‘ജയിലിനു മറുപടി വോട്ടിലൂടെ’, കേജ്‌രിവാളിന്റെ അറസ്റ്റും ജയിൽവാസവും പ്രചാരണ ആയുധമാക്കി എഎപി
Mail This Article
ന്യൂഡൽഹി∙ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റും ജയിൽവാസവും തിരഞ്ഞെടുപ്പിനു പ്രചാരണ ആയുധമാക്കി ആം ആദ്മി പാർട്ടി. ‘ജയിൽ കാ ജവാബ് വോട്ട് സെ’ (ജയിലിനു മറുപടി വോട്ടിലൂടെ) എന്ന മുദ്രാവാക്യം ഉയർത്തിയാണ് വീടുകൾ കയറിയുള്ള എഎപിയുടെ പ്രചാരണം. ന്യൂഡൽഹി, ഈസ്റ്റ് ഡൽഹി, സൗത്ത് ഡൽഹി, വെസ്റ്റ് ഡൽഹി മണ്ഡലങ്ങളിൽ പ്രചാരണം തുടങ്ങി. പാർട്ടി മത്സരിക്കുന്ന 4 മണ്ഡലങ്ങളിലും ഇതായിരിക്കും പ്രധാന മുദ്രാവാക്യമെന്ന് എഎപി ഡൽഹി കൺവീനർ ഗോപാൽ റായ് പറഞ്ഞു.
പാർട്ടി നേതാക്കളെ ജയിലിലടച്ചതിനുള്ള മറുപടി മറ്റൊരു തരത്തിലും നൽകേണ്ടതില്ല, വോട്ട് ചെയ്ത് ഏകാധിപത്യത്തെ പരാജയപ്പെടുത്തുക എന്നതാണ് ജനാധിപത്യത്തിനു ചേർന്ന രീതി– എഎപി ദേശീയ ജനറൽ സെക്രട്ടറിയും രാജ്യസഭ എംപിയുമായ സന്ദീപ് പാഠക് പറഞ്ഞു.
പോളിങ് ബൂത്തിലേക്കു പുറപ്പെടുന്നതിനു മുൻപു പ്രധാനമായി 4 കാര്യങ്ങൾ ഡൽഹിയിലെ ജനങ്ങൾ ഓർമിക്കണമെന്ന് രാജ്യസഭാ എംപി സഞ്ജയ് സിങ് പറഞ്ഞു.
എസി ക്ലാസ് മുറികളിലിരുന്നു പഠിക്കുന്ന മക്കളുടെ ക്ഷീണമേശാത്ത മുഖം, ഒരു കുറ്റവും ചെയ്യാതെ ജയിലിൽ കിടക്കുന്ന അരവിന്ദ് കേജ്‌രിവാളിന്റെ മുഖം, സർക്കാർ സംഘടിപ്പിച്ച തീർഥയാത്ര കഴിഞ്ഞു സംതൃപ്തിയോടെ മടങ്ങിയെത്തിയ മാതാപിതാക്കളുടെ മുഖം, വൈദ്യുതി ബില്ലിലെ പൂജ്യം എന്ന അക്കം– അദ്ദേഹം പറഞ്ഞു.