ആഭ്യന്തര റിപ്പോർട്ട്: വികസന അജൻഡ മാറ്റി ബിജെപി; രാമക്ഷേത്രം വീണ്ടും ചർച്ചയാക്കി മോദി
Mail This Article
ന്യൂഡൽഹി ∙ ഉത്തരേന്ത്യൻ മണ്ഡലങ്ങളിൽ ബിജെപി വീണ്ടും രാമക്ഷേത്രം പ്രചാരണ വിഷയമാക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവർ രാമക്ഷേത്ര വിഷയത്തിൽ കോൺഗ്രസ് എടുത്ത നിലപാടിനെ വിമർശിച്ച് രംഗത്തെത്തിയത് ഇതിന്റെ സൂചനയായാണ് കാണുന്നത്.
പ്രാണപ്രതിഷ്ഠയ്ക്കുളള ക്ഷണം നിരസിക്കുക വഴി കോൺഗ്രസ് ശ്രീരാമനെ അപമാനിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പിലിബിത്തിൽ കഴിഞ്ഞദിവസം നടന്ന തിരഞ്ഞെടുപ്പു റാലിയിൽ കുറ്റപ്പെടുത്തി. വരുൺ ഗാന്ധിക്കു പകരം മുൻ കോൺഗ്രസ് നേതാവും യുപി മന്ത്രിയുമായ ജിതിൻ പ്രസാദയെ ബിജെപി മത്സരിപ്പിക്കുന്ന മണ്ഡലമാണ് പിലിബിത്ത്.
രാമക്ഷേത്രം നിർമിക്കാതിരിക്കാൻ കോൺഗ്രസ് പല തരത്തിൽ ശ്രമിച്ചു. ചടങ്ങിൽ പങ്കെടുത്ത നേതാക്കളെ 6 വർഷത്തേക്ക് പുറത്താക്കി. എന്തിനാണ് ഇത്ര വിഷം മനസ്സിൽ കൊണ്ടു നടക്കുന്നത് എന്നറിയില്ല. ഇന്ത്യ മുന്നണിയും സമാജ്‌വാദി പാർട്ടി– കോൺഗ്രസ് സഖ്യവും ഇന്ത്യയുടെ പാരമ്പര്യത്തെ ഗൗനിക്കുന്നില്ല. രാമനെ ആരാധിക്കുന്നവരെ പുറത്താക്കുന്ന പാർട്ടി, എന്തു തരം പാർട്ടിയാണ്? ഇത്തരം പാപം ചെയ്യുന്നവരെ മറക്കരുത്– മോദി പറഞ്ഞു.
അയോധ്യയിലെ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട ആവേശം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്നില്ലെന്നായിരുന്നു ബിജെപിയുടെ ആഭ്യന്തര റിപ്പോർട്ടുകളിൽ പലതിലും ചൂണ്ടിക്കാണിച്ചിരുന്നത്. തുടർന്ന് 2047 ലെ വികസിത ഇന്ത്യയിൽ ഊന്നിയുള്ള പ്രചാരണത്തിലേക്ക് പാർട്ടി തിരിഞ്ഞിരുന്നു.
എന്നാൽ, ആദ്യഘട്ട തിരഞ്ഞെടുപ്പ് അടുത്തതോടെ രാമക്ഷേത്രവും ഹിന്ദു– മുസ്‍ലിം വിഷയങ്ങളും തന്നെ വീണ്ടും അജൻഡയാക്കാനൊരുങ്ങുകയാണ് പാർട്ടിയെന്ന് സൂചിപ്പിക്കുന്നതാണ് പ്രസംഗങ്ങളും പ്രചാരണവും.
കോൺഗ്രസ് ന്യൂനപക്ഷ പ്രീണനം നടത്തുകയും ഭൂരിപക്ഷ സമുദായത്തെ അവഗണിക്കുകയുമാണെന്ന് പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയും കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു.
ബിജെപിയുടെ മീററ്റ് സ്ഥാനാർഥി അരുൺ ഗോവിൽ ശ്രീരാമന്റെ ചിത്രമുപയോഗിച്ച് പ്രചാരണം നടത്തുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ മതം ഉപയോഗിക്കുന്നതിനെതിരെയുള്ള വിലക്ക് ബിജെപി ലംഘിക്കുകയാണെന്ന് കോൺഗ്രസും സഖ്യകക്ഷികളും പരാതി ഉന്നയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പു കമ്മിഷൻ ഇതുവരെ പ്രതികരിച്ചിട്ടുമില്ല.