൃഷിയിടങ്ങളിലെ സമരപോരാട്ടങ്ങളാണ് രാജസ്ഥാനിൽ പാർട്ടിക്കു ജീവവായു പകർന്നത്. സികാറിന്റെ പച്ചപ്പുകൊണ്ടാണ് രാജസ്ഥാനിൽ സിപിഎം ഇന്നു പിടിച്ചുനിൽക്കുന്നത്. അവിടെ ലോക്സഭാ സീറ്റിൽ സിപിഎം മത്സരിക്കുന്നതാകട്ടെ കോൺഗ്രസ് പിന്തുണയോടെയും. 4 തവണ എംഎൽഎയായിരുന്ന ജനപ്രിയ നേതാവ് ആംരാ റാം ചൗധരി സ്ഥാനാർഥിയാകുകയും ചെയ്യുമ്പോൾ സിപിഎമ്മിന് ഇത് അഭിമാനപോരാട്ടം.
ഭരണം നഷ്ടപ്പെട്ടെങ്കിലും ബിജെപിയുമായി 2.14% വോട്ടുവ്യത്യാസം മാത്രമുള്ള രാജസ്ഥാനിൽ കോൺഗ്രസ് എന്തിനു മണ്ഡലം സിപിഎമ്മിനു വിട്ടുകൊടുത്തു ? അതും സികാർ ജില്ലയിലെ എട്ടു നിയമസഭാ സീറ്റിൽ അഞ്ചിടത്തും ജയിച്ചത് കോൺഗ്രസായിട്ടും. പിസിസി അധ്യക്ഷൻ ഗോവിന്ദ് സിങ് ദോത്താസരെയുടെ തട്ടകം കൂടിയായ സികാറിൽ ‘ഇന്ത്യാസഖ്യത്തെ’ക്കുറിച്ചു നേതാക്കൾ വാചാലരാകുമെങ്കിലും സാധാരണ പ്രവർത്തകർക്ക് ഇതു ദഹിച്ചമട്ടില്ല.
പ്രവർത്തകരെ അനുനയിപ്പിക്കാൻ കോൺഗ്രസ് നേതാക്കൾ മുന്നിട്ടിറങ്ങുന്നു. കോൺഗ്രസുകാർ തിങ്ങിനിറഞ്ഞ വേദിയിൽ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ടിനെ സാക്ഷിയാക്കി കഴിഞ്ഞദിവസം ദോത്താസരെ പ്രസംഗിച്ചു: ‘ആംരാ റാം ജി ഡൽഹിക്കു പോകും, ചെങ്കൊടിയും ത്രിവർണ പതാകയും ഒന്നിച്ചുപാറിക്കും’. ജാട്ട് പഞ്ചായത്തുകളിലൂടെയാണ് സികാറിൽ കർഷകർ സംഘടിച്ചത്. അതുകൊണ്ടു കർഷകരിലൂടെ വളർന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് ജാട്ട് നേതാക്കളുമായും അടുപ്പം.
സികാറിന്റെ പരിധിയിൽപെടുന്ന ദത്താ–രാംഗഡ് നിയമസഭാ മണ്ഡലത്തിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആംരാ റാം 20,000 വോട്ടുപിടിച്ചു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ 2009 ൽ മാത്രമാണു കോൺഗ്രസ് ഇവിടെ ജയിച്ചത്. അന്നു ബിജെപിയുടെ അന്തകനായത് 1.61 ലക്ഷം വോട്ടുപിടിച്ച ആംരാ റാമായിരുന്നു.
അത്തരമൊരു പ്രകടനവും 35 ശതമാനത്തിലധികം വോട്ടിന്റെ സ്ഥിരനിക്ഷേപമുള്ള കോൺഗ്രസിന്റെ പിന്തുണയും കൂടിയാകുമ്പോൾ അരക്കൈ നോക്കാമെന്നാണു സിപിഎമ്മിന്റെ കണക്കുകൂട്ടൽ. അതൊട്ടും എളുപ്പമല്ലെന്നതു വേറെ കാര്യം. കഴിഞ്ഞതവണ 58% ആയിരുന്നു ബിജെപിയുടെ വോട്ടുവിഹിതം. കഴിഞ്ഞ 2 ലോക്സഭാ തിരഞ്ഞെടുപ്പുകളിലും 2 ലക്ഷത്തിൽപരം വോട്ടുകൾക്കു വിജയിച്ച സ്വാമി സുമേധാനന്ദ സരസ്വതി തന്നെയാണ് ഇത്തവണയും ബിജെപി സ്ഥാനാർഥി. എങ്കിലും ഇന്ത്യാസഖ്യത്തെ അവർ വിലകുറച്ചുകാണുന്നില്ല.