ADVERTISEMENT

കത്തുന്ന ചൂടാണ് നാഗ്പുരിൽ. എന്നാൽ, നിതിൻ ഗഡ്കരിയുടെ പ്രചാരണവാഹനത്തോടു ചേർന്നുനടന്നാൽ ചെറിയ വേനൽമഴയിൽ നീങ്ങുന്നതുപോലെയാണ്. ചൂടിനെ വെല്ലാൻ 20 സെക്കൻഡ് ഇടവേളയിൽ വെള്ളം സ്പ്രേ ചെയ്യുന്ന വിധത്തിലാണു വാഹനത്തിന്റെ രൂപകൽപന. കരയിലും കടലിലും റോഡ് നിർമിക്കുന്ന, ആകാശപ്പാതകളൊരുക്കുന്ന ‘ഹൈവേ മാൻ’ പ്രചാരണത്തിലും വേറിട്ട പാതയിലാണ്. മണ്ഡലത്തിൽ ഗഡ്കരി പോസ്റ്ററുകളും ബാനറുകളും വച്ചിട്ടില്ല. പാതയോരങ്ങളിൽ ഇടയ്ക്കു മോദിയുടെ കട്ടൗട്ടുകൾ മാത്രം.

എന്നാൽ, മോദിയുടെ പേരിനെക്കാൾ ബിജെപി സ്ഥാനാർഥിയുടെ പേരിനു മൂല്യമുള്ള രാജ്യത്തെ ഏക ലോക്സഭാ മണ്ഡലമായിരിക്കും നാഗ്പുർ. എവിടെ തിരിഞ്ഞാലും ഗഡ്കരിസ്പർശം കാണാം. റോഡിന്റെയും പാലത്തിന്റെയും മെട്രോയുടെയും വ്യവസായ പദ്ധതികളുടെയും രൂപത്തിൽ ജനഹൃദയത്തിലുണ്ട് അദ്ദേഹം. മണ്ഡലത്തിൽ കണ്ടുമുട്ടിയ പലരും ജീവിതപ്രതിസന്ധി വർധിച്ചെന്നു കുറ്റപ്പെടുത്തി ബിജെപിയെയും മോദിയെയും വിമർശിക്കുമ്പോഴും ‘ഗഡ്കരി സാബ് അച്ചാ ഹേ’ എന്നു ചൊല്ലുപോലെ ആവർത്തിക്കുന്നു.

‘2014 ൽ മോദിതരംഗത്തിലാണു ഗഡ്കരി ജയിച്ചത്. 2019 ൽ ആ തരംഗവും ഗഡ്കരിയുടെ വികസനവും വോട്ടായി. ഇത്തവണ നാഗ്പുരിൽ മോദിതരംഗം എത്രയുണ്ടെന്നു പറയാനാകില്ല. എന്നാൽ, ഗഡ്കരി വോട്ടർമാരുടെ ഹൃദയം കീഴടക്കിയിരിക്കുന്നു. പക്ഷേ, ജനങ്ങളുടെ ജീവിതദുരിതം ഏറിയിട്ടുണ്ട്. വിജയം ഉറപ്പെങ്കിലും മുൻകാലങ്ങളിലെ ഭൂരിപക്ഷം (2014 ൽ 2.84 ലക്ഷം, 2019 ൽ 2.16 ലക്ഷം) ഗഡ്കരിക്ക് ഉണ്ടാകുമോയെന്നതിൽ സംശയമുണ്ട്’– രാഷ്ട്രീയനിരീക്ഷകൻ പവൻകുമാർ ഹർദിക്കർ പറഞ്ഞു.

നാഗ്പുർ വെസ്റ്റ് എംഎൽഎ വികാസ് താക്കറെയാണ് കോൺഗ്രസ് സ്ഥാനാർഥി. കോർപറേഷൻ പ്രതിപക്ഷനേതാവ്, മേയർ എന്നിങ്ങനെ ഉയർന്നുവന്ന നേതാവാണ്. നിലവിൽ കോൺഗ്രസ് സിറ്റി ഘടകം അധ്യക്ഷൻ. നാഗ്പുരിനു പുറത്ത് അത്ര പ്രശസ്തനല്ലെങ്കിലും അത്യാവശ്യത്തിനു വിളിച്ചാൽ ഏതു പാതിരാത്രിയിലും ഓടിയെത്തുന്നയാളെന്ന സൽപേരുണ്ട്.

കേന്ദ്രമന്ത്രിയായി ഡൽഹിയിലേക്കു മാറിയതോടെ ഗഡ്കരിയെ മണ്ഡലത്തിൽ കാണാൻ പോലും കിട്ടുന്നില്ലെന്ന് ആരോപണമുണ്ട്. അതിനിടെയാണ്, എന്റെ ‘കൈ’ പിടിക്കൂ, ഞാൻ എന്നും ഒപ്പമുണ്ടാകും എന്ന മുദ്രാവാക്യം വികാസ് താക്കറെ ഉയർത്തുന്നത്.

കോൺഗ്രസ് മണ്ഡലം

കഴിഞ്ഞ 16 പൊതുതിരഞ്ഞെടുപ്പുകളിൽ 3 തവണ മാത്രം ബിജെപി ജയിച്ച മണ്ഡലമാണ് നാഗ്പുർ. ആർഎസ്എസിന്റെ ആസ്ഥാനം നാഗ്പുരാണെങ്കിലും കോൺഗ്രസിന് ആഴത്തിൽ വേരുള്ള മണ്ഡലമാണിത്. കഴിഞ്ഞ 2 തിരഞ്ഞെടുപ്പുകളിൽ നഷ്ടപ്പെട്ട വോട്ടുകൾ ഇത്തവണ തിരിച്ചെത്തുമെന്നാണു കോൺഗ്രസിന്റെ പ്രതീക്ഷ. ആകെ വോട്ടർമാരിൽ 60% ദലിത്, മുസ്‌ലിം, ഒബിസി വിഭാഗക്കാരാണ്. പാർട്ടിയോടു പരമ്പരാഗതമായി ചേർന്നുനിൽക്കുന്നവർ.

സ്ഥാനാർഥി ഒബിസി വിഭാഗക്കാരനായതിനാൽ സമുദായത്തിന്റെ പിന്തുണ കൂടി ചേർത്തുവച്ചാൽ നേട്ടം ഉറപ്പാണെന്നു കോൺഗ്രസ് കണക്കുകൂട്ടുന്നു. ‘കോൺഗ്രസിന്റെ വോട്ട് ഭിന്നിപ്പിക്കാറുള്ള പ്രകാശ് അംബേദ്കറുടെയും അസദുദ്ദീൻ ഉവൈസിയുടെയും പാർട്ടികൾ നാഗ്പുരിൽ മത്സരിക്കുന്നില്ല. ശിവസേന ഉദ്ധവ് പക്ഷം, എൻസിപി ശരദ് പവാർ വിഭാഗം എന്നിവയുടെ പിന്തുണയും എനിക്കുണ്ട്’ – വികാസ് പറഞ്ഞു.

ഗഡ്കരി ‘മനോരമ’യോട്: 5 ലക്ഷം ഭൂരിപക്ഷം കിട്ടും; കേരളത്തിൽ മെച്ചപ്പെടും

രാഷ്ട്രീയവും വിവാദവിഷയങ്ങളുമൊഴികെ എന്തും ചോദിക്കാമെന്നു പറഞ്ഞാണ് ഗഡ്കരി സംസാരം തുടങ്ങിയത്. 

∙ ഹാട്രിക് വിജയം േതടിയിറങ്ങുന്ന താങ്കൾ ശക്തമായ മത്സരം നേരിടുന്നു എന്ന പ്രതീതിയുണ്ടല്ലോ.

അങ്ങനെ തോന്നിയിട്ടില്ല. 10 വർഷത്തിനിടെ ഒരു ലക്ഷം കോടി രൂപയുടെ പദ്ധതികളാണു നാഗ്പുർ മണ്ഡലത്തിൽ നടപ്പാക്കിയത്. ജനങ്ങളുടെ ജീവിതസാഹചര്യം മെച്ചപ്പെട്ടു. തൊഴിലവസരം കൂടി. ഇത്തവണ 5 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കും. േകന്ദ്രമന്ത്രിയായതോടെ നാഗ്പുരിലെ ജനങ്ങൾക്ക് എളുപ്പം കാണാൻ കിട്ടുന്നില്ലെന്ന് ആക്ഷേപത്തെക്കുറിച്ച്. അതു മറ്റുള്ളവർ പറയുന്നതല്ലേ. സർക്കാർ പദ്ധതികളിലൂടെയല്ലാതെ വിവിധ മേഖലകളിൽ ഒരു ലക്ഷം ആളുകളെയെങ്കിലും സഹായിച്ചു. 

∙ ബിജെപിഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽപോലും ഏറ്റവും സ്വീകാര്യതയുള്ള കേന്ദ്രമന്ത്രിയാണു താങ്കൾ.

ജാതി–മത–പാർട്ടി ഭേദമില്ലാതെയാണു ഞാൻ പ്രവർത്തിക്കുന്നത്. ഒരു മേഖലയെയും വേർതിരിച്ചു കാണാറില്ല. 

∙ ദക്ഷിണേന്ത്യയിൽ ബിജെപി വലിയ തോതിൽ പ്രചാരണം നടത്തുന്നു. എന്താണ് പ്രതീക്ഷ.

കൂടുതൽ സീറ്റുകൾ ഉറപ്പാണ്. തമിഴ്നാട്ടിലും കേരളത്തിലും മെച്ചപ്പെടും. (യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വീട്ടിലെത്തി. അദ്ദേഹത്തെ സ്വീകരിക്കാൻ ഗഡ്കരി നടന്നുനീങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദി നാഗ്പുരിൽ പ്രചാരണത്തിന് എത്തുന്നില്ലെന്നതും ശ്രദ്ധേയം)

English Summary:

Nitin Gadkari's loksabha election campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com