പ്രധാനമന്ത്രി സ്ഥാനാർഥി: വിട്ടുപറയാതെ കോൺഗ്രസ്; രാഹുൽ, ഒപ്പം ഖർഗെയും
Mail This Article
ന്യൂഡൽഹി ∙ ആരാകും പ്രധാനമന്ത്രി സ്ഥാനാർഥിയെന്ന ചോദ്യം കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കിയ വേദിയിൽ ഉയർന്നപ്പോൾ തിരഞ്ഞെടുപ്പു ജയിച്ച ശേഷമേ തീരുമാനമുള്ളൂ എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ മറുപടി. ഇന്ത്യാസഖ്യം ഒന്നിച്ചെടുക്കുന്ന തീരുമാനമാകും അതെന്നും രാഹുൽ പറഞ്ഞു. അതേസമയം, പാർട്ടി പ്രകടനപത്രികയുടെ കവർചിത്രം മുതൽ പ്രകാശനച്ചടങ്ങു വരെ എല്ലാറ്റിലും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്കൊപ്പം രാഹുൽ നിറഞ്ഞുനിൽക്കുകയും ചെയ്തു.
പ്രകാശനവേദിയിൽ സോണിയ ഉണ്ടായിരുന്നെങ്കിലും വേദിയിൽ സ്ഥാപിച്ചിരുന്ന ബാനറിൽ രാഹുലിന്റെയും ഖർഗെയുടെയും ചിത്രങ്ങളേ ഉണ്ടായിരുന്നുള്ളൂ. പ്രകടപത്രികയുടെ കവർചിത്രത്തിലും ഇരുവരുടെയും ചിത്രം മാത്രം. മുൻ അധ്യക്ഷനെന്ന നിലയിലാണ് രാഹുലിനെ ഉൾപ്പെടുത്തിയതെങ്കിൽ, മുൻ അധ്യക്ഷയായ സോണിയ ഗാന്ധിക്കും അതു ബാധകമാകേണ്ടതായിരുന്നു. സോണിയയ്ക്കു പുറമേ മൻമോഹൻ സിങ്ങിന്റെ ചിത്രവും ഉള്ളിലേക്കു മാറി.
2004 ലെ പ്രകടനപത്രികയുടെ കവർചിത്രത്തിലെ ഏകനേതാവ് സോണിയ ആയിരുന്നു. ‘ഇന്ത്യ തിളങ്ങുന്നു’വെന്നു പറഞ്ഞ ബിജെപിക്കു മറുപടിയായി ഗ്രാമീണരോടു സംവദിക്കുന്ന സോണിയ. എന്നാൽ ഭരണം കിട്ടിയപ്പോൾ മൻമോഹൻ സിങ്ങിനെയാണ് പ്രധാനമന്ത്രിയാക്കിയതെന്ന വസ്തുതയുമുണ്ട്. സോണിയയും മൻമോഹനും പുഞ്ചിരിയോടെ നിൽക്കുന്നതായിരുന്നു 2009 ലെ പ്രകടനപത്രികയുടെ മുഖചിത്രം. ഇക്കുറി മുഖചിത്രത്തിലുള്ള ഖർഗെയ്ക്കും അതുകൊണ്ടുതന്നെ പ്രസക്തിയേറെയാണ്.
മാറ്റത്തിനുള്ള ആഹ്വാനം, വീണ്ടും
കഴിഞ്ഞ 5 തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് പ്രകടനപത്രികയിലെ മുദ്രാവാക്യങ്ങൾ:
2004: മാറ്റത്തിനുള്ള സമയമായി, കോൺഗ്രസിനൊപ്പം പുരോഗതി.
2009: സാധാരണക്കാരുടെ മുന്നോട്ടുള്ള ചുവട്, ഓരോ ചുവടിലും സുശക്തഭാരതം
2014: നിങ്ങളുടെ ശബ്ദം, ഞങ്ങളുടെ ഉറപ്പ്
2019: കോൺഗ്രസ് പറഞ്ഞത് പാലിക്കും
2024: കഷ്ടകാലം മാറ്റും കൈപ്പത്തി
കോൺഗ്രസ് പ്രകടനപത്രിക: പരിഹസിച്ച് മോദി, ബിജെപി
ന്യൂഡൽഹി ∙ കോൺഗ്രസിന്റെ പ്രകടന പത്രികയിൽ സ്വാതന്ത്ര്യ സമര കാലത്തെ മുസ്‌ലിംലീഗിന്റെ വിഭജന അജൻഡയാണു പ്രതിഫലിക്കുന്നതെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി കുറ്റപ്പെടുത്തി. കോൺഗ്രസ് പ്രകടന പത്രികയിൽ പരിസ്ഥിതി വിഭാഗത്തിൽ കൊടുത്തിരിക്കുന്നത് തായ്‌ലൻഡിലെയും യുഎസിലെയും ചിത്രങ്ങളാണെന്നും രാഹുൽഗാന്ധി ടൂർ പോകാനുദ്ദേശിക്കുന്ന സ്ഥലങ്ങളാണോ ഇവയെന്ന പരിഹാസവുമായി ബിജെപി ഐടി സെല്ലും പരിഹാസമുയർത്തി.
യുപിയിലെ സഹാറൻപുരിൽ ബിജെപി റാലിയിലാണു സ്വാതന്ത്ര്യ സമരകാലത്തെ മുസ്‌ലിംലീഗ് അജൻഡയാണ് കോൺഗ്രസ് പ്രകടനപത്രികയിലെന്ന് മോദി കുറ്റപ്പെടുത്തിയത്. മുസ്‌ലിംലീഗിന്റെ ആശയങ്ങളാണ് പ്രകടനപത്രികയിൽ ഒരു ഭാഗത്തെങ്കിൽ മറുഭാഗത്ത് ഇടതുപക്ഷത്തിന്റെ ആശയങ്ങളാണെന്നും മോദി പറഞ്ഞു.
ബിജെപി വക്താവ് സുധാംശു ത്രിവേദിയാണു പ്രകടനപത്രികയിൽ തായ്‌ലൻഡിലെ പാടങ്ങളുടെയും ന്യൂയോർക്കിലെ ബഫലോ നദിയുടെയും ചിത്രങ്ങളാണുള്ളതെന്ന് ആദ്യം കുറ്റപ്പെടുത്തിയത്. ഇന്നലെ ബിജെപിയുടെ ഐടി സെൽ മേധാവി അമിത് മാളവ്യ ചിത്രം തായ്‌ലൻഡിലേതാണെന്നു കാണിക്കുന്ന രേഖകൾ സഹിതം പരിഹാസം ആവർത്തിച്ചു.