നാഷനൽ ഹെറൾഡ്: കോണ്‍ഗ്രസിന് തിരിച്ചടി, ആസ്തി കണ്ടുകെട്ടിയത് ശരിവച്ചു
Mail This Article
ന്യൂഡൽഹി ∙ നാഷനൽ ഹെറൾഡ് കേസിൽ 751.91 കോടി രൂപയുടെ ആസ്തികൾ താൽക്കാലികമായി കണ്ടുകെട്ടിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടപടി പിഎംഎൽഎ അഡ്ജുഡിക്കേറ്റിങ് അതോറിറ്റി ശരിവച്ചു. സ്ഥിതി തുടരാമെന്നും കേസിലെ തീർപ്പിന് അനുസരിച്ചാകും കണ്ടുകെട്ടൽ അന്തിമമാക്കുന്നതെന്നും അതോറിറ്റി വ്യക്തമാക്കി. ലോക്സഭാ തിരഞ്ഞെടുപ്പുകാലത്ത് തീരുമാനം കോൺഗ്രസിനു തിരിച്ചടിയാണ്. കോൺഗ്രസ് മുൻ അധ്യക്ഷരായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയവർ കേസിലെ പ്രതിപ്പട്ടികയിലുണ്ട്. കേസിൽ വിശദമായ വാദം തുടങ്ങാനിരിക്കെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
കേസിൽ അന്വേഷണം നടക്കുന്ന ഘട്ടത്തിൽ ആസ്തി കണ്ടുകെട്ടാൻ കഴിഞ്ഞ നവംബർ 23നാണ് ഇ.ഡി ഡപ്യൂട്ടി ഡയറക്ടർ ഉത്തരവിട്ടത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമ പ്രകാരമുള്ള കണ്ടുകെട്ടൽ തുടരാമെന്നും അതോറിറ്റി വ്യക്തമാക്കി.
ഡൽഹിയിലെ ഹെറൾഡ് ഹൗസ് ഉൾപ്പെടെ അസോഷ്യേറ്റഡ് ജേണൽസ് ലിമിറ്റഡിന്റെ (എജെഎൽ) 661.69 കോടിയുടെ സ്ഥാവര ആസ്തിയും എജെഎലിന്റേതായി യങ് ഇന്ത്യൻ എന്ന കമ്പനിയുടെ പക്കലുള്ള 90.21 കോടിയുടെ ഓഹരിയുമാണ് കണ്ടുകെട്ടിയത്. മുംബൈയിലെ നാഷനൽ ഹെറൾഡ് കെട്ടിടവും ലക്നൗവിലെ നെഹ്റു ഭവനും കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നതായാണു സൂചന. എന്നാൽ, കേസ് ബിജെപി കെട്ടിച്ചമച്ചതെന്നാണ് കോൺഗ്രസിന്റെ നിലപാട്.