103 കോടിയുടെ ഇലക്ടറൽ ബോണ്ട് നിയമവിരുദ്ധമായി വാങ്ങി ഇരുപതോളം കമ്പനികൾ; സംഭാവന നൽകിയത് കമ്പനി നിയമം ലംഘിച്ച്
Mail This Article
ന്യൂഡൽഹി∙ പ്രവർത്തനമാരംഭിച്ച് 3 വർഷം പോലും തികയും മുൻപ് ഇരുപതോളം കമ്പനികൾ നിയമവിരുദ്ധമായി 103 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയതായി റിപ്പോർട്ട്. കമ്പനി നിയമം അനുസരിച്ച് 3 വർഷമാകാത്ത കമ്പനികൾക്ക് നേരിട്ടോ അല്ലാതെയോ രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകുന്നതിനു വിലക്കുണ്ട്. കടലാസുകമ്പനികൾ രാഷ്ട്രീയ സംഭാവന നൽകുന്നതു തടയാനാണിത്.
ഇതു ലംഘിച്ച് ഇരുപതോളം കമ്പനികൾ സംഭാവന നൽകിയെന്നാണ് റിപ്പോർട്ട്. ഈ ചട്ടം ലംഘിച്ചാൽ 6 മാസം വരെ തടവും സംഭാവന നൽകിയ തുകയുടെ 5 മടങ്ങ് വരെ പിഴയും ലഭിക്കാം. 2021 ഏപ്രിൽ മുതൽ 2023 ജൂലൈ വരെയാണ് ഈ കമ്പനികൾ ബോണ്ടുകൾ വാങ്ങിയത്. ഇതിൽ ബിആർഎസ് 31.5 കോടി രൂപയും ബിജെപി 26 കോടി രൂപയും പണമാക്കി മാറ്റിയെടുത്തിട്ടുണ്ട്. 20 കമ്പനികളിൽ അഞ്ചെണ്ണം പ്രവർത്തനം ആരംഭിച്ച് ഒരു വർഷമാകുന്നതിനു മുൻപാണു സംഭാവന നൽകിയത്.
20 കമ്പനികളിൽ 12 കമ്പനികൾ ബിആർഎസ് പ്രബലമായ ഹൈദരാബാദിലാണു പ്രവർത്തിക്കുന്നത്. ഈ 12 കമ്പനികൾ വാങ്ങിയ ബോണ്ടുകളിൽ 75 ശതമാനവും ബിആർഎസ് ആണ് പണമാക്കി മാറ്റിയത്. ഇതിൽ ടിഷാർക്സ് ഇൻഫ്ര ഡവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, ടിഷാർക്സ് ഓവർസീസ് എജ്യുക്കേഷൻ കൺസൽറ്റൻസി പ്രൈവറ്റ് ലിമിറ്റഡ് എന്നിവ പ്രവർത്തനമാരംഭിച്ച് വെറും 3 മാസമാകും മുൻപാണ് ബിആർഎസിന് 7.5 കോടി രൂപ സംഭാവന നൽകിയത്. ബാക്കിയുള്ളവ ബിജെപി, ടിഡിപി, കോൺഗ്രസ് എന്നിവയ്ക്കും ലഭിച്ചു.