ഭീമ-കൊറേഗാവ് കേസ്: വീട്ടുതടങ്കലിന്റെ ചെലവും തടവുകാരൻ വഹിക്കണം: സുപ്രീം കോടതി
Mail This Article
ന്യൂഡൽഹി ∙ വീട്ടുതടങ്കലിൽ കഴിയാൻ ആവശ്യപ്പെടുന്നയാൾതന്നെ നിരീക്ഷണത്തിനാവശ്യമായ ചെലവു വഹിക്കണമെന്നു സുപ്രീം കോടതി വ്യക്തമാക്കി. ഭീമ-കൊറേഗാവ് കേസിൽ വീട്ടുതടങ്കലിൽ കഴിയുന്നതിനിടെ സ്ഥലം മാറാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു മനുഷ്യാവകാശ പ്രവർത്തകൻ ഗൗതം നവ്‌ലാഖ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
വീട്ടുതടങ്കൽ നിരീക്ഷണത്തിന്റെ ചെലവിനത്തിൽ 1.64 കോടി രൂപ അടയ്ക്കണമെന്നു നേരത്തേ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ആവശ്യപ്പെട്ടിരുന്നു. ഇതു നവ്‌ലാഖയുടെ അഭിഭാഷകൻ എതിർത്തിരുന്നു.
ഇന്നലെ കേസ് പരിഗണിച്ച ഘട്ടത്തിലാണു വീട്ടുതടങ്കൽ അസാധാരണനടപടിയാണെന്നും അതിനു വലിയ ചെലവുണ്ടെന്നും എൻഐഎ വാദിച്ചത്. തുടർന്നാണ്, വീട്ടുതടങ്കൽ ആവശ്യപ്പെട്ടയാൾ എന്ന നിലയിൽ അതിന്റെ ചെലവും വഹിക്കണമെന്നു കോടതി പ്രതികരിച്ചത്. ഹർജി 23നു മാറ്റി. 2018 ൽ അറസ്റ്റിലായ നവ്‌ലാഖയുടെ ആരോഗ്യസ്ഥിതി പരിഗണിച്ച കോടതി, 2022 ലാണു വീട്ടുതടങ്കലിലേക്കു മാറാൻ അനുവദിച്ചത്.